ജനം ഏറ്റെടുത്ത് എന്‍റെ കേരളം; പത്തനംതിട്ടയില്‍ പ്രദര്‍ശന വിപണന മേളയില്‍ വന്‍ തിരക്ക്

ജനം ഏറ്റെടുത്ത് എന്‍റെ കേരളം; പത്തനംതിട്ടയില്‍ പ്രദര്‍ശന വിപണന മേളയില്‍ വന്‍ തിരക്ക്

എന്റെ കേരളം പ്രദര്‍ശന മേള: പാട്ടുകളം, സ്മൃതി സന്ധ്യ പരിപാടികള്‍ റദ്ദാക്കി
അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്(മേയ് 14) വൈകുന്നേരം അഞ്ചിന് നിശ്ചയിച്ചിരുന്ന പാട്ടുകളം പരിപാടിയും രാത്രി ഏഴിലെ സ്മൃതി സന്ധ്യയും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. എക്‌സിബിഷന്‍ ഉണ്ടായിരിക്കും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറ്റെടുത്ത് പത്തനംതിട്ട നിവാസികള്‍. ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മേള പകുതി ദിനങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ഇതില്‍ തന്നെ സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ജില്ല ഇതുവരെ കണ്ടതില്‍നിന്നും വ്യത്യസ്തമായ പ്രദര്‍ശന വിപണന മേളയാണ് ഇവിടെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. വിപണനത്തിനൊപ്പം കൗതുകവും വിജ്ഞാനവും യഥേഷ്ടമൊരുക്കിയിരിക്കുന്നുവെന്നതാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയെ ആകര്‍ഷകമാക്കുന്നത്.

 

രാവിലെ 11 മണികഴിയുന്നതോടെ മേള കാണുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ എത്തുകയാണ്. സ്ത്രീകളാകട്ടെ വലിയ കൂട്ടമായാണ് എത്തുന്നത്. വൈകിട്ട് അഞ്ച് കഴിയുമ്പോള്‍ പിന്നെ കുടുംബമൊന്നിച്ച് എത്തുന്നവരുടെ തിരക്കായി. കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍വരെ ഇക്കൂട്ടത്തിലുണ്ടാവും. യഥേഷ്ടം സമയമെടുത്ത്, പ്രദര്‍ശന നഗരി ചുറ്റിക്കണ്ട്, ഫുഡ് സ്റ്റാളിലും കയറി, ശേഷം കലാപരിപാടികളും ആസ്വദിച്ചശേഷമാണ് ഈ കുടുംബങ്ങള്‍ മടങ്ങുന്നത്.
ടൂറിസം വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കിഫ്ബി എന്നീ സ്റ്റാളുകളാകട്ടെ സെല്‍ഫി പോയിന്റുകളായിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടംകൂട്ടമായും സെല്‍ഫിയെടുക്കുന്നതിന് ഇവിടെ എപ്പോഴും തിരക്കുതന്നെ. തുടര്‍ന്ന് വിര്‍ച്വല്‍ റിയാലിറ്റി അനുഭവിച്ചറിയാനുള്ള ക്യൂ. എത്രസമയം വേണ്ടിവന്നാലും ഇത് ആസ്വദിച്ചേ മുന്നോട്ടുനീങ്ങൂവെന്ന നിലപാടിലാണ് ഭൂരിഭാഗം സന്ദര്‍ശകരും. അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും നീണ്ട ക്യൂവും കാണാം.

തുടര്‍ന്ന് രണ്ടാം പവലിയനിലേക്ക്. വിജ്ഞാനവും സമ്മാനങ്ങളുമായി ഈ പവലിയനും സന്ദര്‍ശകരുടെ മനസ് നിയ്ക്കുന്നുണ്ട്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, രജിസ്‌ട്രേഷന്‍, ആരോഗ്യം, അഗ്നിരക്ഷാ വകുപ്പുകളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി വിജ്ഞാനവും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കായി പ്രദര്‍ശന മേള സന്ദര്‍ശിക്കുന്നവരുടെ എണ്ണവും ഏറെക്കൂടുതലാണ്. ആധാര്‍ മുതല്‍ റേഷന്‍കാര്‍ഡുകള്‍ വരെയുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം ലഭിക്കാന്‍ എന്തൊക്കെ അറിയണം, മറ്റ് വകുപ്പുകളില്‍നിന്ന് നിന്നും ലഭിക്കുന്ന ധനസഹായങ്ങള്‍ എന്നിവയെല്ലാം ഇവിടെ അറിയാന്‍ കഴിയുന്നുണ്ട്. ഇതിന് അപേക്ഷകള്‍ നല്‍കുന്നതിനുള്ള സഹായവും ഉറപ്പ്. ഫീസ് നല്‍കാതെ, ആവശ്യങ്ങള്‍ ലളിതമായി പരിഹരിക്കാന്‍ കഴിയുന്നുവെന്നതാണ് സേവന കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നത്.
കുടുംബശ്രീയുടെ സ്റ്റാളുകളില്‍ മികച്ച കച്ചവടമാണ് നടക്കുന്നത്. ഭക്ഷ്യവസ്തുകള്‍ക്ക് പുറമേ കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് സ്‌റ്റോളുകളില്‍ നിയോഗയോഗ സാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നത് ആകര്‍ഷണീയമാണ്. സ്‌കൂള്‍ ബാഗും കുടയും അടക്കമുള്ളവ ഇവിട വാങ്ങാന്‍ ലഭിക്കുന്നുവെന്നതും ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്നു. വിവിധതരം താറാവുക്കുഞ്ഞുങ്ങളുടെ വില്പനയും തകൃതിയാണ്. കൃഷിവകുപ്പിന്റെ സസ്യത്തൈകളുടെയും വിത്തുകളുടെയും വില്പന പൊടിപൊടിക്കുന്നു.
കഴിഞ്ഞ 11 ആരംഭിച്ച മേള ഇനി മൂന്ന് ദിവസംകൂടിയുണ്ട്. രാവിലെ ഒന്‍പതുമുതല്‍ ആരംഭിക്കുന്ന മേളയില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

ഉത്പന്ന വൈവിധ്യത്താല്‍ മനം കവര്‍ന്നു കുടുംബശ്രീ സ്റ്റാളുകള്‍

ഉത്പന്ന വൈവിധ്യത്താലും ആകര്‍ഷണീയതയാലും സന്ദര്‍ശക പ്രശംസ പിടിച്ചുപറ്റുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ സ്റ്റാളുകള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്.
കുടുംബശ്രീ ഉത്പന്ന വിപണന സ്റ്റാളുകളും തീം സ്റ്റാളും കഫെ ഫുഡ് കോര്‍ട്ടും വൈവിധ്യങ്ങളാല്‍ മേളയുടെ മാറ്റു കൂട്ടുന്നു. ജില്ലയിലെ വിവിധ യുണിറ്റുകളില്‍ നിന്നായി 30 ലധികം സ്വയം തൊഴില്‍, കാര്‍ഷിക സംരംഭകര്‍ ആണ് കുടുംബശ്രീ സ്റ്റാളില്‍ വിപണനം നടത്തുന്നത്.

മഞ്ഞള്‍പ്പൊടി, മുളകുപൊടി (കാശ്മീരി പിരിയന്‍), മല്ലിപ്പൊടി മുതലായ കറി പൗഡറുകള്‍, ഉലുവ പൊടി ജീരകപ്പൊടി, കുരുമുളകുപൊടി, സാമ്പാര്‍ മസാല മുതലായ മസാല പൊടികള്‍, റവ റോസ്റ്റ്, പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്പ പുട്ടുപൊടി, കടലമാവ്, ചക്ക അവലോസ് പൊടി, ചക്ക മുറുക്ക് ചക്കക്കുരു ചമ്മന്തി പൊടി, ചക്ക പപ്പടം, ചക്ക പുട്ടുപൊടി, മുതലായ ചക്കയുടെ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, അരിയുണ്ട, മുറുക്ക്, പക്കാവട, മിക്‌സ്ചര്‍ മുതലായ ബേക്കറി ഉല്‍പ്പന്നങ്ങള്‍, നാവില്‍ തേനൂറും മിഠായികള്‍… എന്നിങ്ങനെ അണിനിരക്കുകയാണ് വിഭവങ്ങള്‍.
അരിയുണ്ട, അവല്‍ വിളയിച്ചത്, ചക്ക ചിപ്‌സ്, വിവിധതരം ചോക്ലേറ്റുകള്‍, നിയോ വിറ്റഹെല്‍ത്ത് മിക്‌സ്, ഷുഗര്‍ ഫ്രീ ഹെല്‍ത്ത് മിക്‌സ്, റാഗി പൊടി, മുതലായ ന്യൂട്രിമിക്‌സ് ഉത്പന്നങ്ങള്‍ക്കും ഇവിടെ ആവശ്യക്കാരേറെ. ചിരട്ട തവി, പനം തവി, പനം ചട്ടുകം ചിരട്ട ബൗള്‍ പപ്പടം കുത്തി, തുടുപ്പ്, മത്ത്, അടപലക, തവ, പാന്‍, ചീനച്ചട്ടി, ദോശക്കല്ല്, അപ്പച്ചട്ടി, കത്തി, വെട്ടുകത്തി, തൂമ്പ, പിക്കാസ്, പേനാക്കത്തി, കൈക്കോടാലി, ചെടി തൂമ്പ, മണ്‍വെട്ടി മുതലായ ഇരുമ്പ് ഉല്‍പ്പന്നങ്ങളും യഥേഷ്ടം വിറ്റുപോകുന്നുണ്ട്. ചൗവ്വരി, പപ്പടം, ശര്‍ക്കര, പപ്പടം, ചന്ദനത്തിരി, ടോയ്ലറ്റ് ക്ലീനര്‍, ഫ്‌ലോര്‍ ക്ലീനര്‍, ഹാന്‍ഡ് വാഷ്, സ്റ്റാര്‍ച്ച്, ഫാബ്രിക് കണ്ടീഷണര്‍, സോപ്പുപൊടി, സോപ്, സാരി, ചുരിദാര്‍, നൈറ്റി, സ്‌കര്‍ട്ടുകള്‍, കൈത്തറി ഉത്പന്നങ്ങള്‍ മുതലായ തുണിത്തരങ്ങളുടെ വൈവിധ്യംതന്നെ ഇവിടെ ദര്‍ശിക്കാനാവുന്നു.

 

സ്‌കൂള്‍, കോളേജ് ബാഗുകള്‍, വിവിധതരം പഴ്‌സുകള്‍, കര്‍ട്ടന്‍, കുഷ്യനുകള്‍, കാര്‍പെറ്റ്, മുളകൊണ്ടുള്ള ബാഗ്, ടോംസ്, ലാമ്പ് ഷെയിഡ്, കട്ടിങ് ബോര്‍ഡ്, കീ ചെയിനുകള്‍ എന്നിങ്ങനെ മുളയുടെ വിവിധ ഉത്പന്നങ്ങള്‍, വാഴനാര് കൊണ്ടുള്ള ഫ്‌ലവര്‍ വെയ്‌സ്, മുള, ഈറ, ചിരട്ട മുതലായവ കൊണ്ടുള്ള ഷോക്കേസ് പീസുകള്‍, ഫ്‌ളവര്‍വെയ്‌സുകള്‍, ബാഗുകള്‍ എന്നിവ കൗതുകവും സൃഷ്ടിക്കുന്നുണ്ട്. വിവിധ തരം പൂച്ചെടികള്‍, പ്ലാന്റുകള്‍, വിത്തിനങ്ങള്‍, ജൈവ വളം, ബയോ ഫാര്‍മസി ഉത്പന്നങ്ങള്‍, മണ്ണിരകമ്പോസ്റ്റ്, ചകിരി ചോറ്, ചെടിച്ചട്ടികള്‍, കൈതച്ചക്ക, ഓമക്കായ, തേങ്ങ, ചേന, ഇഞ്ചി, വിവിധ തരം നാടന്‍ പച്ചക്കറികള്‍, ചക്കക്കുരു, ചക്ക, മുട്ട, പച്ച മുളക് എന്നിങ്ങനെ നൂറിലധികം ഉത്പന്നങ്ങള്‍ മിതമായ വിലയില്‍ കുടുംബശ്രീ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്‌റ്റോളുകള്‍ക്ക് മുന്നില്‍ ഏറെ തിരക്കും അനുഭവപ്പെടുന്നു. ഈമാസം 17 വരെയാണ് പ്രദര്‍ശനം.

രജിസ്‌ട്രേഷന്‍ നിയമങ്ങളെ കുറിച്ച് അറിയാം, സമ്മാനങ്ങളും നേടാം

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളും ശ്രദ്ധേയമാകുന്നു. ആധാരങ്ങള്‍ സ്വയം തയ്യാറാക്കല്‍ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര പകര്‍പ്പുകള്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം, സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരമുളള ക്ലബുകളുടെയും അസോസിയേഷനുകളുടെയും രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നു.
ജില്ലയിലെ ഏതു സബ് രജിസ്ട്രാര്‍ ഓഫീസിലും പൊതുജനങ്ങള്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുളള എനിവെയര്‍ രജിസ്‌ട്രേഷന്‍ സൗകര്യവും രജിസ്‌ട്രേഷന്‍ വകുപ്പ് നടപ്പില്‍ വരുത്തിയിട്ടുണ്ട്. വകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിയമങ്ങളെ സംബന്ധിക്കുന്ന അറിവ് പരിശോധിക്കുന്നതിലേയ്ക്കായി ‘5 ചോദ്യങ്ങള്‍… 5 ഉത്തരങ്ങള്‍…’ സമ്മാന പദ്ധതി പ്രകാരം ശരിയുത്തരം കണ്ടെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പ് നടത്തി ഒരു ഭാഗ്യശാലിയ്ക്ക് എല്‍.ഇ.ഡി ടി.വി സമ്മാനമായി നല്‍കും. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ സമാപന ദിവസമായ 17 ന് വൈകിട്ട് അഞ്ചിനാണ് നറുക്കെടുപ്പ് നടത്തുന്നതെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.

സെമിനാറുകള്‍ക്കും വന്‍ ജനപങ്കാളിത്തം

സെമിനാറുകള്‍ അറുബോറാണെന്ന പതിവ് ചിന്താഗതിക്കും മാറ്റമുണ്ടാക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. പകുതി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ സെമിനാറുകളിലും വന്‍ ജനപങ്കാളിത്തമാണ് പ്രകടമാകുന്നത്. ഇതിനകം ഏഴ് സെമിനാറുകള്‍ ജില്ലാ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പ്രധാന വേദയില്‍ നടന്നുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ആറ് സെമിനാറുകള്‍ കൂടി നടക്കും.
റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും സെമിനാറാണ് ഇന്നലെ ആദ്യം നടന്നത്. കാലാവസ്ഥ മാറ്റം ഉണ്ടാക്കുന്ന ദുരന്തങ്ങളും അതിനെ നേരിടാന്‍ നാം അറിഞ്ഞിരിക്കേണ്ട മുന്‍കരുതലുകളും വ്യക്തമാക്കുന്നതായിരുന്നു ഈ സെമിനാര്‍. തൊട്ടുപിറകേ ആരോഗ്യവകുപ്പ് അലോപ്പതി വിഭാഗം സംഘടിപ്പിച്ച എലിപ്പനി പ്രതിരോധവും നിയന്ത്രണവും സെമിനാറും ശ്രദ്ധേയമായി. വിദ്യാഭ്യാസ നിയമം, പിഡബ്ല്യുഡിയും ജനങ്ങളും, സൈബര്‍ കുറ്റകൃത്യങ്ങള്‍, ജന്തുജന്യരോഗങ്ങള്‍, ഞങ്ങളും കൃഷിയിലേക്ക് തുടങ്ങിയ സെമിനാറുകളാണ് ഇതിനകം ജനശ്രദ്ധയാകര്‍ഷിച്ചത്.

തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന തൊഴില്‍ നിയമങ്ങള്‍ സെമിനാറാണ് ഇന്ന് ആദ്യം നടക്കുന്നത്. വനിത-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലിംഗനീതിയും വികസനവും സെമിനാര്‍ തുടര്‍ന്ന് നടക്കും. നാളെ ആരോഗ്യവകുപ്പ് ഐഎസ്എം വിഭാഗത്തിന്റെ ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും സെമിനാറും സാമൂഹികനീതി വകുപ്പിന്റെ വയോജനക്ഷേമവും സംരക്ഷണവും 2007 സെമിനാറും നടക്കും. അവസാന ദിവസമായ 17 ന് ശാസ്ത്രീയ മത്സ്യകൃഷിയും നൂതന സാങ്കേതികവിദ്യകളും, അതിക്രമ നിവാരണ നിയമവും എസ്.സി. വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും എന്നീ സെമിനാറുകളും സംഘിപ്പിച്ചിട്ടുണ്ട്.ചൂരല്‍ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി ചൊള്ളനാവയല്‍ സംഘം

കൗതുകമുണര്‍ത്തുന്ന ഉത്പന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ചൂരല്‍ ഫര്‍ണിച്ചര്‍ ഷോറൂം. സഹകരണ വകുപ്പിന് കീഴിലുള്ള ചൊള്ളനാവയല്‍ എസ്ടി കോപ്പറേറ്റീവ് സൊസൈറ്റി ചൂരല്‍ കൊണ്ടുള്ള വൈവിദ്ധ്യങ്ങളായ ഉത്പന്നങ്ങളുമായാണ് പ്രദര്‍ശന വിപണനമേളയിലെത്തിയത്. ഫര്‍ണിച്ചറുകളും അനുബന്ധ ഉത്പ്പന്നങ്ങളുമാണ് വില്‍പ്പനയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. നാടന്‍, ആസാം ചൂരലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള ഉത്പന്നങ്ങള്‍ ഏറെ ആകര്‍ഷകമാണ്. 300 രൂപ മുതലുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. ബാസ്‌കറ്റ്, പറ, ചൂരവടി, സെറ്റി, കസേര, കുട്ടികളുടെ കസേര എന്നിവയോടൊപ്പം ചെറുകിട വനവിഭവങ്ങളായ ചെറുതേന്‍, വലിയതേന്‍, കുടംപുളി എന്നിവയും വില്‍പ്പനയ്ക്കുണ്ട്. അടിച്ചിപ്പുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചൂരല്‍ വര്‍ക്‌ഷോപ്പില്‍ നിന്നാണ് ചൂരല്‍ ഉത്പന്നങ്ങള്‍ മേളയിലെത്തിച്ചിരിക്കുന്നത്. ചൂരല്‍ ഉല്‍പന്നങ്ങളുടെ ഷോ റൂം റാന്നിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഒന്ന് നില്‍ക്കു…
അപകടങ്ങളെ നേരിടാന്‍ പഠിക്കാം

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയും അപകടങ്ങളെ നേരിടുന്ന രീതികള്‍ പ്രദര്‍ശിപ്പിച്ചും അഗ്‌നിരക്ഷാസേന. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോള്‍ ഒരു നിമിഷം പകച്ച് പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതി പരിചയപ്പെടുത്തുകയാണ് അഗ്‌നിരക്ഷാവകുപ്പ്. മേള കണ്ടിറങ്ങുന്നവര്‍ ഒരു അപകടമുണ്ടാകുമ്പോള്‍ ചെറുക്കാനുള്ള ധൈര്യവുമായാണ് ഇവിടെ നിന്ന് പോകുന്നത്.
വാഹനാപകടം ഉണ്ടാകുമ്പോള്‍ ജാക്കി വച്ച് ഉയര്‍ത്താന്‍ പറ്റാത്ത വാഹനങ്ങള്‍ 15,25,50,75 ടണ്ണോളം കംപ്രസ്ഡ് എയര്‍ നിറച്ച് ഉയര്‍ത്തുന്ന ന്യുമാറ്റിക് ബാഗ്, 125 അടിയോളം താഴ്ചയില്‍ മുങ്ങാനാകുന്ന യൂണിവേഴ്സല്‍ ഡൈവിംഗ് ഉപകരണമായ സെല്‍ഫ് കണ്‍ണ്ടെയ്ന്‍ഡ് ബ്രീത്തിംഗ് അപ്പാരറ്റസ്, അഗ്‌നിയില്‍ അഞ്ച് മിനിട്ടോളം അപകടങ്ങളൊന്നും കൂടാതെ നില്‍ക്കാന്‍ കഴിയുന്ന അലുമിനിയം സ്യൂട്ട്, ഗ്യാസ് ചോര്‍ച്ച, പൊള്ളല്‍, രാസവസ്തുക്കളേല്‍ക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള കെമിക്കല്‍ സ്യൂട്ട് എന്നിവയൊക്കെ സ്റ്റാളിന്റെ ആകര്‍ഷണങ്ങളാണ്.
ഫ്ളൂയിഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക് കട്ടര്‍, സ്പ്രെഡര്‍ എന്നിവയും പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഗ്‌നി രക്ഷ സേന ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശകര്‍ക്ക് ഉപകരണങ്ങളെക്കുറിച്ച് വിവരണം നല്‍കുന്നത്. ഇതിന് പുറമെ, അഗ്‌നി സുരക്ഷാ സംബന്ധമായ ലഘുലേഖകളും സ്റ്റാളില്‍ വിതരണം ചെയ്യുന്നുണ്ട്.

ഉത്സവമായി കലാസന്ധ്യ; സമയം വൈകിയിട്ടും നിറഞ്ഞ് വേദി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കലാസന്ധ്യകള്‍ ജനം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു. നിശ്ചിത സമയത്തിനപ്പുറത്തേക്കും പരിപാടികള്‍ നീളുമ്പോഴും വേദി കലാസ്വാദകരാല്‍ നിറഞ്ഞുതന്നെ.
ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം രാത്രി അരങ്ങേറിയ ഇന്ത്യന്‍ ഗ്രാമോത്സവം കാണികളെ ആവേശം കൊള്ളിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തരൂപങ്ങളാണ് ഇവിടെ അരങ്ങേറിയത്. തൊട്ടുമുമ്പു നടന്ന അജിത്ത് വേണുഗോപാലിന്റെ ഗസല്‍ സന്ധ്യയിലും ശ്രോതാക്കള്‍ ഏറെയായിരുന്നു.
വൈകിട്ട് 4.30 മുതലാണ് കലാവേദി ഉണരുന്നത്. പാരമ്പര്യ കലകളായിരുന്നു ഉദ്ഘാടന ദിനത്തില്‍ അവതരിപ്പിച്ചത്. പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ് എന്നിവയ്‌ക്കൊപ്പം തായില്ലം തിരുവല്ലയുടെ നാടന്‍ പാട്ടും ദൃശ്യവിരുന്നും കൂടിയായപ്പോള്‍ ആദ്യദിനം കൊഴുത്തു. രണ്ടാം ദിനത്തില്‍ കാലന്‍കോലം പടയണിയും വേലകളിയും ബോഡുബെറു നാടന്‍ സംഗീതവും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രി അവതരിപ്പിക്കപ്പെട്ട ഇരുട്ട് നാടകം പ്രേകഷകര്‍ക്ക് പുതിയ കാഴ്ചപ്പാട് പകര്‍ന്നു നല്‍കുന്നതായി. ജീവിതത്തിലേക്ക് കടന്നുവരുന്ന ഇരുട്ടിനെ വെളിച്ചം കൊണ്ട് മറികടക്കേണ്ടതിന്റെ ആവശ്യകത ചിത്രീകരിച്ചതായിരുന്നു നാടകം.
ഇന്ന് ജുഗല്‍ബന്ദിയും പോലീസ് ടീമിന്റെ ഗാനമേളയും പാട്ടുവഴിയും അരങ്ങിലെത്തും. നാളെ വൈകിട്ട് നാലിനാണ് കോമഡി മിമിക്രി മഹാമേള. ശേഷം വിതുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള. സമാപന ദിവസം കലാസാംസ്‌കാരിക പരിപാടികളും നാടന്‍പാട്ടുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

തോക്കുകളുമായി സെല്‍ഫി, ഒപ്പം വിജ്ഞാനവും;
പോലീസ് സ്റ്റാളില്‍ തിരക്കോട് തിരക്ക്

നിങ്ങള്‍ക്ക് പഴയതും പുതിയതുമായ തോക്കുകള്‍ നേരില്‍ കാണണ്ടേ. അവ കയ്യില്‍ എടുത്ത് ഒരു സെല്‍ഫി എടുക്കണമെന്നുണ്ടോ… എങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പോലീസ് സ്റ്റാളിലേക്കു പോന്നോളൂ… ആയുധങ്ങള്‍ മാത്രമല്ല, ഫോറന്‍സിക്, ബോംബ് സ്‌ക്വോഡ് പ്രവര്‍ത്തനങ്ങളും കണ്ടു മനസിലാക്കാമിവിടെ.
പോലീസ് സേന ഒട്ടും മോശക്കാരല്ല മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവുമധികം സുരക്ഷ സംവിധാനങ്ങളുടെ വിപുലമായ ശേഖരമാണ് പോലീസ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. കാണാന്‍ നിരവധി പേരാണ് എത്തുന്നത് കാരണം പലപ്പോഴും ദൂരെ നിന്ന് മാത്രം കാണുന്ന റൈഫിളും ക്രിസ്റ്റലുകളും ഒക കൈയ്യിലെടുത്ത് പിടിക്കാനും ഒപ്പം ഫോട്ടോ എടുക്കാന്‍ കിട്ടുന്ന അസുലഭ നിമിഷമാണ് ലഭ്യമാകുന്നത്. സേനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്നും മനസിലാക്കാന്‍ സാധിക്കും. പേടിയോടെ പണ്ട് നോക്കി കണ്ട വിഭാഗമായിരുന്ന ഇവര്‍ ഇന്ന് ജനമൈത്രി പുലര്‍ത്തുന്നതിനൊപ്പം സൗഹാര്‍ദ്ദ സേവനമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ആദ്യ സ്റ്റാളില്‍ നിന്ന് തന്നെ വ്യക്തമാകുന്നു.
വിവിധ തരത്തിലുള്ള റൈഫിളുകള്‍, പിസ്റ്റലുകള്‍, റിവോള്‍വറുകള്‍ എന്നിവ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതില്‍ എകെ47 മുതല്‍ റിവോള്‍വര്‍ വരെയുണ്ട്. ആദ്യകാലത്ത് ഉപയോഗിച്ചുവന്ന റൈഫിള്‍ നമ്പര്‍ വണ്‍ മാര്‍ക്ക് വണ്‍, റൈഫിള്‍ നമ്പര്‍വണ്‍, എല്‍എംജി, വിവിധയിനം സ്റ്റണ്‍ഗണ്ണുകള്‍… അങ്ങനെ നിരവധി തോക്കുകള്‍ പ്രദര്‍ശനത്തിനുണ്ട്.
വിലപിടിപ്പുള്ളതും അത്യാധൂനികവുമായ ജില്ലാ ബോംബ് സ്‌ക്വാഡിന്റെ സ്റ്റാളും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. അസിസ്റ്റന്റ് കമാന്‍ഡന്റിനെ കൂടാതെ ഒരു എസ്‌ഐ ഒരു എഎസ്‌ഐ എന്നിവര്‍ക്കൊപ്പം 15 പേരുടെ ഒരു ടീം ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ശബരിമലയിലേക്കുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് ഡിഎച്ച്ക്യൂസിയില്‍ നിന്നാണ്.
ഇവിടെ പ്രദര്‍ശനത്തിനായി ബാഗേജ് സ്‌കാനര്‍, എക്‌സ് റേ മെഷീന്‍, എക്‌സ്‌പ്ലോസീവ് (സ്ഫോടന) ഡിറ്റക്ടര്‍, മൈനര്‍ ഡിറ്റക്ടര്‍, എന്‍എല്‍ജെഡി , വിവിധതരം മെറ്റല്‍ ഡിറ്റക്ടറുകള്‍, ബോംബ് സ്യൂട്ട് എല്ലാം ഇവിടെ നമുക്ക് നേരിട്ട് കാണാന്‍ സാധിക്കും. കൂടാതെ 300 യാര്‍ഡ് വരെ പ്രകാശം പരത്തുന്ന കമാന്‍ഡോ ടോര്‍ച്ചും കാണാം.
ആരെയും അമ്പരിപ്പിക്കുന്ന ബോംബ് സ്യുട്ടാണ് സ്റ്റാളിലെ മുഖ്യ ആകര്‍ഷണം. 50 കിലോയോളമാണ് ഇതിന്റെ ഭാരം. ആശയവിനിമയ സംവിധാന സൗകര്യവും ശീതീകരണ സൗകര്യവും ഈ സ്യൂട്ടിലുണ്ട്. കേരളത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഏറ്റവും കൂടുതലുള്ളത് പത്തനംതിട്ടയിലാണ്. വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്ന വെഹിക്കിള്‍ മൗണ്ട് എക്‌സ്-റേ ബാഗേജ് സ്‌കാനര്‍ എന്ന അത്യാധുനിക സുരക്ഷാ ഉപകരണവും ജില്ലയ്ക്ക് സ്വന്തമായുണ്ട്. വാഹനത്തില്‍ ക്രമീകരിക്കുന്ന ഇതിന്റെ വില 20 ലക്ഷം രൂപ. വിശിഷ്ട അതിഥികള്‍ വരുമ്പോള്‍ സുരക്ഷയ്ക്ക് ഉപയോഗിക്കുന്നതാണ്. അതുകൊണ്ടുതന്നെ വിഐപി എത്തുന്ന സ്ഥലങ്ങളില്‍ വരുന്ന എല്ലാവരുടെയും ബാഗ് പരിശോധിച്ച് സുരക്ഷ വരുത്തുന്നത് ഉപകരണം കൂടിയാണ് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.
40 ലക്ഷം രൂപ വിലമതിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറും ജില്ലക്ക് സ്വന്തമായി ഉണ്ട്. ആര്‍ഡിഎക്‌സ് അടക്കമുള്ള സ്ഫോടനത്തിന് വഴിയൊരുക്കുന്ന വസ്തു തിരിച്ചറിയാന്‍ സഹായിക്കുന്നവയാണ് ഇത്. ജില്ലയ്ക്ക് രണ്ട് സ്‌ഫോടന ഡിറ്റക്ടര്‍ ആണ് ഉള്ളത്. വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കാന്‍ സഹായിക്കുന്ന എക്സ്റ്റന്‍ഷന്‍ മിററും ട്രോളി മിററും പ്രദര്‍ശനത്തിനുണ്ട്.
ഒരു സൈബര്‍ കുറ്റകൃത്യം ഉണ്ടാവുന്നത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ജില്ലാ സൈബര്‍ വിഭാഗം. ഫോണിന്റെ ദുരുപയോഗം, അപകടകരമായ ബന്ധങ്ങള്‍, സോഷ്യല്‍ മീഡിയ എന്ന മായാലോകവും അവിടെ നാം ശ്രദ്ധിക്കേണ്ട ചില വസ്തുതകളും ലഘുലേഖയിലൂടെ പറഞ്ഞു തരുന്നു. സൈബര്‍ ഇടങ്ങളില്‍ സുരക്ഷ ഒരുക്കേണ്ടത് എങ്ങനെയാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ എന്തൊക്കെ നിയമ സഹായങ്ങള്‍ ലഭിക്കും എന്നും ഈ സ്റ്റാള്‍ പറയുന്നു.
പോലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനവും ഇവിടെനിന്നും മനസിലാക്കാം. കേരളത്തില്‍ അഞ്ച് ഇടങ്ങളില്‍ നിന്നാണ് പ്രവര്‍ത്തനം. കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഇവിടെ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ജാക്ക് ഒന്ന് പൊന്മുടി, ജാക്ക് രണ്ട് രാജമല, ജാക്ക് മൂന്ന് പാലക്കാട് നെല്ലിയാമ്പതി, ജാക്ക് നാല് വയനാട്, ജാക്ക് അഞ്ച് കാസര്‍ഗോഡുമാണുള്ളത്.

ഗ്രാമഭംഗി വിളിച്ചോതി ടൂറിസം വകുപ്പ്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്ക് ആദ്യം കടന്നുവരുമ്പോള്‍ കാണുന്നത് ഒരു പഴയകാല വീടാണ്. സമീപം നെല്‍ കതിരും ചെറിയ കുളവും ഒക്കെ കൂടിയാവുമ്പോള്‍ ഗ്രാമീണ തനിമ വിളിച്ചോതുന്ന പവലിയനായി അത് മാറുന്നു. ഓല കൊണ്ടുള്ള മറ്റ് വസ്തുക്കളും മെടഞ്ഞ ഓലകളും കാണുമ്പോള്‍ നാം തിരിച്ചു പോകുന്നത് പൈതൃക സ്മരണകള്‍ ഉണര്‍ത്തുന്ന ഗൃഹാതുരതയിലേക്കാണ്. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യതകള്‍ വരച്ചുകാട്ടുകയാണ് ഈ പവലിയന്‍.
ആറന്‍മുള കണ്ണാടിയുടെ പൈതൃകവും തനിമയും ഇവിടെ വിശദീകരിക്കപ്പെടുന്നുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ നേട്ടങ്ങള്‍ ജില്ലയുടെ വളര്‍ച്ചക്ക് എന്നും മുതല്‍ക്കൂട്ട് ആയിട്ടുണ്ട്. കൂടുതല്‍ വിനോദസഞ്ചാരികളെ ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ തക്കതായ പദ്ധതികളാണ് ജില്ലാ ടൂറിസം വകുപ്പിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. പത്തനംതിട്ടയിലെ പ്രധാന വിനോദ സഞ്ചാര മേഖലകള്‍ ഏതൊക്കെ എന്നും എങ്ങനെ നമുക്ക് അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാമെന്നും വകുപ്പ് മനസിലാക്കി നല്‍കുന്നു.
ജില്ലയില്‍ കോവിഡ് കാലത്തിനു ശേഷം വിനോദസഞ്ചാര മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. പന്തളത്തെ തോന്നല്ലൂര്‍ കൃഷിഭവന്റെ സ്റ്റാളില്‍ ചകിരി ചട്ടികള്‍ സുലഭമായി വില്‍ക്കുന്നു. ഇവ പ്ലാസ്റ്റിക് ഗ്രോബാഗിന് പകരമായി ഉപയോഗിക്കുന്നതിനൊപ്പം വീട്ടിലെ അലങ്കാരവസ്തുക്കള്‍ സൂക്ഷിക്കുന്നതിനായും ഉപയോഗിക്കുവാന്‍ സാധിക്കും. വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മ്മാണ സൊസൈറ്റിയുടെ ഹോളോഗ്രാം പതിപ്പിച്ച ആറന്‍മുളകണ്ണാടി ഇവിടെ ലഭ്യമാണ്. വില ആയിരം രൂപ മുതലാണ്.
കാരവന്‍ ടൂറിസം, ആറന്മുള ഗ്രാമവുംം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണ പ്രക്രിയകളും, അടവി, ശബരിമല – നിലക്കല്‍, ഗവി എന്നിവയുടെ വിശദമായ ദൃശ്യാവിഷ്‌കാരവും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്.

അലക്‌സ് കണ്ണമല എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിച്ചു

ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്‌റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സന്ദര്‍ശിച്ചു. മികച്ച രീതിയിലാണ് മേള ഒരുക്കിയിരിക്കുന്നതെന്നും ജനപങ്കാളിത്തം കൊണ്ട് ഇത് ശ്രദ്ധ നേടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനഹിതമറിഞ്ഞ് മേള; ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങളും തല്‍സമയം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശനവിപണനമേളയിലെ തല്‍സമയ സേവനങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. വിവിധ വകുപ്പുകളാണ് ജനഹിതമറിഞ്ഞ് ജനങ്ങള്‍ക്കാവശ്യമുള്ള സേവനങ്ങള്‍ തല്‍സമയം സ്റ്റാളുകളില്‍ സൗജന്യമായി ഒരുക്കിയിരിക്കുന്നത്.
മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, മോട്ടോര്‍വെഹിക്കിള്‍, ബി എസ് എന്‍ എല്‍, രജിസ്ട്രേഷന്‍, നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ്, കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസനകോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ സ്റ്റാളുകളില്‍ സേവനം തേടിയെത്തുവരുടെ തിരക്ക് വര്‍ധിക്കുകയാണ്.
അക്ഷയ സേവനങ്ങളെല്ലാം സൗജന്യമായി ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആധാര്‍, പുതിയ ആധാര്‍ എന്റോള്‍മെന്റ്, അഞ്ചും, 15 ഉം വയസുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള സൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. ഐ ടി മിഷന്റെ വിവിധ പ്രൊജക്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, സര്‍ക്കാരിന്റെ സൗജന്യ വൈ ഫൈ കണക്ഷനെ പറ്റിയുള്ള വിവരങ്ങള്‍, അക്ഷയയിലൂടെ നല്‍കി വരുന്ന വിവിധ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. റേഷന്‍കാര്‍ഡ് സംബന്ധമായ സേവനങ്ങളും ഇവിടെ ലഭിക്കുന്നുവെന്നതും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ വിവിധതരം പക്ഷികളുടെ മുട്ടകളുടെ പ്രദര്‍ശനവും വിപണനവും പൊടിപൊടിക്കുകയാണ്. വിവിധയിനം താറാവുകളുടെയും കോഴികളുടെയും മുട്ടകളും ഇവിടുണ്ട്. ഇന്‍ക്യുബേറ്ററിന്റെ പ്രവര്‍ത്തനവും നേരിട്ട് മനസിലാക്കാനാവും. പ്രധാന പവലിയനു പുറത്തായി ഒരുക്കിയിരിക്കുന്ന കൃത്രിമ തടാകത്തില്‍ വിവിധ ഇനത്തിലുള്ള താറാവുകളുടെ പ്രദര്‍ശനമാണുള്ളത്. വിഗോവ സൂപ്പര്‍ എം, ചാര, ചെമ്പല്ലി, സ്‌നോ വൈറ്റ് എന്നീ ഇനങ്ങളിലുള്ള താറാവുകളുടെ വിപണനവും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. താറാവിനേയും കുഞ്ഞുങ്ങളേയും വാങ്ങാനായി ആളുകള്‍ മേളയിലേക്കൊഴുകുകയാണ്.
ഫിഷറീസ് വകുപ്പിന്റെ സ്റ്റാളില്‍ വിവിധയിനം മത്സ്യക്കുഞ്ഞുങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. രോഹൂ, സീബ്രാ, നാടന്‍ പരല്‍, ഗോള്‍ഡ് ഫിഷ് , ക്യാറ്റ് ഫിഷ് എന്നിവയുടെ പ്രദര്‍ശനവും ഗപ്പി, ഗൗരാമി, ഗോള്‍ഡ് ഫിഷ്, എന്നിവയുടെ വില്പനയും ഫിഷറീസ് വകുപ്പിന്റെ കീഴില്‍ നടക്കുന്നു.
വേഗതകുറക്കൂ അപകടം ഒഴിവാക്കൂ എന്ന മുദ്രാവാക്യവുമായി മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ കൂടി മത്സരത്തിന്റെ ഭാഗമായതോടെ ജില്ല ഒന്നടങ്കം ഇത് ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്. എംവിഡിക്കൊപ്പം സെല്‍ഫി മത്സരവും മേളയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഒരുക്കിയ ഉത്തരം പറയൂ, ഹെല്‍മെറ്റ് നേടൂ എന്ന മത്സരവും ജനപ്രിയമായി കഴിഞ്ഞു.
ബിഎസ്എന്‍എല്ലിന്റെ നൂതന ടെക്നോളജിയായ ഫൈബര്‍ ടു ദി ഹോം ജനങ്ങളിലേക്ക് എത്തിക്കുയെന്ന ഉദ്ദേശ്യത്തോടെയാണ് ബിഎസ്എന്‍എല്ലിന്റെ സ്റ്റാള്‍ മേളയുടെ ഭാഗമായിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി സിം ഒരാഴ്ചത്തെ വാലിഡിറ്റിയോട് കൂടി ലഭ്യമാക്കുന്നുണ്ട്. രജിസ്ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ ആധാരങ്ങള്‍ സ്വയം തയ്യാറാക്കല്‍ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര പകര്‍പ്പുകള്‍, സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം, സൊസൈറ്റി രജിസ്ട്രേഷന്‍ ആക്ട് പ്രകാരമുളള ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും രജിസ്ട്രേഷന്‍ വകുപ്പിന്റെ സ്റ്റാളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ട്.
വിവിധ തൊഴില്‍ പദ്ധതികളെ കുറിച്ചുള്ള ബോധവത്ക്കരണവും എസ്എസ്എല്‍സി-ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശവും സ്വയം തൊഴില്‍ ചെയ്യാനുള്ള സഹായം എംപ്ലോയിമെന്റ് സര്‍വീസ് വഴി ലഭ്യമാകുന്ന ലോണുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നീ സേവനങ്ങളുമായി സ്റ്റാളില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എംപ്ലോയിമെന്റ് സര്‍വിസിന്റെ സ്റ്റാളും ജനശ്രദ്ധ നേടിയിരിക്കുകയാണ്.
കെഎസ്ഇബിയുടെ സ്റ്റാളില്‍ ഓണ്‍ലൈന്‍ പേയ്മെന്റുകളെ കുറിച്ചും സോളാര്‍ എനര്‍ജിയെ കുറിച്ചുമുള്ള ബോധവത്ക്കരണവും അതിനാവശ്യമായ സഹായങ്ങളും നല്‍കുന്നു. യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മേളയിലെത്തുന്നവര്‍ക്ക് അവളിടം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഭരണ നിര്‍മാണ പരിശീലനവും തൊഴില്‍ അവസരങ്ങളെപ്പറ്റിയുള്ള അവബോധവും നല്‍കുന്നു.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ഒരുക്കിയിരിക്കുന്ന സ്റ്റാളില്‍ ഓണ്‍ലൈന്‍ പേയ്മെന്റ്, മൊബൈല്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാളിംഗ് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗും വനിതകള്‍ക്കുള്ള ലീഗല്‍ കൗണ്‍സിലിംഗുമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്റ്റാള്‍ മേളയില്‍ ഇടം നേടിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, ബൂത്ത് മാറ്റമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്റ്റാളിലേക്ക് സന്ദര്‍ശകരുടെ തിരക്കാണ്. ഹരിത കേരള മിഷനും ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി നടത്തുന്ന മേളയിലെ സ്റ്റാളില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നത്തിന്റെയും പേപ്പര്‍ പേന, പേപ്പര്‍ സ്ട്രോ, തുണികൊണ്ട് നിര്‍മ്മിച്ച സഞ്ചി, തുണി ഉപയോഗിച്ചു നിര്‍മ്മിച്ച പഴ്സ് എന്നിവയുടെ വില്പനയും തകര്‍ക്കുകയാണ്. അമ്പെയ്ത്ത്, സോഫ്റ്റ്‌ബോള്‍, ഹോക്കി ഫെന്‍സിങ്, കളരിപ്പയറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു നല്‍കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്റ്റാളും മേളയില്‍ സജീവമായിരിക്കുകയാണ്.
പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസം, സ്വയം തൊഴില്‍, വീട്, കല്യാണം, ലോണുകള്‍ എന്നീ കാര്യങ്ങളിലെ സംശയനിവാരണവും വേണ്ട സഹായങ്ങളുമായാണ് പിന്നോക്കവിഭാഗത്തിന്റെ സ്റ്റാള്‍ സജ്ജമായിരിക്കുന്നത്. സപ്ലൈകോയുടെ സ്റ്റാളിലെത്തിയാല്‍ ന്യായ വിലയ്ക്ക് വീട്ടുസാധനങ്ങളുമായി മടങ്ങാം. പട്ടികവര്‍ഗ സര്‍വീസ് സഹകരണസംഘം ചെറുതേന്‍, വലിയ തേന്‍, പുളി, ചൂരല്‍ ഫര്‍ണിച്ചറുകള്‍ എന്നിവയുടെ വില്‍പ്പനയുമായി സ്റ്റാളില്‍ ഇടം നേടിയിട്ടുണ്ട്. തുണികള്‍ക്ക് 20 ശതമാനം റിബേറ്റ് നല്‍കിക്കൊണ്ട് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ തുണിത്തരങ്ങളും മേളയിലുണ്ട്.

ഏറെ ലാഭം; പൊടിപൊടിച്ച് സ്‌കൂള്‍ വിപണിയും

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ചകള്‍ ഇനിയുമുണ്ടെങ്കിലും കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാനും എന്റെ കേരളം പ്രദര്‍ശന വിപണനമേള അവസരമൊരുക്കുകയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെയും സപ്ലൈകോയുടെയും സ്റ്റാളുകള്‍. ന്യായവിലയ്ക്ക് സ്‌കൂള്‍ ബാഗും കുടയും ഗുണമേന്മയുള്ള നോട്ടുബുക്കുകളും വീട്ടുസാധനങ്ങളും ഇവിടെ ലഭിക്കുമ്പോള്‍ ഇനിയും എന്തിന് കാത്തിരിക്കണമെന്നാണ് ഇവരുടെ ചോദ്യം. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍ തുടങ്ങി പഠന സാമഗ്രികള്‍ വരെയാണ് വിലക്കുറവില്‍ ലഭിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ മറ്റ് സേവനങ്ങളായ ഇ – ത്രിവേണി, മൊബൈല്‍ ത്രിവേണി, നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവയെക്കുറിച്ച് അറിയാനും സ്റ്റാളിലെത്തിയാല്‍ സാധിക്കും.

എലിപ്പനി പകര്‍ച്ച എങ്ങനെ തടയാം: ശ്രദ്ധേയമായി ആരോഗ്യ സെമിനാര്‍

ആനുകാലിക പ്രസക്ത വിഷയമായ പകര്‍ച്ചവ്യാധികളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച് ആരോഗ്യവകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് എലിപ്പനി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചത്. തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ചിന്താ സുജാത ,ജില്ല ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. നസ്ലിന്‍ എ.സലീം എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉണ്ടായ പകര്‍ച്ചവ്യാധി എലിപ്പനിയായിരുന്നു. പനി സങ്കീര്‍ണമായി എലിപനി ആയി മാറുന്നതിനാല്‍ ലക്ഷണം ഉണ്ടാകുമ്പോള്‍ തന്നെ ചികിത്സ തേടണം. മലിനജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക, എലികളുടെ നിയന്ത്രണത്തിന് മാലിന്യ സംസ്‌കരണം കൃത്യമായി ചെയ്യുക, മലിന ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ ക്ഷീര കര്‍ഷകര്‍ തൊഴുത്ത് വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ എലിപനി വ്യാപനം തടയാം. പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും ഡോ. ചിന്താ സുജാത പറഞ്ഞു.
രോഗിയുടെ ആരോഗ്യത്തിനനുസരിച്ചാണ് രോഗ തീവ്രത കൂടുന്നതെന്നും മറ്റ് രോഗമുള്ളവര്‍ക്ക് എലിപനി സാധ്യത കൂടുതലാണെന്നും രോഗലക്ഷണങ്ങളെ കുറിച്ച് വിശദീകരിച്ച് ഡോ. നസ്ലിന്‍ എ സലാം പറഞ്ഞു. പനി, തലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഡോക്ടറിനെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും ഡോ. നസ്ലിന്‍ ഓര്‍മ്മിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍ തുടങ്ങിയവര്‍ സെമിനാരില്‍ പങ്കെടുത്തു.

എന്റെ കേരളം മേളയില്‍ (15/05/2022)

10.00 തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ തൊഴില്‍ നിയമങ്ങള്‍.
11.30 വനിതാ ശിശുക്ഷേമ വികസനവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ലിംഗനീതിയും വികസനവും.
2.30 വനിതാ ശിശുക്ഷേമ വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പരിപാടികള്‍.
4.00 കരുനാഗപ്പള്ളി ഗിരീഷ് കുമാറും സംഘവും അവരിപ്പിക്കുന്ന ജുഗല്‍ബന്ദി.
5.30 ഗാനമേള. പോലീസ് ഓര്‍ക്കസ്ട്ര, പത്തനംതിട്ട.
5.30 പോലീസ് ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാനാഭ്യാസ പ്രകടനം.
7.30 ഇന്ന് രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന പാട്ടുവഴി.

 

Leave a Reply

Your email address will not be published. Required fields are marked *