കോന്നി മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത് വന്‍ വികസന പദ്ധതികള്‍: മന്ത്രി വീണാ ജോര്‍ജ്
അത്യാധുനിക ലേബര്‍ റൂമും ബ്ലഡ്ബാങ്കും
തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് പ്രധാന മെഡിക്കല്‍ കോളോജുകളെപ്പോലൈ കോന്നി മെഡിക്കല്‍ കോളേജിനേയും മാറ്റാന്‍ വലിയ പ്രയത്‌നമാണ് നടന്നു വരുന്നത്.
സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കും. ലേബര്‍ റൂമും ബ്ലഡ് ബാങ്കും യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്‍.ഐ., കാത്ത്‌ലാബ്, ന്യൂറോളജി സേവനനങ്ങള്‍, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്‍, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ടയില്‍ ഒരു മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് 2012ല്‍ റവന്യു വകുപ്പിന്റ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്‍ഷങ്ങളോളം കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2020ലാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയതും ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചതും.
ഈ സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിയുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കോന്നി മെഡിക്കല്‍ കോളേജില്‍ ഒപി, ഐപി, അത്യാഹിത വിഭാഗം ആരംഭിച്ചു. അക്കാഡമിക് ബ്ലോക്ക് പൂര്‍ത്തീകരിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ജീവനക്കാരെ നിയമിച്ചു.
കോന്നി മെഡിക്കല്‍ കോളേജിന്റെ വിപുലീകരണത്തിന് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്. കിഫ്ബിയില്‍ നിന്നും 351.72 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 264.50 കോടി രൂപ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കും 87.22 കോടി രൂപ ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനും വേണ്ടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂര്‍ അത്യാഹിത വിഭാഗം, ഫാര്‍മസി, ലാബ് സേവനങ്ങള്‍, എക്‌സ്‌റേ വിഭാഗം, കോവിഡ് അഡ്മിഷന്‍, ട്രയാജ്, കുഹാസ് അഫിലിയേഷന്‍, അള്‍ട്രാസൗണ്ട്, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ സജ്ജമാക്കി പ്രവര്‍ത്തനമാരംഭിച്ചു.
എല്ലാ ക്ലിനിക്കല്‍ ഒപികളും ഈ വര്‍ഷം ജനുവരി 22ന് ആരംഭിച്ചു. ഇതോടൊപ്പം പാരിസ്ഥിക അനുമതിയും നേടിയെടുത്തു. മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് കോഴ്‌സ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഓക്‌സിജന്‍ പ്ലാന്റ്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ സ്ഥാപിച്ചു. എല്‍എംഒ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6.75 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നല്‍കി. ഇതിലൂടെ പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാനാണ് കോന്നി മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നത്. കൂടാതെ അത്യാധുനിക നേത്ര ചികിത്സ, സര്‍ജറി, ഓര്‍ത്തോപീഡിക് സര്‍ജറി എന്നിവയ്ക്ക് വേണ്ടിയുള്ള സംവിധാനമൊരുക്കുക എന്നിവയ്ക്കുമാണ് തുകയനുവദിച്ചത്. ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വളരെ വേഗത്തില്‍ നടന്നു വരികയാണ്.
ഇതുകൂടാതെ കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ഫി വഴി 19.5 കോടി രൂപ അനുവദിച്ചു. അക്കാഡമിക് ബ്ലോക്ക്, 2 മോഡ്യുലാര്‍ തീയറ്റര്‍, ബ്ലഡ്ബാങ്ക്, പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗം എന്നിവ സജ്ജമാക്കാനാണ് തുകയനുവദിച്ചത്. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റലുകള്‍, ഡീന്‍ വില്ല, ലോണ്‍ട്രി, എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.