കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നി‍ര്‍ത്തി

കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നി‍ര്‍ത്തി

പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിടുന്നത് സംസ്ഥാന സ‍ര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഇനി മുതൽ കോവിഡ് അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല എന്നാണ് ഇന്ന് വൈകിട്ടോടെ ആരോഗ്യവകുപ്പ് അറിയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എല്ലാ ദിവസവും വൈകിട്ട് ആറ് മണിയോടെ വരുന്ന കൊവിഡ് കണക്കുകൾക്കായി കഴിഞ്ഞ മലയാളികൾ കാത്തിരിക്കുമായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനങ്ങളിലാണ് ഒരുപാട് കാലം പ്രതിദിന കൊവിഡ് കണക്കുകൾ പുറത്തു വിട്ടിരുന്നത്. പിന്നീട് അത് വാര്‍ത്താക്കുറിപ്പിലൂടെയായി. 2020 മെയിൽ സംസ്ഥാനത്തെ കൊവിഡ് കേസുകൾ പൂജ്യമായതും പിന്നീടുള്ള മാസങ്ങളിൽ അത് ഉയര്‍ന്ന് മൂന്നാം തരംഗത്തിൽ അരലക്ഷം വരെ ആവുന്നതും കേരളം കണ്ടു. എന്നാൽ മൂന്നാം തരംഗത്തിൽ കാര്യമായ മരണങ്ങളും ആശുപത്രി അഡ്മിഷനും ഇല്ലാതിരുന്നതും വാക്സീനേഷൻ രണ്ട് ഡോസ് പൂര്‍ത്തിയാക്കുകയും ചെയ്തതോടെ കൊവിഡിനൊപ്പം ജീവിക്കുക എന്ന നയത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയിട്ടുണ്ട്.

പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു. നിലവിൽ മാസ്ക് ധരിക്കുക എന്നതിനപ്പുറം കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലില്ല. കരുതൽ ഡോസ് വാക്സീനേഷന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകുക കൂടി ചെയ്തതിന് പിന്നാലെയാണ് പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കുന്നത്. വാക്സീനേഷൻ നൂറ് ശതമാനം ആയപ്പോൾ തന്നെ കൊവിഡ് പ്രതിദിന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *