ജനകീയ മേളക്ക് ഇന്ന് സമാപനം
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. കഴിഞ്ഞ 11ന് ആരംഭിച്ച മേള ഇന്ന് (17) രാത്രി ഒന്‍പതോടെ സമാപിക്കും. ഇതിനോടകംതന്നെ ജനങ്ങള്‍ നെഞ്ചോട് ഏറ്റെടുത്ത മേള തീര്‍ത്തും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ജില്ലക്കാര്‍ക്ക് സമ്മാനിച്ചത്.
ഇന്ന് (17) രാവിലെ 10 ന് ഔദ്യോഗിക സമാപന സമ്മേളനം നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സ്വാഗതവും എഡിഎം അലക്സ് പി തോമസ് നന്ദിയും പറയും.
സമാപനദിവസമായ ഇന്ന് രാവിലെ 11.30ന് ശാസ്ത്രീയ മത്സ്യകൃഷിയും നൂതന സാങ്കേതികവിദ്യകളും, 12.30ന് അതിക്രമനിവാരണ നിയമവും പട്ടികജാതി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളും സെമിനാറുകള്‍ നടക്കും. വൈകിട്ട് മൂന്നിന് കനല്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ കലാവേദിയിലെത്തും. വൈകിട്ട് ആറിന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അവതരിപ്പിക്കപ്പെടും.
കഴിഞ്ഞ 11ന് ആണ് ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേള ആരംഭിച്ചത്. 10,000 ലധികംപേര്‍ ആദ്യ അഞ്ച് ദിവസങ്ങളില്‍ പ്രദര്‍ശന നഗരിയില്‍ എത്തിയതായാണ് കണക്കുകൂട്ടല്‍. 170 സ്റ്റാളുകളിലും ജനങ്ങളുടെ സജീവ ഇടപെടലുണ്ടായി. സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനം സംബന്ധിച്ച സ്റ്റാളുകളിലും വാണിജ്യസ്റ്റാളുകളിലും ഒരുപോലെ ജനത്തിരക്കുണ്ടായി. സെമിനാര്‍ വേദികളിലും കലാവേദിയിലും സന്ദര്‍ശകര്‍ സജീവമായത് ജില്ലയ്ക്കുതന്നെ പുത്തന്‍ അനുഭവമായിക്കഴിഞ്ഞു. കോവിഡ് കാരണം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കലാകാര്‍ക്ക് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടു കൂടിയാണ് കലാപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇന്ന് രാത്രി ഒന്‍പതുവരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
സാരംഗിന്റെ ഗാനമേളയോടെ കലാസന്ധ്യക്കും ഇന്ന് തിരശീലവീഴും
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കലാസന്ധ്യക്കും ഇന്ന് സമാപനം. ജില്ലാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെയാണ് കലാസന്ധ്യക്ക് തിരശീല വീഴുന്നത്. ജില്ലയുടെ സന്ധ്യകള്‍ക്ക് കലയുടെ ചാതുര്യം പകര്‍ന്ന ഏഴ് ദിവസങ്ങള്‍ക്കാണ് ഇതോടെ സമാപനമാകുന്നത്.
ഇതിനിടയില്‍ 20 കലാപരിപാടികളാണ് കലാവേദിയില്‍ അരങ്ങേറിയത്. പാരമ്പര്യ കലകള്‍ മുതല്‍ മിമിക്സ്, ഗാനമേള, നാടകം എന്നിവ വരെ അവതരിപ്പിക്കപ്പെട്ടു. രാത്രി 10 വരെ നീണ്ടുനില്‍ക്കുന്നതായിരുന്നു മിക്കദിവസത്തേയും കലാപിപാടികള്‍. യുഎഇ ഭരണാധികാരിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച 14 ന് നടക്കേണ്ടിയിരുന്ന സുനില്‍ വിശ്വത്തിന്റെ പാട്ടുകളവും അപര്‍ണ രാജീവിന്റെ സ്മൃതി സന്ധ്യയും മാറ്റിവയ്ക്കേണ്ടിവന്നിരുന്നു.
പാരമ്പര്യ കലകളായിരുന്നു ഉദ്ഘാടന ദിനത്തില്‍ അവതരിപ്പിച്ചത്. പുറമടിയാട്ടം, കോല്‍ക്കളി, മുടിയാട്ടം, കഥകളി, കളരിപ്പയറ്റ് എന്നിവയ്‌ക്കൊപ്പം തായില്ലം തിരുവല്ലയുടെ നാടന്‍ പാട്ടും ദൃശ്യവിരുന്നും കൂടിയായപ്പോള്‍ ആദ്യദിനം കൊഴുത്തു. രണ്ടാം ദിനത്തില്‍ കാലന്‍കോലം പടയണിയും വേലകളിയും ബോഡുബെറു നാടന്‍ സംഗീതവും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രി അവതരിപ്പിക്കപ്പെട്ട ഇരുട്ട് നാടകം പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചപ്പാട് പകര്‍ന്നു നല്‍കുന്നതായി. ജീവിതത്തിലേക്ക് കടന്നുവരുന്ന ഇരുട്ടിനെ വെളിച്ചം കൊണ്ട് മറികടക്കേണ്ടതിന്റെ ആവശ്യകത ചിത്രീകരിച്ചതായിരുന്നു നാടകം.
ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഇന്ത്യന്‍ ഗ്രാമോത്സവം കാണികളെ ആവേശം കൊള്ളിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള നൃത്തരൂപങ്ങളാണ് ഇവിടെ അരങ്ങേറിയത്. തൊട്ടുമുമ്പു നടന്ന അജിത്ത് വേണുഗോപാലിന്റെ ഗസല്‍ സന്ധ്യയിലും ശ്രോതാക്കള്‍ ഏറെയായിരുന്നു. കരുനാഗപ്പള്ളി ഗിരീഷ്‌കുമാറിന്റെ ജുഗല്‍ബന്ദിയും പോലീസ് ടീമിന്റെ ഗാനമേളയും രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച പാട്ടുവഴിയും നിറഞ്ഞ സദസിലാണ് അവതരിപ്പിക്കപ്പെട്ടത്. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നാടകം ഓക്‌സിജന്‍ അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായി. കോമഡി മിമിക്രി മഹാമേളയും വിധുപ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേളയും അക്ഷരാര്‍ത്ഥത്തില്‍ ജനത്തെ കയ്യിലെടുക്കുകയായിരുന്നു.
വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും കലാ സംസ്‌കാരിക പരിപാടികള്‍ 12നും കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാജാഥ 13നും നടന്നിരുന്നു. 2.30 ആരംഭിച്ച ഈ പരിപാടികളും ജനപങ്കാളിത്തത്താല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14ന് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു കലാപരിപാടികള്‍. ഓട്ടന്‍തുള്ളല്‍, മാജിക്ഷോ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ബോധവത്കരണം ഫലപ്രദമായി നടത്താനാവുമെന്ന് തെളിയിക്കാന്‍ വകുപ്പിനായി. 15 ന് വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്നു കലാപരിപാടികള്‍.
തികച്ചും വ്യത്യസ്തമായ കലാപരിപാടികള്‍ക്ക് ഇന്നലെ സദസ് സാക്ഷ്യം വഹിച്ചു. ഭിന്നശേഷി കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടേയും ഗ്രൂപ്പുകളുടേയും കലാപരിപാടികള്‍ ഏറെ വ്യത്യസ്തത പുലര്‍ത്തി. ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ കലാപരിപാടികളും ആകര്‍ഷണീയമായി. നിറഞ്ഞ കയ്യടികളോടെയാണ് സദസ് ഈ പരിപാടികളെ പ്രോത്സാഹിപ്പിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള നാടന്‍പാട്ടും കലാ-സാംസ്‌കാരിക പരിപാടികളുമാണ് സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് വേദിയിലെത്തുന്നത്.
ഏഴ് ദിനം, 13 വിഷയങ്ങള്‍; സെമിനാറുകളും ഇന്ന് അവസാനിക്കും
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സെമിനാറുകള്‍ ഇന്ന് അവസാനിക്കും. സൈബര്‍ കുറ്റകൃത്യങ്ങളും സൈബര്‍ സുരക്ഷയും എന്ന കാലികപ്രസക്തമായ വിഷയവുമായാണ് ആദ്യദിനത്തില്‍ സെമിനാറിന് തുടക്കമായത്. പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ വിജ്ഞാന പ്രദവും ഏറെ സംശയങ്ങള്‍ക്ക് നിവാരണം നല്‍കുന്നതുമായി മാറി. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും രണ്ട് സെമിനാറുകള്‍ വീതമാണ് നടന്നത്.
കാലാവസ്ഥാ മാറ്റവും വെല്ലുവിളികളും, എലിപ്പനി പ്രതിരോധവും നിയന്ത്രണവും, വിദ്യാഭ്യാസ നിയമം, പിഡബ്ല്യുഡിയും ജനങ്ങളും, ജന്തുജന്യരോഗങ്ങള്‍, ഞങ്ങളും കൃഷിയിലേക്ക്, തൊഴില്‍ നിയമങ്ങള്‍, ലിംഗനീതിയും വികസനവും, ജീവിതശൈലി രോഗങ്ങളും ആയുര്‍വേദവും, വയോജനക്ഷേമവും സംരക്ഷണവും എന്നീ വിഷയങ്ങളാണ് സെമിനാര്‍ വേദി ചര്‍ച്ച ചെയ്തത്. സമാപനദിവസത്തില്‍ ശാസ്ത്രീയ മത്സ്യകൃഷിയും നൂതന സാങ്കേതികവിദ്യകളും, അതിക്രമ നിവാരണ നിയമവും എസ്.സി. വികസന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും സെമിനാറുകളാണ് നടക്കുക.
സെമിനാറുകള്‍ വിരസമെന്ന പൊതുബോധത്തെ മാറ്റിയെഴുതുകയാണ് പത്തനംതിട്ട ജില്ലക്കാര്‍ ഇത്തവണ ചെയ്തത്. എല്ലാ വിഷയങ്ങളും നിറഞ്ഞവേദിയിലാണ് നടന്നത്. ഇതിനൊപ്പം സംശയങ്ങളുമായി കേള്‍വിക്കാരും പങ്കാളികളായത് സെമിനാറുകള്‍ സജീവമാകാന്‍ വഴിയൊരുക്കി.
സൗജന്യ ചികിത്സയൊരുക്കി ആരോഗ്യ വകുപ്പ്
സംസ്ഥാന സര്‍ക്കാരിന്റെ ഓന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രവര്‍ത്തന മികവില്‍ വ്യത്യസ്തമാകുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അലോപ്പതി- ആയുര്‍വേദ – ഹോമിയോപ്പതി സ്റ്റാളുകളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ പരിശോധന ഒരുക്കിയും, രോഗങ്ങളെക്കുറിച്ചും രോഗികളുടെ സംശയങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശവും നല്‍കിയാണ് വ്യത്യസ്തമാകുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘ആരോഗ്യ കേരളം’ സ്റ്റാളില്‍ അലോപ്പതി പരിശോധന ഒരുക്കിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം എന്നിവ പരിശോധിക്കാനും ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനവും സൗജന്യ ചികിത്സക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സ സൗകര്യവും ഇവിടെയുണ്ട്. എലിപ്പനി, കോളറ, മന്ത് തുടങ്ങിയ രോഗങ്ങള്‍ – രോഗകാരികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ശുചിത്വം പാലിക്കാം തുടങ്ങി ബോധവത്കരണ ഭാഗമായി ഒരുക്കിയിട്ടുള്ള പോസ്റ്റര്‍ പ്രദര്‍ശനവും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. കൊതുക്, ഈച്ച നശീകരണത്തിനുപയോഗിക്കുന്ന ഫോഗ്ഗിംഗ് മെഷീന്‍, യു.എല്‍.വി ആപ്ലിക്കേറ്റര്‍, സ്‌പ്രെയര്‍ എന്നീ ഉപകരണങ്ങളും സ്റ്റാളില്‍ പ്രാദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ ആയൂര്‍വേദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടാതെ സൗജന്യ നേത്ര പരിശോധനയും ചികിത്സയമുണ്ട്. ഔഷധ സസ്യങ്ങളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നീര്‍മരുത്, ആര്യവേപ്പ്, അശോകം, നെല്ലി, ശംഖുപുഷ്പം, വയമ്പ്, ചെറൂള, പനികൂര്‍ക്ക തുടങ്ങി വിവിധയിനം ഔഷധ സ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ പേര് അവയുടെ ശാസ്ത്രീയ നാമം, ഔഷധമായി ഉപയോഗിക്കേണ്ട ഭാഗം, ഏത് തരം രോഗ കാരണങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും പ്ലക്കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് പുറമെ വിവിധ അങ്ങാടി മരുന്നുകളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന മേളയില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളിലും ഡോക്ടറുടെ സൗജന്യ സേവനം ലഭ്യം. ഇവിടെ ശരീരഭാരം, പൊക്കം, ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) എന്നിവ പരിശോധിക്കാനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ബി.എം.ഐ പരിശോധനയില്‍ തൂക്കം, പൊക്കം എന്നിവ അറിയുന്നതിനൊപ്പം അമിത വണ്ണം, തൂക്ക കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ഭക്ഷണ ക്രമീകരണ നിര്‍ദേശങ്ങളും ഡോക്ടര്‍മാര്‍ നല്‍കും. ഇവയ്ക്ക് പുറമെ സൗജന്യ പ്രമേഹ – രക്തസമ്മര്‍ദ പരിശോധനയ്ക്കും സൗകര്യമുണ്ട്. ഹോമിയോ ആശുപത്രികളില്‍ ജനനി, ആയുഷ്മാന്‍ ഭവ, സീതാലയം തുടങ്ങി ഹോമിയോപ്പതിയിലെ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാകുന്ന ചികിത്സാ പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്.
ഡിജിറ്റല്‍ സര്‍വേയെ ജനകീയമാക്കി സര്‍വേ ഭൂരേഖ വകുപ്പിന്റെ സ്റ്റാള്‍
ഡിജിറ്റല്‍ സര്‍വേയ്ക്ക് ഊന്നല്‍ വര്‍ദ്ധിക്കുന്ന ഇക്കാലത്ത് ഡിജിറ്റല്‍ സര്‍വേയുടെ പ്രാധാന്യവും നേട്ടങ്ങളും ജനങ്ങള്‍ക്ക് മനസിലാക്കി കൊടുത്ത് സര്‍വേ ഭൂരേഖ വകുപ്പിന്റെ സ്റ്റാള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സര്‍വേ ഭൂരേഖ വകുപ്പ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ സര്‍വേയെ കുറിച്ച് മനസിലാക്കാനും അതിന്റെ നേട്ടങ്ങളെ കുറിച്ച് നേരില്‍ക്കണ്ട് ബോധ്യപ്പെടാനും ഈ സ്റ്റാളില്‍ സന്ദര്‍ശകരുടെ തിരക്കാണ്.
സര്‍വേയ്ക്കുപയോഗിച്ചിരുന്ന പഴയ ഉപകരണങ്ങളും ഡിജിറ്റല്‍ സര്‍വേയ്ക്കുപയോഗിക്കുന്ന ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ടോട്ടല്‍ സ്‌റ്റേഷന്‍ കണ്‍ട്രോള്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന ജിപിഎസ് സിസ്റ്റം, പഴയ കാലത്ത് ലെവല്‍ എടുക്കാന്‍ ഉപയോഗിക്കുന്ന ഡംപി ലെവല്‍, ആംഗിളുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന തിയോഡലൈറ്റ്, ഡിജിറ്റല്‍ തിയോഡലൈറ്റ്, സര്‍വേ ചെയ്യാന്‍ ഉപയോഗിക്കുന്ന ടോട്ടല്‍ സ്‌റ്റേഷന്‍, എന്നിങ്ങനെയുള്ള ഉപകരണങ്ങളും മോഡല്‍ കോര്‍ സ്‌റ്റേഷനും ലിത്തോ മാപ്പ്, ബ്ലു പ്രിന്റ് , സര്‍വേ മാനുവലുകള്‍ എന്നിവയും സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ സര്‍വേ കൊണ്ടുള്ള നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ ലഘുലേഖകളും സ്റ്റാളില്‍ വിതരണം ചെയ്യുന്നു. അടൂര്‍ റീസര്‍വേ സൂപ്രണ്ട് ഓഫീസിലെ സര്‍വേയറായ ഷിബു ബാലനാണ് സന്ദര്‍ശകര്‍ക്കായി എല്ലാ കാര്യങ്ങളും കൃത്യമായി വിശദീകരിച്ച് നല്‍കുന്നത്.
അതിഥി തൊഴിലാളികളേയും സ്വാഗതം ചെയ്ത് തൊഴില്‍ നൈപുണ്യ സ്റ്റാള്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലേക്കൊഴുകിയെത്തുന്ന അതിഥി തൊഴിലാളികളെ കണ്ട് ഞെട്ടിയിരിക്കുകയാണ് ജില്ലക്കാര്‍. കാരണം തിരക്കിയപ്പോഴാണ് പ്രദര്‍ശന വിപണന മേളയില്‍ ക്രമീകരിച്ചിരിക്കുന്ന തൊഴില്‍ നൈപുണ്യ സ്റ്റാളില്‍ അതിഥിതൊഴിലാളികള്‍ക്കായി ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയിരിക്കുന്ന ആവാസ് പദ്ധതിയിലേക്ക് അപേക്ഷിക്കാനെത്തിയതാണെന്ന് മനസിലാകുന്നത്.
അതിഥി തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ധനസഹായ പദ്ധതിയാണ് ആവാസ് പദ്ധതി. ഇതിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷാഫോമുകളും സ്റ്റാളില്‍ ലഭ്യമാണ്. ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചുമൊക്കെ വിശദീകരിക്കുകയാണ് തൊഴില്‍ നൈപുണ്യ സ്റ്റാള്‍. ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്ഷേമനിധി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ലേബര്‍ ഓഫീസ് നല്‍കുന്ന ധനസഹായം, പെന്‍ഷന്‍ എന്നിവയുടെ അപേക്ഷാഫോമുകളും സ്റ്റാളില്‍ നിന്ന് ലഭിക്കുന്നുണ്ട്.
5 ദിവസം; ഇതുവരെ നടന്നത് 26 ലക്ഷത്തിലധികം രൂപയുടെ ക്രയവിക്രയം
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അഞ്ച് ദിവസം പിന്നിട്ടപ്പോള്‍തന്നെ വിറ്റുവരവ് 26 ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 26,20,581 രൂപ. 5,000ത്തോളം പേര്‍ ഇവിടെനിന്നും വിവിധ സേവനങ്ങള്‍ നേടുകയും ചെയ്തു. എന്റെ കേരളം പ്രദര്‍ശന വിപണന മേള ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന് തെളിവായി മാറുകയാണ് ഈ കണക്കുകള്‍.
കുടുംബശ്രീക്ക് മാത്രം ഇതിനകം 12 ലക്ഷത്തോളം രൂപയുടെ വിറ്റുവരവ് ലഭിച്ചുകഴിഞ്ഞു. ഇതില്‍ 6,74,510 രൂപ ഭക്ഷണ സ്റ്റാളുകളില്‍നിന്നും മാത്രം ലഭിച്ചതാണ്. മേള അവസാനിക്കാന്‍ രണ്ടുദിവസംകൂടി അവശേഷിക്കുന്നതിനാല്‍ അവസാന കണക്ക് 10 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് യൂണിറ്റുകളാണ് ഫുഡ്‌കോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീയുടെ വാണിജ്യ സ്റ്റാളുകളിലും വിറ്റുവരവ് അഞ്ച് ലക്ഷം രൂപ കടന്നു. 15 വരെ 5,21,977 രൂപയുടെ കച്ചവടമാണ് ഈ സ്റ്റാളുകളില്‍ നടന്നത്. ആകെ 15 സ്റ്റാളുകളാണ് കുടുംബശ്രീക്കുള്ളത്. അതില്‍ 55 സംരംഭകരെ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശന വസ്തുക്കള്‍ നിരത്തിയിട്ടുള്ളത്.
മില്‍മ്മയ്ക്ക് 1,70,000 രൂപയുടെ വിറ്റുവരവാണ് ഈ ദിവസങ്ങളില്‍ ലഭിച്ചത്. ഹാന്‍ടെക്‌സിന് 20,000 രൂപയും കൂത്താമ്പുള്ളിക്ക് രണ്ട് ലക്ഷം രൂപയുടേയും വിറ്റുവരവുണ്ട്. ദിനേശ് 95,000 രൂപയുടേയും കയര്‍ഫെഡിന് 15,000 രൂപയുടേയും വിലപ്പന ലഭിച്ചു. എംഎസ്എംഇകളില്‍ 15 ലക്ഷത്തില്‍പരം രൂപയുടെ വിറ്റുവരവാണ് ആദ്യ അഞ്ച് ദിവസത്തിനിടയില്‍ ലഭിച്ചത്.
മറ്റ് സ്റ്റാളുകളിലും മികച്ച വില്‍പ്പന നടക്കുന്നുണ്ട്. തുണിത്തരങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കുമെന്നപോലെ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് ബദല്‍ ഉത്പ്പന്നങ്ങള്‍, കൃഷി, അടുക്കള സാമഗ്രികള്‍, ഉപകരണങ്ങള്‍, സോപ്പുകള്‍, അരി, ഭക്ഷ്യധാന്യപ്പൊടികള്‍, എന്നിവയ്ക്കും ആവശ്യക്കാരേറെ.
ഐടി മിഷന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ള അക്ഷയ കേന്ദ്രത്തിലാണ് സേവനങ്ങള്‍ക്ക് ഏറെയും ആള്‍ക്കാര്‍ എത്തുന്നത്. ആധാര്‍, റേഷന്‍കാര്‍ഡ് സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നു. സൗജന്യ വൈഫൈ കണക്ഷനുള്ള സേവനത്തിനും ആള്‍ക്കാര്‍ വരുന്നുണ്ട്. സൗജന്യമായി യുഎച്ച്‌ഐഡി കാര്‍ഡ് നേടിയെടുക്കാനും തിരക്കുണ്ട്. സൗജന്യ സിംകാര്‍ഡുമായി ബിഎസ്എന്‍എല്ലും സേവനത്തില്‍ മുന്നില്‍തന്നയുണ്ട്.
മൃഗസംരക്ഷണം, ഫിഷറീസ്, ഐ ടി മിഷന്‍, മോട്ടോര്‍വെഹിക്കിള്‍, രജിസ്ട്രേഷന്‍, നാഷണല്‍ എംപ്ലോയിമെന്റ് സര്‍വീസ്, കേരള വൈദ്യുതി ബോര്‍ഡ്, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ്, നഗരസഭ, വനിതാശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, പട്ടിക വര്‍ഗ സര്‍വീസ് സഹകരണ സംഘം, സപ്ലൈകോ, വനിതാ വികസനകോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ സ്റ്റാളുകളിലും വിവിധ സേവനങ്ങള്‍ ലഭ്യമാണ്.
മേളയില്‍ ജനകീയനായി ജനീഷ് കുമാര്‍ എംഎല്‍എ
ഭരണ നിര്‍വഹണം നടത്താന്‍ മാത്രമല്ല ബാസ്‌കറ്റ് ബോള്‍ കളിക്കാനും അറിയാം അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്ക്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി സ്റ്റാളിലാണ് എംഎല്‍എ ബാസ്‌കറ്റ് ബോള്‍ എറിഞ്ഞ് താരമായത്. ആദ്യ അവസരം തെല്ലിട വ്യത്യാസത്തില്‍ വിജയിക്കാതെ പോയപ്പോള്‍ അടുത്ത ബോള്‍ കൃത്യമായി ബാസ്‌ക്കറ്റിലിട്ട് സമ്മാനവും വാങ്ങി എംഎല്‍എ കാണികളെ ഞെട്ടിച്ചു.
എംഎല്‍എയോടൊപ്പം സെല്‍ഫി എടുക്കുവാന്‍ തിരക്കായിരുന്നു മേളയില്‍. എല്ലാ സ്റ്റാളുകളിലും കയറിയിറങ്ങി സ്റ്റാള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞാണ് അദ്ദേഹം സ്റ്റാള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. സ്റ്റാളില്‍ സജീകരിച്ച ബസ് വയര്‍ ഗെയിമിലും ഒരു കൈ നോക്കി. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ കലണ്ടര്‍ കാല്‍ക്കുലേഷന്‍ നടത്തുന്ന ഭിന്നശേഷിക്കാരനായ ക്രിസ്റ്റി തോമസ് അലക്‌സാണ്ടറുടെ അടുത്തും അദ്ദേഹം സമയം ചെലവഴിച്ചു. ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ തിരക്കി. പോലീസിന്റെ വാര്‍ത്താവിനിമയ ശൃംഖല, വയര്‍ലസ് സെറ്റ് പ്രവര്‍ത്തനം എന്നിവയും പരിശോധിച്ചു. സാമൂഹിക നീതി വകുപ്പിന്റെ ജില്ലയിലെ വിവിധ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, ബഡ് സ്‌കൂള്‍ എന്നിവര്‍ നടത്തുന്ന വിപണിയിലെത്തിയപ്പോള്‍ ജനപ്രതിനിധി കുടുംബസ്ഥനായി, വീട്ടിലേക്കുള്ള ഒരു കുപ്പി ലോഷനും വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.
ആഘോഷമായി വര്‍ണപകിട്ട്
സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച വര്‍ണ്ണപകിട്ട് കലോത്സവം ആഘോഷമാക്കി കാണികള്‍. ഉച്ചയ്ക്ക് ശേഷം നടന്ന കലാവിരുന്ന് ജന മനസിലേക്ക് ആഴ്ന്നിറങ്ങി. നാടോടി നൃത്തത്തിലൂടെ പിതാവിന്റെ മദ്യപാനത്തിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടി വന്ന യുവാവിന്റെ രോദനവും പൂമാല വില്‍ക്കുന്ന പെണ്‍കുട്ടിയുടെ നൃത്തവും സദസ് ആസ്വദിച്ചു. ഇവ കൂടാതെ സ്പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും ജില്ലയിലെ വിവിധ ബിആര്‍സികളിലെയും ബഡ്‌സ് സ്‌കൂളിലെയും വിദ്യാര്‍ഥികളുടെ നൃത്തവും കാണികളുടെ കയ്യടി അക്ഷരാര്‍ത്ഥത്തില്‍ നേടിയെടുത്തു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ ചലച്ചിത്ര പിന്നണി അവാര്‍ഡ് ജേതാവായ നീലാംബരിയും പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി. സര്‍ക്കാരിന്റെ മുഖമുദ്രയായ കരുതലിന്റെ ഭാഗമായാണ് ഈ കുരുന്നുകളുടെടെ മികവാര്‍ന്ന പ്രകടനത്തിന് വേദിയൊരുങ്ങിയത്.
രോഗങ്ങളെ പ്രതിരോധിക്കാം ശീലം മാറ്റിയാല്‍
മാറിയ ജീവിത സാഹചര്യം കൊണ്ടുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുളള നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പിന്റെ വിജ്ഞാനപ്രഥമായ സെമിനാര്‍. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ജീവിത ശൈലി രോഗവും ആയുര്‍വേദവും എന്ന വിഷയത്തില്‍ ഡോ. അഖില്‍ ഷൈന്‍ സെമിനാര്‍ അവതരിപ്പിച്ചത്.
ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും അവ മൂലമുളള ശാരീരിക മാനസീക ബുദ്ധിമുട്ടുകളെക്കുറിച്ചും ഡോ. അഖില്‍ ഷൈന്‍ വിശദമാക്കി. ഭക്ഷണത്തില്‍ നാരുകളുടെ അഭാവം, പുകവലി, മദ്യപാനം, വ്യായമ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ജീവിത ശൈലി രോഗങ്ങളിലേക്ക് നയിക്കുന്നത്. മാനസീക സംഘര്‍ഷം ഒഴിവാക്കുന്നതിന് നിത്യവും വ്യായമം ചെയ്യണം. പ്രമേഹം, പൊണ്ണത്തടി, രക്തത്തിലെ കൊഴുപ്പ്, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. സെമിനാറിന് കൊഴുപ്പേകി പീറ്റര്‍ കവിയൂര്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീകുമാര്‍ സെമിനാറില്‍ പങ്കെടുത്തു
ചേച്ചിമാര്‍ ഉഷാര്‍! വൃത്തിക്ക് തെല്ലും കുറവില്ല…
പ്രദര്‍ശന വിപണനമേള സുന്ദരമാക്കുന്നത് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു! ഇവിടെ വൃത്തിയാക്കുന്ന ക്ലീനിങ് സ്റ്റാഫുകള്‍… സത്യത്തില്‍ ശരിയല്ലേ അവരില്ലെങ്കില്‍ ഇതൊക്കെ വൃത്തി ആവില്ലല്ലോ. എറണാകുളത്തുനിന്നും നീല്‍ അസോസിയേഷന്‍ വഴി വന്ന 14 പേരും ജില്ലയില്‍ നിന്നുള്ള 18 പേരും ചേരുന്ന സംഘമാണ് എന്റെ കേരളം പ്രദര്‍ശന നഗരിയെ മനോഹരമായി കാത്തുസൂക്ഷിക്കുന്നത്. സെക്യൂരിറ്റി ജോലിയും ഇവര്‍തന്നെയാണ് നിര്‍വഹിക്കുന്നത്.
അതിരാവിലെ തന്നെ ഇവരുടെ ജോലി തുടങ്ങും. മേള തുടങ്ങുന്ന ഒന്‍പത് മണിക്ക് മുന്നായി പ്രധാനവേദിയും സ്റ്റാളുകളും ഉള്‍പ്പെടെയുള്ള പ്രദര്‍ശന നഗരി വൃത്തിയാക്കിയിരിക്കും.
എറണാകുളം ജില്ലയില്‍നിന്നും ലീല ചേച്ചിയും സഹായത്തിന് സ്നേഹലതയും യമുനചേച്ചിയും പത്തനംതിട്ടയില്‍ നിന്നും 18 പേരടങ്ങുന്ന സംഘമാണ് ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയത്. ഇതില്‍ ഒന്‍പത് പേര്‍ വൃത്തിയാക്കുന്നതിനും ഒന്‍പത്പേര്‍ സെക്യൂരിറ്റി ജോലിക്കുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനമേളയെ മനോഹരിയാക്കാന്‍ നിയോഗിക്കപ്പെട്ടവരില്‍ വടശ്ശേരിക്കരയില്‍ നിന്നും 73 വയസുള്ള രാജമ്മ കുഞ്ഞുഞ്ഞുമുണ്ട്. ലീല ചേച്ചി ഏതാണ്ട് എട്ട് ഒമ്പത് വര്‍ഷമായി ഈ മേഖലയിലേക്ക് കടന്നു വന്നിട്ട്. തുടക്കം എറണാകുളം ഐലന്‍ഡില്‍ ആയിരുന്നു. രാജമ്മ ചേച്ചി കോട്ടയത്തെ മേളയിലും ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ജോലി സംബന്ധമായ കാര്യങ്ങള്‍ കൃത്യമായി അറിയാം. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാനും ഇതിലൂടെ രാജമ്മക്ക് കഴിയുന്നു.
പത്തനംതിട്ട ജില്ലയിലെ മേളയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ സഹകരണം സന്തോഷം നല്‍കുന്നുവെന്ന് ഇവര്‍ പറയുന്നു. മാലിന്യം വലിച്ചെറിയുന്ന സ്വഭാവക്കാര്‍ കുറവാണെന്നതുതന്നെ പ്രധാന കാരണം. ഒപ്പം സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗാമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ മറച്ചുവയ്ക്കുന്നില്ല.
ദിവസം പറയും അത്ഭുത ബാലന്‍
2021 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ ഏതു തീയ്യതി ചോദിച്ചാലും കൃത്യമായി ദിവസം പറയുന്ന ഒരു ഭിന്നശേഷിക്കാരനായ അത്ഭുത ബാലനുണ്ട് വിദ്യാഭ്യസ വകുപ്പിന്റെ സ്റ്റാളില്‍. ക്രിസ്റ്റി തോമസ് അലക്സാണ്ടര്‍ എന്നാണ് അവന്റെ പേര്. ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും അവനെ കാണുവാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ വന്‍ തിരക്കാണ്. ഏതു തീയതി ചോദിച്ചാലും ഉടന്‍ തന്നെ വരും ക്രിസ്റ്റിയുടെ വക ചിരിച്ചു കൊണ്ടുള്ള ഉത്തരം.
ഏഴാം ക്ലാസ് മുതല്‍ തന്നത്താന്‍ വികസിപ്പിച്ചെടുത്തതാണ് ക്രിസ്റ്റി തന്റെ കലണ്ടര്‍ കാല്‍ക്കുലേഷന്‍ എന്ന ഈ കഴിവ്. വെണ്ണിക്കുളം ബി ആര്‍ സി യുടെ കീഴിലുള്ള തെരൂര്‍ ഗവ.ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്രിസ്റ്റി. മെയ് രണ്ട് എന്റെ പിറന്നാളാണ്. അത് ഏതാ ദിവസം എന്നു ചോദിച്ചു കൊണ്ട് കടന്നു വന്ന ഹന്നാ ജോര്‍ജ് എന്ന ഭിന്നശേഷിക്കാരിയായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അത് ചൊവ്വാഴ്ച എന്ന് പുഞ്ചിരിയോടെ പറഞ്ഞ് പിറന്നാളാശംസകളും നേര്‍ന്നാണ് ക്രിസ്റ്റി യാത്രയാക്കിയത്.
കാവ്യ വരയുമായി വിനോദ് സാറും മേളയുടെ ഭാഗമായി
കവിത േകട്ടുകൊണ്ട്, കവിത മുഴുവന്‍ ചിത്രത്തിലാക്കുക… കാവ്യ വരയെന്ന് പേരിട്ട ഈ പരിപാടിയുമായി കൂടല്‍ ജിവിഎച്ച്എസ്എസിലെ മലയാളം അധ്യാപകന്‍ വിനോദ് കുമാറും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലായിരുന്നു വിനോദ് സാറിന്റെ പ്രകടനം.
ഇരയിമ്മന്‍ തമ്പി രചിച്ച ഓമനത്തിങ്കള്‍ കിടാവോ… എന്ന പ്രസിദ്ധ താരാട്ടുപാട്ടിന്റെ അകമ്പടിയോടെ, ആ പാട്ട് മുഴുവന്‍ ചിത്രത്തിലൂടെ അദ്ദേഹം വരച്ചുതീര്‍ത്തപ്പോള്‍ കാണികള്‍ക്കും അത്ഭുതമായി. മലയാളം അക്ഷരങ്ങള്‍ കോര്‍ത്ത് ചിത്രംവരയ്ക്കുന്ന വരമലയാളം കഴിവും വിനോദ് ഇവിടെ പ്രകടിപ്പിച്ചു. ഇതിലൂടെ അക്ഷരങ്ങള്‍ കുട്ടികളുടെ മനസില്‍ അവര്‍ അറിയാതെതന്നെ പതിപ്പിക്കപ്പെടും.
കുട്ടികളെ രസകരമായി പഠിപ്പിക്കുകയെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ പ്രകടനങ്ങളെന്ന് വിനോദ് പറഞ്ഞു. റാന്നി കുമ്മണ്ണൂര്‍ വാഴപ്പള്ളില്‍ വീട്ടിലെ വിനോദ് കുമാര്‍ മികച്ച ചിത്രകലാധ്യാപകന്‍ കൂടിയാണ്.
ഗാനമേളയുമായി ശ്രോതാക്കളെ കയ്യിലെടുത്ത് പോലീസ്
ഇടിക്കാനും കള്ളന്മാരെ പിടിക്കുവാനും മാത്രമല്ല, വേണമെങ്കില്‍ ശ്രുതി മീട്ടി സ്വരാഗസുധയും ഇവര്‍ ഒരുക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കാക്കിക്കുള്ളിലെ കലാകാരന്‍മാര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അഞ്ചാം ദിനം കലാസന്ധ്യ സാക്ഷ്യം വഹിച്ചത് പോലീസിലെ കലാകാരുടെ ഗാനമാധുരിയാണ്. മെലഡിയില്‍ തുടങ്ങി ഇന്നത്തെ തലമുറയുടെ സംഗീതത്തില്‍ എത്തിയതോടെ ഓര്‍മ്മകള്‍ ഓടക്കുഴലൂതിയ സംഗീത രാവിന് സാക്ഷ്യം വഹിക്കുകയായിരുന്നു ജില്ലാ സ്റ്റഡിയം.
മികച്ച ഗാനങ്ങളുടെ പശ്ചാസംഗീതത്തോടെ തുടങ്ങിയ പരിപാടിയില്‍ പ്രണയ ഗാനങ്ങളും മറ്റു ഭാഷാ ഗാനങ്ങളും നാടന്‍ പാട്ടും പാടി ജനമൈത്രി പോലീസായി മാറുകയായിരുന്നു ജില്ലാ സേനാംഗങ്ങള്‍. എസ്. അരുണ്‍ ദേവിന്റെ ഗാനത്തോടെ തുടങ്ങിയ ഗാനമേളയില്‍ എസ്.ഐ മാരായ സജു, റാഫി എന്നിവര്‍ക്കൊപ്പം രാജേഷ്, നാന്‍സി, പ്രിന്‍സ് കൈപ്പട്ടൂര്‍, പ്രദീപ്, ജയകുമാര്‍, ശ്രീരാജ് എന്നിവരായിരുന്നു ഗായകര്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ഗായകനുമായ ഗിരീഷിന്റെ നേതൃത്വത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
മേളയുടെ അഞ്ചാം ദിനം ഉച്ചയോടെതന്നെ കലാവേദി സജീവമായിരുന്നു. വനിതാ ശിശു വികസന വകുപ്പ്സംഘടിപ്പിച്ച കലാപരിപാടികള്‍ ആയിരുന്നു ആദ്യം. ശേഷം കരുനാഗപ്പള്ളി ഗിരീഷ്‌കുമാറും സംഘവും അവതരിപ്പിച്ച വയലിന്‍ ഫ്‌ളൈസ് 2022 എന്ന ജുഗല്‍ബന്ദിയും വ്യത്യസ്തത പുലര്‍ത്തി. രാഹുല്‍ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും സദസിനെ ഇളക്കിമറിച്ചു. പഴയ കാലത്തിന്റെ മനോഹരമായ ദൃശ്യങ്ങളും കൂടി വേദിയില്‍ മിന്നി മറഞ്ഞപ്പോള്‍ അവിസ്മരണീയമായ കലാവിരുന്നിനാണ് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഇന്ന് (17/05/2022)
10.00 എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം. ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്ജ്. അധ്യക്ഷന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
11.30 ശാസ്ത്രീയ മത്സ്യകൃഷിയും നൂതന സാങ്കേതികവിദ്യകളും സെമിനാര്‍. സംഘാടനം ഫിഷറീസ് വകുപ്പ്.
12.30 അതിക്രമനിവാരണ നിയമവും പട്ടികജാതി വികസന വകുപ്പിന്റെ ക്ഷേമ പദ്ധതികളും സെമിനാര്‍. സംഘാടനം പട്ടികജാതി വികസന വകുപ്പ്.
3.00 കനല്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍
6.00 പത്തനംതിട്ട സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള