ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 38 -ാം ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു

 

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ (എസ്.സി.ടി.ഐ.എം.എസ്.ടി) 38-ാമത് ബാച്ചിന്റെ വാര്‍ഷിക ബിരുദദാന സമ്മേളനം തിരുവനന്തപുരത്തെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്നു.

ആരോഗ്യമേഖലയിലും മെഡിക്കല്‍ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും വികസനത്തിലും അഭൂതപൂര്‍വമായ മികച്ചപ്രവര്‍ത്തനങ്ങളാണ് നാം കൈവരിച്ചതെന്ന് മുഖ്യാതിഥിയായിരുന്ന സ്ഥാപക ഡയറക്ടറും നാഷണല്‍ പ്രൊഫസറുമായ പ്രൊഫ.എം.എസ്.വലിയത്താന്‍ പറഞ്ഞു.

ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് ശ്രീചിത്ര കൂടുതല്‍ സംഭാവന നല്‍കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്ര വാല്‍വോ ബ്ലഡ് ബാഗോ വികസിപ്പിച്ച സമയത്ത നമുക്ക് വിദേശ രാജ്യങ്ങളുമായി സഹകരണമോ വിദേശ വിദഗ്ധരില്‍ നിന്ന സഹായം തേടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാ വിഭവങ്ങളും ഇവിടെ ലഭ്യമാണ്, മെഡിക്കല്‍ ഉപകരണങ്ങളുടെ തദ്ദേശീയ വികസനത്തിന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഡോ . വല്യത്താൻ പറഞ്ഞു.

ഈ ബിരുദദാന ചടങ്ങ് അവിസ്മരണീയമായ സംഭവമാണെന്നും ശ്രീചിത്രയില്‍ നിന്ന് ബിരുദം നേടിയത് വിദ്യാര്‍ത്ഥികളുടെ ഭാഗ്യമാണെന്നും ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്ന ഐ.ഐ.ടി മദ്രാസ് ഡയറക്ടര്‍ ഡോ.വി.കാമകോടി പറഞ്ഞു. മെഡിക്കല്‍ മേഖലയും സാങ്കേതികവിദ്യയും കൂട്ടിയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

മെഡിക്കല്‍ രംഗത്തെ ഡാറ്റാ സയന്‍സസും സാങ്കേതികവിദ്യയും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള ഏറ്റവും മികച്ച സ്ഥലമാണ് എസ്.സി.ടി.ഐ.എം.എസ്.ടി.മെഡിക്കല്‍ സാങ്കേതികവിദ്യാ മേഖലകളില്‍ കൂടുതല്‍ അക്കാദമിക് പരിപാടികള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് നിഗമനം അദ്ദേഹം അതരിപ്പിച്ചു, ക്ലിനിക്ക് ശാസ്ത്രജ്ഞരെ അവിടെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

എസ്.സി.ടി.ഐ.എം.എസ്.ടി അലുമ്‌നി വെബ്‌സൈറ്റും ഡോ.വി.കാമകോടി ഉദ്ഘാടനം ചെയ്തു. 2022ലെ മികച്ച ഗവേഷണ അന്വേഷകനുള്ള പ്രശസ്തമായ പ്രൊഫ.എം.എസ്.വലിയത്താൻ പുരസ്‌ക്കാരം ഹൃദ്രോഗശാസ്ത്രത്തിലെ ഉയര്‍ന്ന നിലവാരമുള്ള ഗവേഷണങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും ഹൃദ്‌രോഗ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. എസ് ഹരികൃഷ്ണന് നല്‍കി.

2022-ലെ മികച്ച ബയോമെഡിക്കല്‍ ടെക്‌നോളജി ഇന്നൊവേഷന്‍ പുരസ്‌ക്കാരം ബി.എം.ടി വിംഗിലെ എക്‌സ്ട്രാ കോര്‍പ്പറല്‍ ഉപകരണങ്ങളുടെ വിഭാഗത്തിലെ എഞ്ചിനീയര്‍ ഇ, ശരത് എസ് നായര്‍ക്കും സമ്മാനിച്ചു.

ബയോമെഡിക്കല്‍ സാങ്കേതികവിദ്യാ നൂതനാശയങ്ങള്‍ക്കായി ബി.എം.ടി വിംഗിന്റെ മോളിക്യുലാര്‍ മെഡിസിന്‍ വിഭാഗത്തിലെ ജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ അനൂപ് കുമാര്‍ ടിയ്ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കി.

2022ലെ മികച്ച പൊതുജനാരോഗ്യ ഗവേഷണ പദ്ധതിക്കുള്ള പുരസ്‌ക്കാരം പൊതുജനാരോഗ്യമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജീമോന്‍.പിയ്ക്ക് സമ്മാനിച്ചു. 2021-ലെ പ്രശസ്തമായ ശാന്തി സ്വരൂപ് ഭട്‌നാഗര്‍ പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

”ജലാറ്റിന്‍-മോഡിഫൈഡ് കോളിസിസ്റ്റ്-ഡിറൈവ്ഡ് സ്‌കാഫോള്‍ഡ് (പരിഷ്‌ക്കരിച്ച ജലാറ്റിനില്‍ കോളിസിസ്റ്റില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്‌കാഫോള്‍ഡ്) ആന്‍ജിയോജനസിസ് പ്രോത്സാഹിപ്പിക്കുകയും പ്രമേഹ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു എന്ന ഗവേഷണ പ്രബന്ധത്തിന് 2022 ലെ മികച്ച പ്രസിദ്ധീകരിച്ച പ്രബന്ധത്തിനുള്ള പുരസ്‌ക്കാരം ഡോ. മഞ്ജുള പി.എം കരസ്ഥമാക്കി.

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ.വിജയകുമാര്‍ സരസ്വത് അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ബിരുദങ്ങള്‍ വിതരണം ചെയ്തു. എസ്.സി.ടി.ഐ.എം.എസ്.ടി ഡയറക്ടര്‍ പ്രൊഫ. സഞ്ജയ് ബിഹാരി യോഗത്തെ സ്വാഗതം ചെയ്യുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക്, ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രൊഫ. സി.കേശവദാസ് നന്ദി പറഞ്ഞു. എസ്.സി.ടി.ഐ.എം.എസ്.ടി യുടെ മുന്‍ ഡയറക്ടര്‍മാരായ, തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയും പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി എന്നിവരും ബിരുദദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

ഡി.എം, എം.സിഎച്ച്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, കാര്‍ഡിയാക് ആന്‍ഡ് ന്യൂറോളജിക്കല്‍ സ്‌പെഷ്യാലിറ്റികളിലെ പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പി.എച്ച്ഡി, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എംഫില്‍, എം.എസ് പ്രോഗ്രാമുകള്‍ എന്നിവ പൂര്‍ത്തിയാക്കി 2021ല്‍ ബിരുദം നേടിയ 168 സീനിയര്‍ റസിഡന്റുമാുരും , പി.എച്ച്ഡി സ്‌കോളേഴ്‌സും, വിദ്യാര്‍ഥികളുമാണ് ബിരുദങ്ങള്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *