പത്തനംതിട്ട : തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് തുടക്കമായി

    പത്തനംതിട്ട നഗരത്തിലെ ജല നിർഗമന മാർഗങ്ങളിലെ തടസ്സങ്ങൾ നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പദ്ധതി രണ്ടാം വാർഡിലെ അഞ്ചക്കാലയിൽ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് അച്ചൻകോവിലാർ. നഗരസഭാ പ്രദേശത്തെ അച്ചൻകോവിലാറിന്റെ ഭാഗങ്ങളും ആറ്റിലേക്ക് എത്തിച്ചേരുന്ന തോടുകളും ശുദ്ധീകരിക്കുന്ന പ്രവർത്തനങ്ങൾക്കാണ് കൗൺസിൽ രൂപം നൽകിയിട്ടുള്ളത്. നഗരസഭയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കി മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളും തൊഴിലുറപ്പ് തൊഴിലാളികളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പത്തനംതിട്ട നഗരസഭയിലൂടെ കടന്നുപോകുന്ന അച്ചൻകോവിലറിന്റെ തീരപ്രദേശങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്യുന്നതിനോടൊപ്പം മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാന തോടുകളായ കോറ്റൻതോട്, കണ്ണങ്കര തോട്, കുമ്പഴ തോട്, ഞവര തോട് എന്നിവയയുൾപ്പെടെ ഏകദേശം പത്തു കിലോമീറ്ററിലധികം ദൂരം മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിക്കുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
വാർഡ് കൗൺസിലർ പി.കെ. അനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാമണിയമ്മ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷെമീർ.എസ്,  പ്രതിപക്ഷനേതാവ് കെ.ജാസിംകുട്ടി, കൗൺസിൽ അംഗങ്ങളായ  റോസ് ലിൻ സന്തോഷ്, അഡ്വ. റോഷൻ നായർ, ശോഭാ കെ മാത്യു, സിപിഐഎം സൗത്ത് എൽസി സെക്രട്ടറി എം. ജെ രവി,  ബ്രാഞ്ച് സെക്രട്ടറിമാരായ പി.കെ ജയപ്രകാശ്, അജി മാത്യു,  സിഡിഎസ് മിനി ഫിലിപ്പ്, എഡിഎസ് ചെയർപേഴ്സൺ ജോളി ആന്റണി, വൈ.എംസി.എ പ്രസിഡന്റ് ജോർജ് കുട്ടി ആശാപ്രവർത്തക രാജേശ്വരി, റോയി ജോൺ, സജിത നാസർ, സുമ.എസ്, അഞ്ജു.പി.കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *