രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടികൾ അറസ്റ്റിൽ

 

പത്തനംതിട്ട : മുറ്റത്ത് സൈക്കിൾ ചവുട്ടിക്കൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടികൾ അറസ്റ്റിൽ. മധ്യപ്രദേശ് ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75-ൽ, നങ്കുസിങ് (27), മധ്യപ്രദേശ് പിൻഡ്രഖി പാഖ്ട്ടല ഖർഗഹന വാർഡ്
നമ്പർ 16-ൽ സോണിയ ദുർവ്വേ (27) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്.

വെച്ചൂച്ചിറ കൊല്ലമുള വെൺകുറിഞ്ഞിയിൽ ഇന്ന് രാവിലെ പത്തിനാണ് സംഭവം. പുള്ളോലിക്കൽ വീട്ടിൽ കിരണിന്റെയും സൗമ്യയുടെയും മകൻ വൈഷ്ണവിനെയാണ് (2 വയസ്) പ്രതികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആഹാരം കഴിച്ചശേഷം കുട്ടി സൈക്കിൾ ചവിട്ടുന്നത് കണ്ടിട്ടാണ് അമ്മ സൗമ്യ കിരൺ വീട്ടിൽ അടുക്കളപ്പണിയിൽ ഏർപ്പെട്ടത്.
സൗമ്യയും ഭർത്താവിന്റെ മാതാപിതാക്കളും വൈഷ്ണവുമാണ് വീട്ടിൽ താമസിക്കുന്നത്. കിരൺ
വിദേശത്താണ്, ഭർത്താവിന്റെ അമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. അല്പം കഴിഞ്ഞ് മുറ്റത്ത് അനക്കം കേൾക്കാതെയിരുന്നപ്പോൾ സംശയം തോന്നിയ സൗമ്യയും കുട്ടിയുടെ വല്യമ്മയും പരിസരമാകെ തെരഞ്ഞുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സൈക്കിൾ,
വീടിനുമുന്നിലെ റോഡിൽ മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.

ബഹളം വച്ച് ഇരുവരും രണ്ടുഭാഗത്തേക്ക് കുട്ടിയെ അന്വേഷിച്ച് പാഞ്ഞു. വീട്ടിൽ നിന്നും 150 മീറ്റർ മാറി രണ്ടുപേർ കുട്ടിയുടെ കയ്യിൽ പിടിച്ചു നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർസംശയം തോന്നി നാടോടികളെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന്
വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. വീട്ടുമുറ്റത്ത് അതിക്രമിച്ചകയറിയ നാടോടികൾ ഭിക്ഷാടനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ തട്ടിക്കൊണ്ടുപോയതാണോ
എന്നുതുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അതിക്രമിച്ചുകടക്കലിനും തട്ടിക്കൊണ്ടുപോകലിനും പുറമെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് അന്വേഷണം ഊർജ്ജിതപ്പെടുത്താനും, ഇവർക്കൊപ്പം വേറെയും അംഗങ്ങൾ ഉണ്ടോ എന്നതും മറ്റും വിശദമായി അന്വേഷിക്കാനും നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *