സംസ്ഥാനത്തെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണം: മന്ത്രി പി. രാജീവ്

സംസ്ഥാനത്തെ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണം: മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് രൂപം കൊണ്ടിരിക്കുന്ന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം പൊതുബോധമായി മാറ്റാന്‍ കഴിയണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംരംഭകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പരിശീലനപരിപാടികളിലൂടെ കേരളത്തിലെ വ്യവസായ മേഖലയില്‍ മാറ്റം വരുത്തുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഓണ്‍ലൈനായി പരാതി കൈകാര്യം ചെയ്യുന്നതിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം മെയ് മാസത്തോടെ ആരംഭിക്കും. ഇതിനായി ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും രൂപീകരിക്കുന്ന കമ്മിറ്റികള്‍ എടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകള്‍ക്കും ബാധകമാണ്. പരാതിയിന്‍ മേലുള്ള തീരുമാനം 15 ദിവസത്തിനകം നടപ്പാക്കണം. 30 ദിവസത്തിനകം പരാതിയില്‍ തീര്‍പ്പുകല്‍പിക്കണം. തീരുമാനം നടപ്പാക്കിയില്ലെങ്കില്‍ അടുത്ത ദിവസം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴ അടയ്‌ക്കേണ്ടിവരും ഇത്രമാത്രം കരുത്തുള്ള സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. വിവരവകാശനിയമത്തിനു ശേഷം ഉദ്യോഗസ്ഥര്‍ക്ക് പിഴ ഈടാക്കുന്ന നിയമമാണ് വരാന്‍ പോകുന്നത്. സംവിധാനം ശരിയായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മന്ത്രിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും പരാതി കേട്ട് തീര്‍പ്പുകല്‍പിക്കേണ്ടി വരില്ല. ഭാവിയില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും ഉദ്യേഗസ്ഥര്‍ തെറ്റായി വ്യാഖ്യാ നിക്കുന്നതാണ് വ്യവസായ മേഖലയില്‍ പരാതി ഉണ്ടാകാനുള്ള കാരണം.

 

ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് സാധ്യത കൂടുതല്‍ ആണ്. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കേരള ബ്രാന്റ് പ്രചരിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിലും വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളില്‍ സംരംഭക മനോഭാവം ശക്തിപ്പെടുത്തുന്നതിന് 50 സംരംഭകത്വ വികസന ക്ലബുകളാണ് പത്തനംതിട്ടയില്‍ ഉള്ളത്. ജില്ലയിലെ വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കണം. തീര്‍ഥാടന ടൂറിസം, അതിന്റെ അനുബന്ധ സാധ്യതകള്‍, റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങി ജില്ലയില്‍ രൂപീകരിക്കാന്‍ കഴിയുന്ന വ്യവസായ സംരംഭത്തെക്കുറിച്ചും മന്ത്രി പറഞ്ഞു.

വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സ്‌പോട് റെജിസ്‌ട്രേഷനായി ലഭിച്ച 15 പരാതികള്‍ ഉള്‍പ്പെടെ 68 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. 17 എണ്ണം ഉടന്‍തന്നെ തീര്‍പ്പാക്കി. ഗവണ്‍മെന്റ് തലത്തില്‍ തീര്‍പ്പാക്കുന്നതിന് നാല് പരാതികളും മറ്റ് വകുപ്പുകളുമായും ബാങ്കുകളുമായി ബന്ധപ്പെട്ടതും ഉള്‍പ്പെടെ 32 പരാതികളും ലഭിച്ചു. വാണിജ്യ വ്യവസായ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, കിന്‍ഫ്രാ എം ഡി സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശ്വാസത്തോടെ വേണം ഫയല്‍ നോക്കാന്‍,ഉദ്യോഗസ്ഥരെ ശാസിച്ച് വ്യവസായ മന്ത്രി പി.രാജീവ്

 

ഫയലുകള്‍ ഓരോന്നും സംശയത്തോടെ അല്ല വിശ്വാസത്തോടെയാകണം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ്. മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ പരാതി കേള്‍ക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ശാസന.

അക്വാ ടൂറിസം പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കോയിപ്രം പഞ്ചായത്ത് പുല്ലാട് വടാത്ത് മാത്യു മാത്യു പണിത കെട്ടിടത്തിന് അനധികൃത നിര്‍മാണം എന്ന മുട്ടാന്യായം ചൂണ്ടിക്കാട്ടി നമ്പറും പെര്‍മിറ്റും നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് പരാതിയുമായി മാത്യു മന്ത്രിയെ കണ്ടത്.

ഭാവനയ്ക്ക് അനുസരിച്ചു അനധികൃതം എന്നു തീരുമാനിക്കാന്‍ ആകില്ലെന്നും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വ്യവസായങ്ങള്‍ തുടങ്ങുമ്പോള്‍ സംരംഭകര്‍ക്ക് വേണ്ട സഹായമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ വികസനത്തിനൊപ്പം നിന്ന ഏബ്രഹാമിന് മന്ത്രിയുടെ പൂര്‍ണ പിന്തുണ

 

കേരളത്തിന്റെ വികസനത്തിനൊപ്പം നിന്ന ഏബ്രഹാമിന് പൂര്‍ണ പിന്തുണ നല്‍കി മന്ത്രിയുടെ ഉത്തരവ്. പുനലൂര്‍- മൂവാറ്റുപുഴ റോഡ് വീതി കൂട്ടിയപ്പോഴാണ് റാന്നി അങ്ങാടി വലിയ കാലയില്‍ എബ്രഹാമിന്റെ തടിമില്‍ കെട്ടിടം പൊളിച്ചു മാറ്റിയത്. കെട്ടിടം പുതുതായി പണിത് തടിമില്ലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കെട്ടിടത്തിന്റെ നമ്പര്‍ ആവശ്യപ്പെട്ടെത്തിയ ഏബ്രഹാമിന് പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു. കെട്ടിടം പൂര്‍ത്തീകരിച്ചപ്പോള്‍ നിബന്ധനകള്‍ പ്രകാരമല്ല കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് ചൂണ്ടിക്കാട്ടി വിവിധ വകുപ്പ് അധികൃതര്‍ രംഗത്തെത്തുകയായിരുന്നു, ഇക്കാര്യം ഉന്നയിച്ചാണ്് കെട്ടിട നമ്പര്‍ നല്‍കാതിരുന്നത്. എന്നാല്‍ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ വ്യവസായ മന്ത്രി പി.രാജീവിനെ നേരില്‍ കണ്ട് പരാതി പറഞ്ഞ ഏബ്രഹാമിന് അനുകൂല നടപടിയായിരുന്നു മന്ത്രി എടുത്തത്.

ഉപജീവനമാര്‍ഗം തടയരുത്,രതീഷിന്റെ പരാതിയില്‍ മന്ത്രിയുടെ അടിയന്തിര ഇടപെടല്‍

മീറ്റ് ദ മിനിസ്റ്റര്‍ അദാലത്തില്‍ വ്യവസായ മന്ത്രി പി.രാജീവിനെ കാണാന്‍ കോന്നി മങ്ങാരം കുറത്തിയാട്ടു മുരപ്പേല്‍ രതീഷ് രാജ് വന്നത് ഉപജീവനമാര്‍ഗം നിലനിര്‍ത്താനുള്ള വഴി തേടി. രതീഷും ഭാര്യയും വീട്ടില്‍ തന്നെ അപ്പ് ഹോള്‍സ്റ്ററി, തയ്യല്‍ നാനോ സംരംഭത്തിലൂടെ നിര്‍മിക്കുന്ന സാധനങ്ങള്‍ വില്‍പന നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എന്നാല്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് എത്രയും വേഗം പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിന് എത്രയും വേഗം ക്ലിയറന്‍സ് നല്‍കണമെന്ന് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനോട് മന്ത്രി പി.രാജീവ് നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *