ജാഗ്രതാ പദ്ധതി:കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗല്‍ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ കോന്നി താലൂക്കിലെ 31 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍, വിലവിവര പട്ടിക പ്രദര്‍ശിപ്പാക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച ജാഗ്രതാ പദ്ധതിയുടെ തുടര്‍ച്ചയായാണ് പരിശോധന നടത്തിയത്.
മുന്‍ പരിശോധനയില്‍ ബോധവല്‍ക്കരണം നടത്തിയിട്ടും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പാക്കറ്റുകളില്‍ പായ്ക്കിംഗ് സ്ലിപ്പ് ഇല്ലാതെ വില്‍പ്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിന് 5000 രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശോധനയില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ മൃണാള്‍സെന്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ലിജോ പൊന്നച്ചന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഖാദര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ മനോജ് മാത്യു, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് റ്റി. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.