പത്തനംതിട്ട ജില്ലാ അറിയിപ്പ് : അതിശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രത പുലര്‍ത്തണം

പത്തനംതിട്ട ജില്ലാ അറിയിപ്പ് : അതിശക്തമായ മഴയ്ക്കു സാധ്യത; ജാഗ്രത പുലര്‍ത്തണം

മഴ സാധ്യത പ്രവചന പ്രകാരം മേയ് 14 മുതല്‍ 16 വരെ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മേയ് 17 മുതല്‍ 18 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

 

അതി ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയയൊര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറാവണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും, മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി മാറി താമസിക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.

Leave a Reply

Your email address will not be published. Required fields are marked *