മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് പത്തനംതിട്ടയില്‍ എന്റെ കേരളം ജനകീയമേള സമാപിച്ചു

 

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയോടെയാണ് സമാപനമായത്. മേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിതരണംചെയ്തു. ആയിരങ്ങള്‍ക്ക് രാവും പകലും സന്തോഷ നിമിഷങ്ങള്‍ ഒരുക്കിയ എന്റെ കേരളം മേള നാടിന്റെ ഉത്സവമായി. മെയ് 11ന് തുടങ്ങിയ പ്രദര്‍ശന- വിപണന- ഭക്ഷ്യ മെഗാമേളയില്‍ ഇതിനകം ഭാഗമായത് പതിനായിരത്തോളം പേരാണ്. സ്ത്രീകളും കുട്ടികളുമടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ജനങ്ങള്‍ മേളയിലേക്ക് ഒഴുകിയെത്തിയത്. കാലാവസ്ഥ സംബന്ധിച്ച ആശങ്കള്‍പോലു കണക്കിലെടുക്കാതെയാണ് അവര്‍ ജില്ലാ സ്‌റ്റേഡിയത്തിലേക്ക് എത്തിയത്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതും സന്ദര്‍ശകരുമായി ക്രിയാത്മകമായി സംവദിക്കുകയും പുതിയ അറിവുകളും വേറിട്ട ഉത്പന്നങ്ങളും അവതരിപ്പിക്കുകയും ചെയ്തതാണ് മേളയിലെ സ്റ്റാളുകളെ ആകര്‍ഷകമാക്കി മാറ്റിയത്. സംഗീത പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കിയ കലാസന്ധ്യയും മേളയുടെ വേദിയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയ കേന്ദ്രത്തിന്റെ നിരവധി സേവനങ്ങള്‍, പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, ആധാറില്‍ മേല്‍വിലാസം മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായം തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കിയത് പൊതുജനങ്ങള്‍ക്ക് സുവര്‍ണാവസരമായി.
സൗജന്യ സേവനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍- ഭക്ഷ്യ-മണ്ണ്-പാല്‍ പരിശോധനകള്‍, അക്ഷയ എന്നിവയുടെ സേവനങ്ങള്‍ സൗജന്യമായി നല്‍കി. ആരോഗ്യം, ഹോമിയോ, ഐ.എസ്.എം. വകുപ്പുകളുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുബന്ധ പരിശോധനകളും ലഭ്യമാക്കിയിരുന്നു. ഗൗരവമേറിയ 13 വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ജില്ലയിലെ കലാകാര്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിനും മേള അവസരമൊരുക്കി. പോലീസ് ഡോഗ് ഷോയും വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയും ശ്രദ്ധേയമായി.
പ്രദര്‍ശന വിപണന മേള ഒരുക്കിയത് 53,875 ചതുരശ്ര മീറ്റര്‍ സ്ഥലത്തായിരുന്നു. സ്റ്റോളുകളും കലാവേദികളും ഭക്ഷണശാലകളും അടക്കം ഈ പ്രദേശത്ത് വിന്യസിച്ചിരുന്നു. 1250 ചതുരശ്ര മീറ്റര്‍ പ്രദേശത്തായിരുന്നു ഓഡിറ്റോറിയം സജ്ജമാക്കിയത്. നമ്മുടെ ഇന്നലെകള്‍ മുതല്‍ നാളെകള്‍വരെ വിശദീകരിക്കുന്ന എന്റെ കേരളം പ്രദശനത്തിന് മാത്രം 1625 ചതുരശ്ര മീറ്റര്‍ സ്ഥലം നീക്കിവച്ചിരുന്നു. സംസ്ഥാനം കടന്നുവന്ന വഴികള്‍, ഇതിനിടയില്‍ കൈവരിച്ച നേട്ടങ്ങളും അഭിമാനങ്ങളും നവകേരള സൃഷ്ടിക്കായി ഇനി കൈവരിക്കേണ്ട ഉയര്‍ച്ചകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഈ പവലിയനിലൂടെ കാണികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.
ശീതീകരിച്ച 179 സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയത്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 79 സ്റ്റാളുകളും 100 കൊമേഴ്സ്യല്‍ സ്റ്റാളുകളുമുണ്ടായിരുന്നു. മികച്ച ടേണോവറാണ് ഇവിടെ ലഭിച്ചത്. രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കുന്ന ഭക്ഷ്യമേളക്ക് മാത്രമായി 1125 ചതുരശ്ര മീറ്റര്‍ നീക്കിവച്ചിരുന്നു. ഇവിടെ പ്രവര്‍ത്തിച്ച കുടുംബശ്രീയുടെ ആറ് സ്റ്റാളുകളിലും മികച്ച വിറ്റുവരവാണ് രേഖപ്പെടുത്തിയത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ നീണ്ടുനില്‍ക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമായിരുന്നു.

ജില്ല ഹൃദയം കൊണ്ട് സ്വീകരിച്ച പ്രദര്‍ശന-വിപണനമേള : മന്ത്രി വീണാജോര്‍ജ്

സര്‍ക്കാരിന്റെ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ടയിലെ ജനങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവന സ്റ്റാളുകളും വാണിജ്യ സ്റ്റാളുകളും ജനങ്ങള്‍ ഒരുപോലെ പ്രയോജനപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ ഈ മേളയിലൂടെ സാധിച്ചു. ജില്ല കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിജയകരമായ വലിയ മേളയാണ് നടന്നത്. ജനപങ്കാളിത്തം കൊണ്ട് മേള ശ്രദ്ധ നേടി. കാലാവസ്ഥ പ്രതികൂലമായിട്ടുപോലും ആളുകള്‍ മേളയിലേക്ക് ഒഴുകിയെത്തി. ഒരു തവണ കണ്ട് മടങ്ങിയവര്‍ വീണ്ടും വീണ്ടും മേള കാണാനെത്തിയത് മേളയുടെ മികവ് ഒന്നുകൊണ്ട് മാത്രമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും അവരവരുടെ സ്റ്റാളുകള്‍ മികച്ച രീതിയിലൊരുക്കാന്‍ കഷ്ടപ്പെട്ടു. ആദ്യ അഞ്ചു ദിവസത്തെ വിറ്റുവരവ് മുപ്പത് ലക്ഷം രൂപയ്ക്ക് അടുത്താണ്. ഇത്തരം കൂടിച്ചേരലുകള്‍ക്ക് ജില്ലയില്‍ സാധ്യതകളുണ്ടെന്ന് കൂടി ഈ മേള മനസിലാക്കി തന്നുവെന്നും ഇതിന് വേണ്ടി മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വികസനരംഗത്ത് ഭാവിയിലേക്ക് വേണ്ട ഘടകങ്ങള്‍ രൂപപ്പെടുത്തി അടുത്ത തലമുറയ്ക്ക് നല്‍കുകയെന്ന വലിയ കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച് സംസാരിച്ച മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. അത്തരം കാഴ്ചപ്പാടുകള്‍ വേഗത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കും. എന്നാല്‍ അതിന്റെ ആവശ്യകതയെ ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കുന്നുവെന്ന വലിയ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല, ജനങ്ങളുടെ സന്തോഷത്തിന്റെ സൂചികയെ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുവാനുള്ള വലിയ യജ്ഞമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരളത്തിന്റെ വളര്‍ച്ച വ്യക്തമാക്കുന്ന തരത്തിലുള്ള സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വികസനത്തില്‍ ഓരോ മുഖ്യമന്ത്രിമാരുടേയും പങ്കാളിത്തം വ്യക്തമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മേളയിലുള്‍പ്പെടുത്തി ഏറ്റവും ചിട്ടയോടു കൂടിയാണ് ജില്ലാ ഭരണകൂടം എന്റെ കേരളം പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചത്. കേരളത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും അറിയേണ്ടത് ആവശ്യമാണെന്നും അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും ഈ മേളയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും നദികള്‍, തോടുകള്‍ എന്നിവയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ചും ഈ മേള വ്യക്തമായി പ്രതിപാദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിളംബരജാഥയിലെ പങ്കാളിത്തം, മികച്ച തീം-കൊമേഴ്സ്യല്‍ സ്റ്റാളുകള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയവയിലെ വിജയികള്‍ക്ക് ആരോഗ്യമന്ത്രി വീണാജോര്‍ജ് സമ്മാനം വിതരണം ചെയ്തു.
അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ, അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളസീധരന്‍ പിള്ള, ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, എന്‍സിപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.മാത്തൂര്‍ സുരേഷ്, കേരളാ കോണ്‍ഗ്രസ് (ബി) പി.കെ ജേക്കബ്, എന്‍സിപി ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി, കേരള കോണ്‍ഗ്രസ് (എസ്) ജനറല്‍ സെക്രട്ടറി ബി.ഷാഹുല്‍ ഹമീദ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍മഹല്‍, എഡിഎം അലക്സ് പി തോമസ്, ഐപിആര്‍ഡി മേഖലാ ഉപഡയറക്ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: വിജയികളെ പ്രഖ്യാപിച്ചു

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. വിളംബര ഘോഷയാത്രയില്‍ തൊഴില്‍ വകുപ്പ് (ദൃശ്യവത്കരണം, പങ്കാളിത്തം) ഒന്നാംസ്ഥാനം നേടി. രണ്ടാം സ്ഥാനം: ആരോഗ്യവകുപ്പിനും (പങ്കാളിത്തം, ബോധവത്കരണം) മൂന്നാംസ്ഥാനം എക്സൈസ് വകുപ്പിനും (ബോധവത്കരണം) ലഭിച്ചു. ബിജു കുര്യന്‍ (പ്രസ് ക്ലബ് സെക്രട്ടറി), സണ്ണി മര്‍ക്കോസ് (ചീഫ് സബ് എഡിറ്റര്‍, ദേശാഭിമാനി), സജിത് പരമേശ്വരന്‍ (സ്പെഷല്‍ കറസ്പോണ്ടന്റ് മംഗളം) എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ കണ്ടെത്തിയത്.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച തീം സ്റ്റാളായി കിഫ്ബി തെരഞ്ഞെടുക്കപ്പെട്ടു. പോലീസ് സ്റ്റാള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍
മൂന്നാംസ്ഥാനം എക്സൈസും മോട്ടോര്‍വാഹന വകുപ്പും പങ്കുവച്ചു. വാണിജ്യ സ്റ്റാള്‍ വിഭാഗത്തില്‍ ജഗന്‍സ് ഫുഡിനാണ് ഒന്നാംസ്ഥാനം: രണ്ടാം സ്ഥാനം ചാക്കോ വുഡ് ടേണിംഗ്, ഷാജി തോമസ് വുഡ് ആന്‍ഡ് കോക്കനട്ട് ഷെല്‍ എന്നിവര്‍ പങ്കുവച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ മൂന്നാംസ്ഥാനം നേടി.
ബിജു കുര്യന്‍ (പ്രസ് ക്ലബ് സെക്രട്ടറി), ബിജു മോഹന്‍ (ബ്യൂറോ ചീഫ്, കേരള കൗമുദി) എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് സ്റ്റാളുകള്‍ വിലയിരുത്തി വിജയികളെ നിശ്ചയിച്ചത്. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഫലകവും ഇന്നലെ രാവിലെ 10 ന് ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ് സമ്മാനിച്ചു.
മറ്റ് മത്സരഫലങ്ങള്‍
സൈക്കിള്‍ സ്ലോ റേസ്: ഒന്നാം സ്ഥാനം – കെ.എസ് ഷിബിന്‍. രണ്ടാം സ്ഥാനം- പി.വി വിഷ്ണു
സെല്‍ഫി കോമ്പറ്റീഷന്‍: ഒന്നാം സ്ഥാനം – അനന്തു അശോക്. രണ്ടാം സ്ഥാനം – ടി.ബി റഫീഖ്
ഉപന്യാസം -ഒന്നാം സ്ഥാനം- എ.ആര്‍ദ്ര.
പോസ്റ്റര്‍ ഡിസൈനിംഗ് -ഒന്നാം സ്ഥാനം – ലക്ഷ്മിപ്രിയ
പ്രസന്റേഷന്‍ മിനിയേച്ചര്‍- ഒന്നാം സ്ഥാനം – വി.ജയകൃഷ്ണന്‍
ടെക്നിക്കല്‍ പ്രസന്റേഷന്‍-ഒന്നാം സ്ഥാനം- ആദര്‍ശ് ആനന്ദ്
ചിത്രരചനാമത്സരം: ഒന്നാം സ്ഥാനം- എസ് അഭിഷേക്. രണ്ടാം സ്ഥാനം – വൈഷ്ണവ് എം മനോജ്. മൂന്നാം സ്ഥാനം – നിര്‍മല്‍ ശിവകൃഷ്ണ
പത്താംതരം തുല്യതാവിഭാഗം: ഒന്നാം സ്ഥാനം- വി.ആര്‍ രമാദേവി. രണ്ടാം സ്ഥാനം – ജെ. അജിതാകുമാരി
ഹയര്‍സെക്കന്‍ഡറി തുല്യതാവിഭാഗം: ഒന്നാം സ്ഥാനം – ശ്രീദേവി സുരേഷ്. രണ്ടാം സ്ഥാനം- എന്‍.രാധാമണി.

ആദ്യ പരിശ്രമത്തില്‍തന്നെ പന്ത് നെറ്റില്‍; താരമായി മാത്യു ടി. തോമസ്

ആദ്യ പരിശ്രമത്തില്‍തന്നെ ബാസ്‌ക്കറ്റ് ബോള്‍ നെറ്റിലെത്തിച്ച് മാത്യു ടി. തോമസ് എംഎല്‍എ കാഴ്ചക്കാരെ ഞെട്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്‌സൈസ് വകുപ്പിന്റെ സ്റ്റാളിലാണ് ഈ കൗതുകം അരങ്ങേറിയത്.
ഇതിനോടകം വിപണന മേളയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സ്റ്റാള്‍ ആയിരുന്നു എക്‌സൈസിന്റേത്. പരിശീലനം നേടിയ കായിക താരത്തെ പോലെ പന്തില്‍ രണ്ട് തട്ട്; പിന്നെ നേരെ നെറ്റിലേക്ക്. പന്ത് കൃത്യമായി നെറ്റിനുള്ളിലൂടെ വീഴ്ത്തി എംഎല്‍എ സ്റ്റാറായി. തന്റെ മണ്ഡലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സ്റ്റാളും അദ്ദേഹം സന്ദര്‍ശിച്ചു.

വയ്യായ്മകളെ അവഗണിച്ച് ഓമല്ലൂര്‍ ശങ്കരന്‍ എത്തി

വയ്യായ്മകളെ അവഗണിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളന വേദിയിലെത്തിയത് സദസ്യര്‍ക്ക് ഏറെ ആവേശമുണര്‍ത്തി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം എഴുന്നേറ്റ് അധികനേരം നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ വേദിയിലെ ഇരിപ്പിടത്തില്‍ ഇരുന്നാണ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. നിറഞ്ഞ കയ്യടികളോടെയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.
ഏപ്രില്‍ 24 ന് സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ വച്ച് അമിതവേഗത്തിലെത്തിയ പിക്കപ് വാനിടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഗുരുതര പരുക്കുണ്ടാകുകയായിരുന്നു. സെന്റ് പീറ്റേഴ്സ് ജംക്ഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന സ്വാഗതസംഘം ഓഫിസില്‍ നിന്നിറങ്ങി എതിര്‍വശത്തു നിര്‍ത്തിയിട്ട കാറിലേക്കു കയറാന്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ അമിതവേഗത്തിലെത്തിയ പിക്കപ് വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ അദ്ദേഹത്തെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് പൊട്ടല്‍ ഉള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം സ്വാഗതസംഘം ഓഫിസില്‍ ഉണ്ടായിരുന്ന മന്ത്രി വീണാ ജോര്‍ജാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മുന്‍കയ്യെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *