സംസ്ഥാന നികുതി വകുപ്പ് പിടികൂടിയത് 350 കിലോ സ്വർണ്ണം
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 350.71 കിലോഗ്രാം സ്വർണ്ണം. മതിയായ രേഖകൾ ഇല്ലാതെയും, അപൂർണ്ണവും, തെറ്റായതുമായ രേഖകൾ ഉപയോഗിച്ചു കടത്തിയ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപ സർക്കാരിന് ലഭിച്ചു.
സ്വർണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇന്റലിജൻസ് വിഭാഗം നടത്തിയ മികച്ച പ്രവർത്തനത്തിന്റെ ഫലമായാണ് ഇത്രയും സ്വർണ്ണം പിടികൂടാൻ കഴിഞ്ഞത്. വാഹന പരിശോധനയിലൂടെയും, ജൂവലറികൾ, ഹാൾ മാർക്കിങ് സ്ഥാപനങ്ങൾ, സ്വർണ്ണാഭരണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപവും നടത്തിയ പരിശോധനകളിൽ നിന്നാണ് 306 കേസുകളിലായി ഇത്രയും സ്വർണ്ണം പിടികൂടിയത്.
സ്വർണ്ണാഭരണങ്ങൾ, ഉരുക്കിയ സ്വർണ്ണം, സ്വർണ്ണ ബിസ്‌കറ്റുകൾ തുടങ്ങിയ സ്വർണ്ണമാണ് പിടിച്ചെടുത്തത്. 2020-21 സാമ്പത്തിക വർഷം 133 കേസുകളിൽ 87.37 കിലോ സ്വർണ്ണം പിടികൂടി 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം 350.71 കിലോഗ്രാം സ്വർണ്ണം പിടികൂടുകയും 14.62 കോടി വരുമാനം നേടുകയും ചെയ്തത്.
സംസ്ഥാനത്ത് നടക്കുന്ന ചരക്ക് സേവന നികുതി വെട്ടിപ്പുകൾ തടയാനായി ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തുന്ന വാഹന പരിശോധനകൾ, ടെസ്റ്റ് പർച്ചേസുകൾ, കട പരിശോധനകൾ എന്നിവ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ പറഞ്ഞു.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ കേൽക്കർ, സ്‌പെഷ്യൽ കമ്മീഷണർ ഡോ. വീണ എൻ. മാധവൻ, എന്നിവരുടെ നേതൃത്ത്വത്തിൽ, കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (എൻഫോഴ്‌സ്‌മെന്റ്), തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് ഇന്റലിജൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നത്.