കൈക്കൂലി : വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിന്‍സിന്‍റെ കെണിയില്‍ വീണു

 

പത്തനംതിട്ട: വസ്തു പോക്കുവരവിന് കണക്കു പറഞ്ഞ് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലിന്‍സിന്റെ കെണിയില്‍ വീണു. ചെറുകോല്‍ വില്ലേജ് ഓഫീസര്‍ പ്രമാടം സ്വദേശി രാജീവ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു എന്നിവരെയാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.

ചെറുകോല്‍ സ്വദേശി ഷാജി ജോണിന്റെ പരാതിയിലാണ് വിജിലന്‍സ് കെണിയൊരുക്കിയത്. കഴിഞ്ഞ മാസം പകുതിയോടെ ചെറുകോല്‍ വില്ലേജ് ഓഫീസില്‍ പോക്കുവരവ് ചെയ്തു കിട്ടുന്നതിന് ഷാജി അപേക്ഷ നല്‍കിയിരുന്നു. നാല് തവണ നേരിട്ടെത്തുകയും നിരവധി തവണ ഫോണിലൂടെ ബന്ധപ്പെടുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല.

ഈ വസ്തുവിന്റെ പോക്കുവരവ് ബുദ്ധിമുട്ടുളള കേസാണെന്നാണ് ഷാജിയോട് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച വില്ലേജ് ഓഫീസില്‍ എത്തിയ പരാതിക്കാരനോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ജിനു കൈക്കൂലിക്കായി കൈനീട്ടി. ഷാജി 500 രൂപ കൊടുത്തപ്പോള്‍ അതു പോരെന്ന് പറഞ്ഞു. എത്ര വേണമെന്ന് ഷാജി ചോദിച്ചപ്പോള്‍ 5000 രൂപ കൊണ്ടു വരാനാണ് വില്ലേജ് ഓഫീസര്‍ രാജീവ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ജിനുവിന്റെ മിസ്ഡ് കാള്‍ കണ്ട് ഷാജി തിരികെ വിളിച്ചപ്പോള്‍ നേരത്തേ പറഞ്ഞ കൈക്കൂലിയുമായി ഇന്ന് ഉച്ചയോടെ വില്ലേജ് ഓഫീസില്‍ എത്തിയാല്‍ ശരിയാക്കിത്തരാമെന്ന് അറിയിച്ചു.

തുടര്‍ന്ന് ഷാജി ജോണ്‍ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്പി ഹരി വിദ്യാധരനെ സമീപിച്ചു. ഡിവൈ.എസ്പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം കെണിയൊരുക്കി. ഉച്ചയ്ക്ക് 12 മണിയോടെ വില്ലേജ് ഓഫീസിനുള്ളില്‍ വച്ച് ജിനുവും രാജീവും കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ആറു മാസത്തിനിടെ വില്ലേജ് ഓഫീസില്‍ കൈക്കൂലി വാങ്ങി പിടിയിലാകുന്ന പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഓഫീസര്‍ ആണ് രാജീവ്. ഓമല്ലൂര്‍ വില്ലേജ് ഓഫീസര്‍ മാസങ്ങള്‍ക്ക് മുന്‍പ് പിടിയിലായിരുന്നു. അറസ്റ്റിലായ പ്രതികളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍, അനില്‍കുമാര്‍, അഷ്‌റഫ്, എസ്.ഐ ജലാലുദ്ദീന്‍ റാവുത്തര്‍, സിപിഓമാരായ രാജേഷ്‌കുമാര്‍, ഷാജി പി. ജോണ്‍, ഹരിലാല്‍, അനീഷ് രാമചന്ദ്രന്‍, അനീഷ് മോഹന്‍, ഗോപകുമാര്‍, ജിനു, അജീര്‍, അജീഷ്, രാജീവ്, വിനീത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *