പത്തനംതിട്ട ജില്ലയിലും ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം

പത്തനംതിട്ട ജില്ലയിലും ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം

ജില്ലയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാ കുമാരി അറിയിച്ചു.

ചൂടുളളതും ഈര്‍പ്പമുളളതുമായ കാലാവസ്ഥയില്‍ പല കാരണങ്ങളാല്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെട്ട് സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് നിര്‍ജലീകരണം.

നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയര്‍പ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമായി മാറുകയും ചെയ്യുന്നു, വിശപ്പ് കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

നിര്‍ജലീകരണം ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദാഹം ഇല്ലെങ്കില്‍ പോലും ധാരാളം വെളളം കുടിക്കുക. ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെളളം, മോര്, നാരങ്ങാ വെളളം എന്നിവ ധാരാളമായി കുടിക്കുക. വെളളം ധാരാളം അടങ്ങിയിട്ടുളള പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെയുളള സമയം ഒഴിവാക്കി ജോലി സമയം ക്രമീകരിക്കുക.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ചായ, കോഫി തുടങ്ങിയ പാനീയങ്ങള്‍ പരിമിതമായി മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെളളം മാത്രം ഉപയോഗിക്കുക. വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയാണെങ്കില്‍ ആശുപത്രിയിലെത്തി ചികിത്സ തേടുക.

Leave a Reply

Your email address will not be published. Required fields are marked *