അഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠന ക്ലാസ്

 

 

വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 17 വരെ അടൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലും ബി.ആര്‍.സി ഓഫീസിലുമായാണ് ബാലോത്സവം 2022 എന്ന പേരില്‍ അവധിക്കാല പഠന ക്ലാസ് നടത്തുന്നത്.

 

 

ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഇത്തരമൊരു ഉദ്യമം ആദ്യമായാണെന്നും പ്രമുഖരുമായി സംവാദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വേനല്‍ക്കാല ക്ലാസിലൂടെ അവസരം ലഭിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

 

വേനല്‍ അവധി മികച്ചതാക്കുന്നതിന് വേണ്ടി നടത്തുന്ന പഠന ക്ലാസില്‍ എട്ടു മുതല്‍ 16 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രരചന, ഒറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രാഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ മേഖലകളില്‍ പ്രഗല്‍ഭരായ അധ്യാപകര്‍ പഠനക്ലാസുകള്‍ നയിക്കും. ഒരു കുട്ടിക്ക് മൂന്നു വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്ലാസുകളും ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെ പ്രമുഖരുമായുള്ള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍ ക്ലാസ് എന്നിവയും നടത്തും.

 

വിദ്യാര്‍ഥികള്‍ക്ക് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേണ്ടി കാക്കാരശി നാടകം, നാടക പരിശീലനം, വിനോദ യാത്രകള്‍ തുടങ്ങിയവയും ക്ലാസുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അപേക്ഷ ഫോറം പൂരിപ്പിച്ച് അടൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിലോ, സമീപത്തുള്ള ബി.ആര്‍.സി ഓഫിസിലോ ഈ മാസം 17 വരെ നല്‍കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്ലാസിന് 1500 രൂപയാണ് ഫീസ്. ഉച്ച ഭക്ഷണം കുട്ടികള്‍ കൊണ്ടുവരണം.

 

 

പഠനക്ലാസിനെക്കുറിച്ച് വിശദീകരിക്കുന്നതിന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എം.എസ്. ജോണ്‍, എഡിസി ജനറല്‍ കെ.കെ. വിമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645374919, 9400063953, 9447151132, 9497817585, 9495903296 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *