അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക നിർദേശങ്ങൾ പാലിച്ചുകൊണ്ട് അടിയന്തര പ്രാധാന്യത്തോടെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം.
കേരളത്തിൽ അടുത്ത 3 ദിവസം അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ദുരന്ത സാധ്യത പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ മുൻകൂട്ടി സജ്ജീകരിക്കേണ്ടതാണ്. ദുരന്ത സാദ്ധ്യതകൾ പൊതുജനങ്ങളെ അറിയിക്കുകയും മഴയുടെ സാഹചര്യം നോക്കി അപകടസാധ്യത കൂടുതലുള്ളവരെ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്യാൻ തയ്യാറാവണം.
ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മുൻകൂറായി മാറ്റി താമസിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റി സുരക്ഷിതമാക്കേണ്ടതാണ്. അപകട സാധ്യതയുള്ള ബോർഡുകൾ, പോസ്റ്റുകൾ തുടങ്ങിയവ സുരക്ഷിതമാക്കാൻ വേണ്ട നടപടിയും സ്വീകരിക്കണം.
സന്നദ്ധ സേന, എമർജൻസി റെസ്പോൺസ് ടീം തുടങ്ങിയ സന്നദ്ധ പ്രവർത്തകരെ വിവരങ്ങൾ അറിയിക്കുകയും സജ്ജരാക്കി നിർത്തുകയും ചെയ്യണം.
കാലാവസ്ഥ മുന്നറിയിപ്പും മലയോര മേഖലയിലേയും വനത്തിലേയും ഉൾപ്പെടെ മഴയുടെ അവസ്ഥയും പരിശോധിച്ച് മനസ്സിലാക്കി മൈക്ക് അനൗൺസ്മെന്റിലൂടെയും ക്യാമ്പുകളിലേക്ക് മാറാനുള്ള നിർദേശം സമയബന്ധിതമായി ജനങ്ങൾക്ക് നൽകണം. അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, റവന്യൂ അധികാരികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയെല്ലാം സഹായത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണ്.
ക്യാമ്പുകൾ സജ്ജമാക്കിയ വിവരം അപകട സാധ്യതയുള്ള വീട്ടുകാരെ മുൻകൂട്ടി അറിയിക്കുകയും മാറി താമസിക്കേണ്ട ഘട്ടത്തിൽ അവരെ അതിന് നിർബന്ധിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കുകയും ഔദ്യോഗിക വിവരങ്ങൾ ജനപ്രതിനിധികൾ അറിയുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
മഴ മുന്നറിയിപ്പ് മാറുന്നത് വരെ പ്രാദേശികമായ ജല-ടൂറിസം കേന്ദ്രങ്ങൾ, കുളക്കടവുകൾ, പുഴയോരങ്ങൾ, പാറമടകൾ എന്നിവയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ആളുകൾ വെള്ളത്തിലിറങ്ങുന്നത് തടയുകയും ചെയ്യണം.
റെഡ് അലർട്ട് പ്രഖ്യാപിച്ച എറണാകുളം, ഇടുക്കി ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങൾ ലോക്കൽ കൺട്രോൾ റൂം ആരംഭിച്ചു കഴിഞ്ഞു. സന്നദ്ധ സേന രക്ഷാപ്രവർത്തനത്തിനായുള്ള മുന്നൊരുക്കങ്ങളോടെ സജ്ജമായിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാവാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍. അഭ്യർത്ഥിച്ചു .