ഫിൻലൻഡ്,സ്വീഡൻ,ഐസ്‌ലൻഡ്,നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
ഫിൻലൻഡ്പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
രണ്ടാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയ്ക്കിടെ കോപ്പൻഹേഗനിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫിൻലൻഡ് പ്രധാനമന്ത്രി ശ്രീമതി സന്ന മരിനുമായി . ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
2021 മാർച്ച് 16-ന് നടന്ന ഉഭയകക്ഷി വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.
സുസ്ഥിരത, ഡിജിറ്റൽവൽക്കരണം, ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം തുടങ്ങിയ മേഖലകൾ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന തൂണുകളാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി , ക്വാണ്ടം കംപ്യൂട്ടിംഗ്, ഭാവി മൊബൈൽ സാങ്കേതികവിദ്യകൾ, ക്ലീൻ ടെക്നോളജികൾ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിനും ഇന്ത്യൻ വിപണി നൽകുന്ന വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി ഫിന്നിഷ് കമ്പനികളെ ക്ഷണിച്ചു, പ്രത്യേകിച്ച് ടെലികോം അടിസ്ഥാനസൗകര്യ രംഗത്തും ഡിജിറ്റൽ പരിവർത്തനങ്ങളിലും.
മേഖലാ , ആഗോള സംഭവവികാസങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനകളിലെ കൂടുതൽ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ശ്രീമതി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇന്ത്യയും സ്വീഡനും പൊതുവായ മൂല്യങ്ങളെ അടിസ്ഥാനമാക്കി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്നു; ശക്തമായ ബിസിനസ്സ്, നിക്ഷേപം, ഗവേഷണ-വികസന ബന്ധങ്ങൾ; ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും സമാനമായ സമീപനങ്ങളും. നവീനാശയം സാങ്കേതികവിദ്യ , നിക്ഷേപം, ഗവേഷണ -വികസന സഹകരണങ്ങൾ എന്നിവ ഈ ആധുനിക ബന്ധത്തിന്റെ അടിത്തറ നൽകുന്നു. 2018-ലെ ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ സ്വീഡൻ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും വിപുലമായ സംയുക്ത പ്രവർത്തന പദ്ധതി സ്വീകരിക്കുകയും സംയുക്ത നവീനാശയ പങ്കാളിത്തത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തി. ലീഡ് ഐടി സംരംഭം കൈവരിച്ച പുരോഗതിയിലും അവർ സംതൃപ്തി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഹരിതഗൃഹ വാതകം (ജി എച് ജി ) പുറംതള്ളുന്ന വ്യവസായങ്ങളെ കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് 2019 സെപ്റ്റംബറിൽ യുഎൻ കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ വ്യവസായ പരിവർത്തനം (ലീഡ്‌ഐടി) സംബന്ധിച്ച ഒരു ലീഡർഷിപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ഇന്ത്യ-സ്വീഡൻ സംയുക്ത ആഗോള സംരംഭമായിരുന്നു ഇത്. 16 രാജ്യങ്ങളും 19 കമ്പനികളുമായി അതിന്റെ അംഗത്വം ഇപ്പോൾ 35 ആയി ഉയർന്നു.
നവീകരണം, കാലാവസ്ഥാ സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവർത്തനം, ഹരിത ഹൈഡ്രജൻ, ബഹിരാകാശം, പ്രതിരോധം, സിവിൽ വ്യോമയാനാം, ആർട്ടിക്, ധ്രുവ ഗവേഷണം, സുസ്ഥിര ഖനനം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും ചർച്ച ചെയ്തു.
മേഖലാ , ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
ഐസ്‌ലൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഐസ്‌ലൻഡ് പ്രധാനമന്ത്രി ശ്രീമതി കാട്രിൻ ജേക്കബ്സ്‌ഡോട്ടിറുമായി ഉഭയകക്ഷി ചർച്ച നടത്തി.
2018 ഏപ്രിലിൽ സ്റ്റോക്ക്‌ഹോമിൽ നടന്ന ഒന്നാം ഇന്ത്യ-നോർഡിക് ഉച്ചകോടിക്കിടെ നടന്ന തങ്ങളുടെ ആദ്യ കൂടിക്കാഴ്ച ഇരു പ്രധാനമന്ത്രിമാരും ഊഷ്മളമായി അനുസ്മരിച്ചു. ഈ വർഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികം ആഘോഷിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി .
ജിയോതെർമൽ എനർജി, സമുദ്ര സമ്പദ്ഘടന , ആർട്ടിക്, പുനരുപയോഗ ഊർജം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം, ഡിജിറ്റൽ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. പ്രത്യേകിച്ച്, ജിയോതെർമൽ എനർജി, ഐസ്‌ലാൻഡിന് പ്രത്യേക വൈദഗ്ധ്യമുള്ള ഒരു മേഖലയാണ്, ഈ മേഖലയിൽ ഇരു രാജ്യങ്ങളിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണത്തിൽ ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി ജേക്കബ്സ്‌ദോത്തിറിന്റെ വ്യക്തിപരമായ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇക്കാര്യത്തിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളെ കുറിച്ച് അവരെ ധരിപ്പിക്കുകയും ചെയ്തു.
ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര ചർച്ചകൾ വേഗത്തിലാക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
മേഖലാ , ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
നോർവേ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോപ്പൻഹേഗനിൽ രണ്ടാം ഇന്ത്യ നോർഡിക് ഉച്ചകോടിയ്ക്കിടെ നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായി . 2021 ഒക്ടോബറിൽ പ്രധാനമന്ത്രി സ്റ്റോർ അധികാരമേറ്റതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധങ്ങളിലെ നിലവിലുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സഹകരണത്തിന്റെ ഭാവി മേഖലകളെക്കുറിച്ച് ചർച്ചയും നടത്തി. നോർവേയുടെ കഴിവുകളും ഇന്ത്യയുടെ വ്യാപ്തിയും സ്വാഭാവികമായ പരസ്പര പൂരകങ്ങൾ നൽകിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നീല സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗരോർജ്ജ, കാറ്റ് പദ്ധതികൾ, ഗ്രീൻ ഷിപ്പിംഗ്, ഫിഷറീസ്, ജല മാനേജ്‌മെന്റ്, മഴവെള്ള സംഭരണം, ബഹിരാകാശ സഹകരണം, ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപം, ആരോഗ്യം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
മേഖലാ ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു. യുഎൻഎസ്‌സിയിലെ അംഗങ്ങൾ എന്ന നിലയിൽ, ഇന്ത്യയും നോർവേയും പരസ്പര താൽപ്പര്യമുള്ള ആഗോള വിഷയങ്ങളിൽ യുഎന്നിൽ അന്യോന്യം ഇടപഴകാറുണ്ട് .
ഡെൻമാർക്കിലെ രാജ്ഞി മാർഗരേത്ത് II പ്രധാനമന്ത്രിയെ എതിരേറ്റു
കോപ്പൻഹേഗനിലെ ചരിത്രപ്രസിദ്ധമായ അമലിയൻബോർഗ് കൊട്ടാരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഡെൻമാർക്കിലെ രാജ്ഞി മാർഗരിത്ത് II സ്വീകരിച്ചു.
ഡെന്മാർക്കിന്റെ സിംഹാസനത്തിലേക്കുള്ള അവരുടെ സ്ഥാനാരോഹണ സുവർണ ജൂബിലി വേളയിൽ പ്രധാനമന്ത്രി രാജ്ഞിയെ ആദരിച്ചു.
അടുത്ത കാലത്തായി ഇന്ത്യ-ഡെൻമാർക്ക് ബന്ധങ്ങൾ, പ്രത്യേകിച്ച് ഹരിത തന്ത്രപ്രധാന കൂട്ടായ്മകളിൽ വർദ്ധിച്ചുവരുന്ന വേഗതയെക്കുറിച്ച് പ്രധാനമന്ത്രി അവരോട് വിശദീകരിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിൽ ഡാനിഷ് രാജകുടുംബത്തിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രധാനമന്ത്രി രാജ്ഞിയോട് നന്ദി പറഞ്ഞു.