കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉള്ള പതിനേഴ് ക്ഷേത്രങ്ങളിലെ കൊടിമരത്തിനു ഉള്ള തേക്ക് വൃക്ഷ പൂജ ചെയ്തു മുറിയ്ക്കാന്‍ ഉള്ള നിയോഗം കോട്ടയം പള്ളിക്കത്തോട് വരിക്കാശേരില്‍ സന്തോഷിനു ലഭിച്ചത് ദൈവ നിയോഗമായി കരുതുന്നു .
ഇന്നും ഒരു തേക്ക് മരം കൊടിമരത്തിന് വേണ്ടി മുറിച്ചു .അത് കൊല്ലാം ശാസ്താംകോട്ട ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന് വേണ്ടി . കോന്നി വനം ഡിവിഷനിലെ കോന്നി വനത്തിലെ 1954 നെല്ലിടാംപാറ തേക്കുതോട്ടത്തിൽനിന്നാണ് കൊടിമരത്തിനുള്ള തേക്ക് കണ്ടെത്തിയത്.കോന്നി വനം ഡിവിഷനിലെ കുമ്മണ്ണൂർ വന മേഖലയായ ആദിച്ചന്‍ പാറയ്ക്ക് സമീപം ഉള്ള കൊണ്ടോടിയില്‍ ആണ് ലക്ഷണമൊത്ത തേക്ക് മരങ്ങള്‍ ഉള്ളത് . ശബരിമല അയ്യപ്പ ക്ഷേത്രത്തിലടക്കം അനേക ക്ഷേത്രങ്ങളിലെ കൊടിമരത്തിന് ആവശ്യമുള്ള തേക്ക് മരം ഇവിടെ നിന്നാണ് മുന്‍പ് കൊണ്ട് പോയത് .
തേക്ക് മരം മുറിയ്ക്കുന്നതിനു മുന്നോടിയായി ക്ഷേത്ര ഭാരവാഹികള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തി താംബൂലം സമര്‍പ്പിക്കുകയും കരിക്ക് പടേനി സമര്‍പ്പിക്കുകയും ഊരാളിയെകൊണ്ട് വിളിച്ചു ചൊല്ലിക്കുകയും ചെയ്തു . തേക്ക് മരത്തില്‍ കെട്ടുവാന്‍ ഉള്ള പട്ടും മാലയും കാവില്‍ നിന്നും പൂജിച്ചു നല്‍കി . കല്ലേലി കാവില്‍ എത്തി പിടിപ്പണം സമര്‍പ്പിച്ച ശേഷം താംബൂലം വെച്ച് ഊരാളിയെ കൊണ്ട് വിളിച്ചു ചൊല്ലിച്ച ശേഷമേ മറ്റു ക്ഷേതങ്ങളിലേക്ക് ഉള്ള തേക്ക് മരങ്ങള്‍ പൂജിച്ചു മുറിക്കൂ . തേക്ക് മരം താഴെ വീഴാതെ ക്രയിനില്‍ പൊക്കി ലോറി മുകളില്‍ വെച്ചാണ് കൊണ്ട് പോകുന്നത് . പിന്നീട് ക്ഷേത്രത്തില്‍ എത്തിച്ചു പ്രത്യേക പുര ഉണ്ടാക്കി ചെത്തി മിനുക്കിയ തേക്ക് മരം പ്രത്യേക ആയൂര്‍വേദ കൂട്ടും മറ്റും ചേര്‍ത്തു എണ്ണ തോണിയില്‍ കിടത്തും . നിത്യവും പൂജകള്‍ നല്‍കി ആറു മാസം കഴിയുമ്പോള്‍ ആണ് തോണിയില്‍ നിന്നും തേക്ക് മരം നിവര്‍ത്തി കൊടിമരത്തിന് ഉള്ള പരുവത്തില്‍ ചിട്ടപ്പെടുത്തുന്നത് . പിന്നീട് ആഘോക്ഷപൂര്‍വ്വം ക്ഷേത്രത്തിനു മുന്നില്‍ കൊടി മരം ഉയര്‍ത്തുന്നു . വിശേഷ ദിനങ്ങളില്‍ കൊടിക്കൂറ പാറിക്കും .