തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തിന്റേയും, സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റേയും, പഠിതാക്കളെ ആദരിക്കുന്നതിന്റേയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നില്‍ നടന്ന സാക്ഷരതാ യജ്ഞം ലോകത്തിന് മാതൃകയാണ്. ശക്തമായ സാക്ഷരതാ പ്രവര്‍ത്തനവുമായി ജില്ല മുന്‍പോട്ടു പോകും. സംസ്ഥാനം അഭിമാനകരമായ നേട്ടം കൈവരിച്ചതിന്റെ മുപ്പത്തി ഒന്നാം വാര്‍ഷികമാണ് നാം ആഘോഷിക്കുന്നത്. സാക്ഷരത നിലനിര്‍ത്താനും അക്ഷരം പഠിക്കുന്നതിലുപരി വിദ്യാഭ്യാസ നേട്ടം കൈവരിക്കാനും ആരംഭിച്ച തുടര്‍ സാക്ഷരതാ പരിപാടി ജില്ലയില്‍ മികച്ച രീതിയില്‍ നടക്കുന്നു. സംസ്ഥാന തലത്തില്‍ സാക്ഷരതയില്‍ രണ്ടാം സ്ഥാനത്താണ് പത്തനംതിട്ട ജില്ലയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്റെ സ്മരണയില്‍ സാക്ഷരതാ തുല്യതാ പഠിതാക്കളെ ആദരിച്ചു. കേരളം സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ മുപ്പത്തിയൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പഠിതാക്കളെ ആദരിച്ചത്.
മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളായ കെ. ഓമന, കല്യാണി, പ്രഭാഷിണി, ലീല എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കുകയും അവരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
2021 ല്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മല്ലപ്പള്ളി സിഎംഎസ് ഹയര്‍ സെക്കന്‍ഡറി പഠനകേന്ദ്രത്തിലെ പഠിതാവ് എ. അമ്പിളി, 2021 പത്താംതരം തുല്യതാ പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ട്രാന്‍സ്ജന്‍ഡര്‍ പഠിതാവ് ശിഖാ നാരായണി എന്നിവരെ ജില്ലാ കളക്ടര്‍ അനുമോദിച്ചു.
സാക്ഷരതാ പ്രസ്ഥാനം സംഭാവന ചെയ്ത മാനവിക മൂല്യങ്ങള്‍ നാടിന്റെ പുരോഗതിക്ക് മുതല്‍ക്കൂട്ടാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി. അനില്‍, അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വൈ. സജീന, പഠിതാക്കള്‍, പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് പഠിതാക്കളുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കലും പാട്ടും നടന്നു. ഏപ്രില്‍ 25 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളെ ആദരിക്കലും നടക്കും.