2043 വ്യാപാര സ്ഥാപനങ്ങളിലും 50 ഇന്ധന പമ്പുകളിലും പരിശോധന

2043 വ്യാപാര സ്ഥാപനങ്ങളിലും 50 ഇന്ധന പമ്പുകളിലും പരിശോധന

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചുള്ള നൂറുദിനകര്‍മപരിപാടിയുടെ ഭാഗമായുള്ള ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ ഊര്‍ജിതമായി തുടരുന്നു. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ജാഗ്രത പദ്ധതിയോട് അനുബന്ധിച്ച് ജില്ലയിലെ 2043 വ്യാപാര സ്ഥാപനങ്ങളിലും ക്ഷമത പദ്ധതിയോട് അനുബന്ധിച്ച് 50 ഇന്ധന പമ്പുകളിലും ആദ്യഘട്ട പരിശോധനകള്‍ നടത്തി.

പരിശോധനകളില്‍ ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പരിഹരിക്കുവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനായുള്ള രണ്ടാംഘട്ട പരിശോധനകള്‍ ആരംഭിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ജില്ലയിലെ വിവിധ താലൂക്കുകളില്‍ നടത്തിയ പരിശോധനകളില്‍ നിര്‍ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ നാല് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 12000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

കച്ചവട സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുന്ന ജാഗ്രത പദ്ധതിയും ഇന്ധന വിതരണ പമ്പുകളിലെ കൃത്യത ഉറപ്പുവരുത്തുന്ന ക്ഷമത പദ്ധതിയും ലോക ഉപഭോക്തൃ അവകാശദിനമായ മാര്‍ച്ച് 15 മുതലാണ് ആരംഭിച്ചത്. പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരുമെന്ന് പത്തനംതിട്ട ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *