കോവിഡ് മഹാമാരിക്കു ശേഷം വീണ്ടും സ്‌കൂളുകളില്‍ കുട്ടികളുടെ കളിചിരികള്‍ നിറഞ്ഞു. മാസ്‌കും പുത്തനുടുപ്പും കുടയും ബാഗുമായി കുരുന്നുകള്‍ എത്തി. അടൂര്‍ സബ്ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഏഴംകുളം ഗവ എല്‍പി സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ സ്‌കൂളുകള്‍ എല്ലാം തന്നെ കുട്ടികളെ സ്വീകരിക്കാന്‍ സജ്ജമായിരുന്നെന്നും കുട്ടികളുടെ കളിചിരികളാല്‍ സ്‌കൂളുകള്‍ മുഖരിതമായെന്നും വിദ്യാലയങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പ എന്ന് തുടങ്ങുന്ന നാടന്‍ പാട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചടങ്ങില്‍ ആലപിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍പിള്ള അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാപ്രഭ മുഖ്യപ്രഭാഷണം നടത്തി. ബോക്ക് പഞ്ചായത്ത് മെമ്പര്‍ എസ്. രഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജയന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാമണി ഹരികുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ എസ്. ഷിജ, ബാബു ജോണ്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാ ദാസ്, അനില്‍ നെടുമ്പള്ളില്‍, ഡി. ഡാനിയല്‍, അന്‍സിയ, എസ്.ആര്‍.സി. നായര്‍, ഏഴംകുളം മോഹന്‍കുമാര്‍, സ്മിത എം. നാഥ് പ്രധാന അധ്യാപകന്‍ ഡി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.