പത്തനംതിട്ട ഡിപ്പോയിൽ നിന്നും ബാംഗ്ലൂരിലേക്ക് അടുത്ത ആഴ്ച മുതൽ കെ.എസ്.ആർ.ടി.സി – സിഫ്റ്റ് എസി സെമി സ്ലീപ്പർ സർവീസ് സർവ്വീസ് ആരംഭിക്കും. ആറന്മുള എം.എൽ.എയും ആരോഗ്യ വകുപ്പ് മന്ത്രിയുമായ വീണാ ജോർജ്ജിന്റെ ഇടപെടലിനെ തുടർന്നാണ് പത്തനംതിട്ടയിൽ നിന്ന് ബാംഗ്ലൂരിലേക്ക് സെമി സ്ലീപ്പർ സർവീസ് ആരംഭിക്കുന്നതിന് തീരുമാനമായത്. വൈകിട്ട് 5.30 മണിക്കാണ് പത്തനംതിട്ടയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. കോട്ടയം, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴിയാണ് ബാംഗ്ലൂർ എത്തുക. രാത്രി 7.30 ക്കാണ് തിരികെ ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നത്. സംസ്ഥാന സർക്കാർ പുതിയതായി രൂപീകരിച്ച കെ.എസ്. ആർ.ടി.സി – സിഫ്റ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസി സെമി സ്ലീപ്പർ ബസ്.
ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലുടെയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. തൽക്കാൽ ടിക്കറ്റുകളും, അഡീഷണൽ സർവ്വീസ് ടിക്കറ്റുകളും ഓൺ ലൈൻ വഴി ലഭ്യമായിരിക്കും.
പത്തനംതിട്ടയിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് ഏറെ സഹായകരമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കെ എസ് ആർ ടി സി- സിഫ്റ്റ് ബസിൽ യാത്രക്കാർക്ക് മികച്ച നിലവാരത്തിലുള്ള യാത്രാനുഭവം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.