സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ(74) അന്തരിച്ചു

സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ അന്തരിച്ചു

സി.പി.ഐ.എം മുൻ കേന്ദ്ര കമ്മിറ്റിയം​ഗം എം.സി ജോസഫൈൻ (74) അന്തരിച്ചു. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കവേ ആരോ​ഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്നു.

ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ജോസഫൈൻ വിദ്യാർഥി–യുവജന–മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ലാണ് സി.പി.എം അംഗത്വം ലഭിച്ചത്. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസിൽ വെച്ച് ആരോ​ഗ്യ കാരണങ്ങളാലും പ്രായാധിക്യത്തെ തുടർന്നും അവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭ മണ്ഡലത്തിലേക്കും മത്സരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *