പത്തനംതിട്ട നഗസഭ ബസ്സ്റ്റാൻഡ് നവീകരണം പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു

പത്തനംതിട്ട നഗസഭ ബസ്സ്റ്റാൻഡ് നവീകരണം പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു
    ബസ്സ്റ്റാൻഡ് യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് കഴിഞ്ഞ കൗൺസിൽ യോഗം അംഗീകാരം നൽകിയിരുന്നു. യാർഡ് ബലപ്പെടുത്തുന്നതിനൊപ്പം കെട്ടിടം കൂടുതൽ മനോഹരമാക്കി പൊതുജനങ്ങളെ ആകർഷിക്കാനാണ് കൗൺസിൽ ഉദ്ദേശിക്കുന്നത്. കെട്ടിട സമുച്ചയത്തിലെ മൊത്തം 112 കടമുറികളിൽ 32 കടമുറികളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. കെട്ടിട നിർമാണത്തിലെ അശാസ്ത്രീയതയാണ് മുകളിലത്തെ നിലയിലെ ഏതാണ്ട് എല്ലാ മുറികളും ഒഴിഞ്ഞു കിടക്കാൻ കാരണമായതെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. മുകൾ നിലയിലെ കടമുറികൾക്ക് രണ്ട് വശത്തുമായി നിർമ്മിച്ചിരിക്കുന്ന പാരപ്പറ്റ് കടമുറികളുടെ ദർശനം മറയ്ക്കുന്ന നിലയിലാണ്. കൂടാതെ ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മുകളിലത്തെ നിലയിലേക്ക് എത്തുന്നതിനുള്ള പ്രവേശന മാർഗങ്ങളുമില്ല. ഇക്കാരണത്താലാണ് കടമുറികൾ വാടകയ്ക്ക് പോകാത്തതെന്നാണ് പ്രാഥമിക നിഗമനം. കടമുറികൾ ലേലത്തിൽ പോകാത്തതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷങ്ങളിലായി നഗരസഭാ കൗൺസിലിന് ഉണ്ടായത്.  ഒന്നാം നിലയിലെ പാരപ്പെറ്റുകൾ ഒഴിവാക്കാനും മുൻവശത്തു നിന്നും കൂടുതൽ പ്രവേശന മാർഗ്ഗങ്ങൾ നൽകാനുമാണ് ആലോചിക്കുന്നത്. കെട്ടിടത്തിന്റെ മുൻവശത്തെ പാർക്കിംഗ് പൂർണമായും ഒഴിവാക്കി സായാഹ്ന വിശ്രമ കേന്ദ്രങ്ങൾ നിർമിക്കാനും ഉദ്ദേശിക്കുന്നു. ബസ്റ്റാൻഡ് യാർഡിനോട് ചേർന്നുള്ള വിശാലമായ ഭാഗം പാർക്കിംഗിനായി ക്രമീകരിക്കും. നഗരസഭാ പുതിയ ബസ്റ്റാൻഡ് മാസ്റ്റർപ്ലാനിന്റെ ഭാഗമാക്കി പ്രത്യേക സ്കീം ഏരിയ ആക്കുന്നതിനും ആലോചിക്കുന്നു. ബസ്റ്റാൻഡ് നവീകരണത്തിന് ആവശ്യമായ രൂപരേഖ ജില്ലാ ടൗൺപ്ലാനിംഗ് വിഭാഗം തയ്യാറാക്കും. ജില്ലാ ടൗൺപ്ലാനിംഗ് ഓഫീസിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധ സേവനം ഉറപ്പാക്കും. കെട്ടിടത്തിന്റെ സ്കെച്ച് തയാറാക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ജില്ലാ ടൗൺ പ്ലാനിങ് വിഭാഗം സന്ദർശനം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷെമീർ.എസ്, ജെറി അലക്സ്, ജില്ലാ പ്ളാനിംഗ് സമിതി അംഗം പി.കെ.അനീഷ്, ടൗൺ പ്ളാനർ അരുൺ.ജി, അസിസ്റ്റൻറ് ടൗൺ പ്ളാനർ വിനീത്, മുനിസിപ്പൽ സെക്രട്ടറി ഷെർളാ ബീഗം,  എൻജിനീയർ എസ്. സുധീർ രാജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *