മോട്ടോര്‍ വാഹന വകുപ്പിന്റെ സൈക്കിള്‍ സ്ലോ റേസില്‍ താരമായി ജില്ലാ കളക്ടര്‍
മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരിച്ച സ്റ്റാളിലാണ് വേഗത കുറയ്ക്കൂ അപകടം ഒഴിവാക്കൂ എന്ന സന്ദേശം പങ്ക് വച്ച് സന്ദര്‍ശകര്‍ക്കായി സൈക്കിള്‍ സ്ലോ റേസ് ഒരുക്കിയിരിക്കുന്നത്.
മേള സന്ദര്‍ശിച്ച് വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എത്തിയപ്പോഴാണ് ആര്‍ ടി ഒ എ കെ ദിലു സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുക്കാന്‍ കളക്ടറെ ക്ഷണിച്ചത്. യാതൊരു വിമുഖതയും കൂടാതെ ജില്ലാ കളക്ടര്‍ സൈക്കിളിലേക്ക് കയറിയപ്പോള്‍ കണ്ട് നിന്നവര്‍ക്കും അത് ഏറെ ആവേശമായി. നിറഞ്ഞ കൈയ്യടികളോടെയാണ് ജില്ലാ കളക്ടറെ സന്ദര്‍ശകര്‍ അഭിനന്ദിച്ചത്. മൂന്ന് മീറ്റര്‍ ദൂരം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക് ആണ് സമ്മാനം ലഭിക്കുക. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മോട്ടോര്‍ വാഹനവകുപ്പ് ഒരുക്കിയ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആവേശത്തോടെയാണ് പ്രദര്‍ശന നഗരിയിലേക്ക് എത്തുന്നത്. മേള അവസാനിക്കുന്ന ദിവസം ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാളില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ്. സൈക്കിള്‍ സ്ലോ റേസ് കൂടാതെ ഉത്തരം നല്‍കൂ, ഹെല്‍മെറ്റ് നേടൂ എന്ന സമ്മാന പദ്ധതിയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അവിടെ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതി അവിടെ സജ്ജീകരിച്ചിരിക്കുന്ന ബോക്‌സില്‍ നിക്ഷേപിക്കാം. എല്ലാ ദിവസവും രണ്ട് തവണ നറുക്കെടുപ്പ് ഉണ്ടാകും. ഹെല്‍മെറ്റ് ആണ് സമ്മാനമായി ലഭിക്കുക. കൂടാതെ, സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന സെല്‍ഫി പോയിന്റില്‍ നിന്ന് സെല്‍ഫി എടുത്ത് അവിടെ പ്രദശിപ്പിച്ചിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറില്‍ അയക്കാം. തിരഞ്ഞെടുക്കുന്ന സെല്‍ഫിക്ക് സമ്മാനം ഉണ്ടായിരിക്കും. കൂടാതെ, സ്റ്റാളില്‍ പഴയകാല കാറായ പ്രീമിയര്‍ പത്മിനിയുടെ എന്‍ജിന്‍ പ്രവര്‍ത്തനത്തിന്റെ ഡിസ്പ്ലേയും, റോഡ് സുരക്ഷയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റാള്‍ കൂടാതെ പ്രദര്‍ശന നഗരിയുടെ പ്രധാന പവലിയന് പുറത്തായി 1934 മോഡല്‍ ഓസ്റ്റിന്‍ , 1948 മോഡല്‍ മോറിസ് മൈനര്‍ എന്നീ വിന്റേജ് കാറുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് സെല്‍ഫിയെടുക്കാനുള്ള സൗകര്യവും സന്ദര്‍ശകര്‍ക്കുണ്ട്. കൂടാതെ, മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളും തല്‍സമയം ജനങ്ങള്‍ക്ക് സ്റ്റാളില്‍ ലഭ്യമാണ്.
ഇവിടെ എല്ലാം ലേഡീസ് ഒണ്‍ലി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് ഏറെ ശ്രദ്ധ നേടുന്നു. പാചകം മുതല്‍ ഭക്ഷണവിതരണത്തിന് വരെ സ്ത്രീകള്‍ ഒരുപടി മുന്നിട്ട് നില്‍ക്കുകയാണ് ഇവിടെ. മേളയിലെത്തുന്നവരെല്ലാം പുത്തന്‍ കാഴ്ചകള്‍ കൊണ്ട് മനസും കൈപ്പുണ്യം കൊണ്ട് വയറും നിറച്ചാണ് യാത്രയാകുന്നത്. ഭൂരിഭാഗം ആളുകള്‍ക്കും ഏറെ പ്രിയപ്പെട്ട ഇടം ഈ ഭക്ഷണശാല തന്നെയാണ്. കിളിക്കൂടിനും ഉന്നയ്ക്കക്കുമാണ് ഏറെ ആരാധകരുള്ളത്.
ഏകദേശം മുപ്പതോളം പേരാണ് അഞ്ച് കൗണ്ടറുകളിലായി ജോലി ചെയ്യുന്നത്. ജില്ലയിലെ തന്നെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകരാണ് സ്റ്റാളിലുള്ളത്. മലബാര്‍ രുചിക്കൂട്ടുകള്‍ തുടങ്ങി തെക്കിന്റെ തനത് രുചികള്‍ വരെ ആസ്വദിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. വിവിധ ചിക്കന്‍, ബീഫ്, മത്സ്യ വിഭവങ്ങള്‍, ബിരിയാണികള്‍, നാല് മണി പലഹാരങ്ങള്‍, വ്യത്യസ്ത തരം ജ്യൂസുകള്‍ എന്നിങ്ങനെ നാല്‍പ്പതില്‍പരം ഭക്ഷ്യവിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. ലൈവ് കിച്ചണും , ഫ്രീസര്‍ ഇല്ലാത്തതുമാണ് ഈ ഭക്ഷണശാലയിലെ ഏറ്റവും വലിയ പ്രത്യേകതകള്‍. ഭക്ഷണത്തിന്റെ രുചി വൈവിധ്യം ഉറപ്പ് വരുത്തുന്നതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ചവരാണ് പാചകം ചെയ്യുന്നത്.
മുഖ്യമന്ത്രി എപ്പോള്‍ വരും എനിക്ക് കാണണം,
വാശി പിടിച്ച് ആന്റണി
എന്റെ കേരളം പ്രദര്‍ശന നഗരിയിലേക്ക് അമ്മയ്‌ക്കൊപ്പം ഏറെ ആവേശത്തോടെയാണ് ഒന്‍പതുവയസുകാരന്‍ ആന്റണിയെത്തിയത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ നോട്ടീസും കൈയ്യില്‍ പിടിച്ച് മുഖ്യമന്ത്രി എപ്പോള്‍ വരും എനിക്ക് കാണണം എന്നായിരുന്നു ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നത്. മുഖ്യമന്ത്രി വരില്ലെന്ന് അമ്മ പറഞ്ഞിട്ടും വാശി പിടിച്ച് കരഞ്ഞ മകനെ അമ്മ നീതു ജോസഫാണ് പ്രദര്‍ശന നഗരിയിലേക്ക് എത്തിച്ചത്.
പ്രദര്‍ശന നഗരിയിലേക്ക് എത്തി ആന്റണി ഓരോ കാഴ്ചകളും കണ്ടത് ഏറെ വിസ്മയത്തോടെയാണ്. പ്രവേശന കവാടം മുതല്‍ ആന്റണിയെ കാത്തിരുന്നത് അത്ഭുതങ്ങളുടെ ലോകമായിരുന്നു. കിഫ്ബി ഒരുക്കിയ വലിയ വീഡിയോ വാളിലെ കാഴ്ചകള്‍ കൈയ്യടികളോടെയാണ് ആന്റണി സാകൂതം വീക്ഷിച്ചത്. മുസലിയാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച സഫിയെന്ന് പേരുള്ള റോബോട്ടിനെ കണ്ടപ്പോള്‍ ആന്റണി ആദ്യമൊന്ന് അമ്പരന്നുവെങ്കിലും വിദ്യാര്‍ത്ഥികളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തില്‍ ആന്റണി എല്ലാം മറന്ന് വീണ്ടും കൈകൊട്ടി.
സെറിബ്രല്‍ പാഴ്‌സിയാണ് മകനെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ച് പോയതാണ് ആന്റണിയെ. പിന്നീട് അമ്മ നീതുവായി അവന് എല്ലാം. കേരളത്തിന് പുറത്ത് ജോലി ചെയ്തിരുന്ന അമ്മ മകനെ നോക്കാന്‍ വേണ്ടി നാട്ടിലെത്തി. അപ്പോഴേക്കും നീതുവിന്റെ അച്ഛനും അമ്മയും മരിച്ചുപോയി. പിന്നീട് ഈ അമ്മയും മകനും ഒറ്റയ്ക്കായി. വയ്യാത്ത മകനെ വിട്ടിട്ട് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മ നീതു. സുമനസുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. പത്തനംതിട്ട താഴെ വെട്ടിപ്രത്ത് വാടകവീട്ടിലാണ് ഇരുവരുടേയും താമസം. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. സ്വന്തം മകനോടൊപ്പം സ്വന്തമായൊരു വീട്ടില്‍ അന്തിയുറങ്ങുകയാണ് ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. തന്റെ മകന്റെ എല്ലാ ആഗ്രഹങ്ങളും തന്നാല്‍ കഴിയും വിധം സാധിച്ചുകൊടുക്കാന്‍ ഓടുകയാണ് ഈ അമ്മ.
ജന്തുജന്യ രോഗങ്ങള്‍ :
വിജ്ഞാനപ്രദമായി മൃഗസംരക്ഷണവകുപ്പിന്റെ സെമിനാര്‍
ജന്തുജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ വിജ്ഞാനപ്രദമായ സെമിനാറുമായി മൃഗസംരക്ഷണവകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുളനട വെറ്റിനറി സര്‍ജന്‍ ഡോ. ആര്‍.സുജയാണ് ജന്തുജന്യ രോഗങ്ങള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ നയിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കണമെന്ന് ഡോ. ആര്‍.സുജ പറഞ്ഞു. വാക്‌സിനേഷന്‍ ഫലപ്രദമാകാന്‍ കുത്തിവയ്പിന് മുമ്പ് മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരഗുളിക നല്‍കണം. വര്‍ഷം തോറും തുടര്‍ക്കുത്തിവയ്പും നല്‍കണം. കുട്ടികള്‍ വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു. തൊഴില്‍, ഭക്ഷണം, മൃഗപരിപാലനം തുടങ്ങി പല മേഖലകളിലായി മനുഷ്യര്‍ ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നതു വഴിയാണ് രോഗം ബാധിക്കുന്നത്. കോവിഡ് സമയത്ത് വീട്ടിനുള്ളില്‍ മൃഗങ്ങളെ വളര്‍ത്തുന്ന ശീലം മലയാളികള്‍ക്ക് വര്‍ദ്ധിച്ചുവെന്നും അത് ജന്തുജന്യ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടായിയെന്നും സെമിനാറില്‍ പറഞ്ഞു. തെരുവുനായ നിയന്ത്രണത്തിന് ജനങ്ങളുടെ ചിന്താരീതിയും ലൈസന്‍സിങ് രീതിയും മാറണമെന്നും ഡോ.ആര്‍.സുജ പറഞ്ഞു. പക്ഷിപ്പനി, റാബിസ്, ക്ഷയം, എലിപ്പനി തുടങ്ങി മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചുമുള്ളതായിരുന്നു ക്ലാസ്. മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജ്യോതിഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.അജിലാസ്റ്റ് ഉദ്ഘാടനം നടത്തി.
എബി പോളിന് മേളയുടെ സന്തോഷത്തിനൊപ്പം
ജില്ലാ കളക്ടറെ നേരില്‍ കണ്ട ആവേശവും
പത്രമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യറെ നേരില്‍ കണ്ട സന്തോഷത്തിലാണ് ഓട്ടിസം ബാധിതനായ എബി പോള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ ഏറെ സന്തോഷത്തോടെ എത്തിയ എബി പോളിന് ജില്ലാ കളക്ടറെ നേരിട്ട് കണ്ടത് ഇരട്ടിമധുരമായി. സെല്‍ഫിയെടുക്കാന്‍ അമ്മ ഷേര്‍ളിക്കൊപ്പം ജില്ലാ കളക്ടറുടെ അടുത്തെത്തിയപ്പോള്‍ ഏറെ സ്‌നേഹത്തോടെയായിരുന്നു കളക്ടര്‍ എബിയെ സ്വീകരിച്ചത്. 23 വയസുകാരനായ എബി പോള്‍ ജന്മനാ ഓട്ടിസം ബാധിതനാണ്. സംസാരിക്കാനും ഏറെ ബുദ്ധിമുട്ടാണ്. അടൂര്‍ കടമ്പനാട് സ്വദേശിയാണ്. എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറെ ഇഷ്ടപ്പെട്ടുവെന്നും ഏറെ സന്തോഷമാണെന്നും എബി ജില്ലാ കളക്ടറോട് പറഞ്ഞു. ഓട്ടിസം പോലെയുള്ള അസുഖബാധിതരായ കുട്ടികളെ വീട്ടിനുള്ളില്‍ അടച്ചിടാതെ അവരെ പുറത്തേക്ക് കൊണ്ടുവരണമെന്നും പുതിയ കാഴ്ചകള്‍ കാണാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഐ ടി മിഷന്‍ സ്റ്റാളില്‍ ആധാര്‍ സേവനങ്ങള്‍ പുരോഗമിക്കുന്നു
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ള ഐ. ടി മിഷന്‍ സ്റ്റാളില്‍ അക്ഷയ സേവനങ്ങള്‍ പുരോഗമിക്കുന്നു. ഡ്രൈ സ്‌കിന്‍ കാരണം 8 വര്‍ഷമായി ആധാര്‍ എടുക്കുന്നതിനു ശ്രമം നടത്തി പരാജയപെട്ട 14 വയസ്സുള്ള ഒരു കുട്ടിയുടെ ആധാര്‍ സ്റ്റാളില്‍ എടുക്കാന്‍ സാധിച്ചത് ഏറെ ശ്രദ്ധേയമായി. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചും, പതിനഞ്ചു വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. ഐ ടി മിഷന്റെ വിവിധ പ്രൊജക്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, സര്‍ക്കാരിന്റെ സൗജന്യ വൈ ഫൈ കണക്ഷനെ പറ്റിയുള്ള വിവരങ്ങള്‍, അക്ഷയയിലൂടെ നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ഷൈന്‍ ജോസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അക്ഷയ സംരംഭകരുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയിലാണ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്