പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്

 

ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക് നല്‍കുന്നു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് സംസാരിക്കുന്നു:

അടിസ്ഥാന സൗകര്യവികസനം
പൊതുജനങ്ങള്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന കുടുംബാരോഗ്യകേന്ദ്രം, അങ്കണവാടികള്‍, സ്‌കൂള്‍, വെറ്ററിനറി ആശുപത്രി തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധിക്കുന്നു. പഞ്ചായത്തിലെ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായും കൃത്യമായും സേവനം ലഭ്യമാക്കുന്നുണ്ട്.

മാലിന്യ സംസ്‌കരണം
ശുചിത്വത്തിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കുന്നു. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നതിന് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനൊപ്പം വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും എല്ലാ വാര്‍ഡുകളിലും ഹരിതകര്‍മ്മസേന പ്രവര്‍ത്തിക്കുന്നു. ശേഖരിക്കുന്ന മാലിന്യം മിനി എം സി എഫിലേക്കും പിന്നീട് പ്രധാന എംസിഎഫിലേക്കും അവിടെ നിന്ന് ക്ലീന്‍ കേരള കമ്പനിക്കും കൈമാറി നല്‍കുന്നു. സമ്പൂര്‍ണ വെളിയിട വിസര്‍ജനമുക്ത പഞ്ചായത്തിനുള്ള ഒഡിഎഫ് പ്ലസ് പദവി ലഭിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും ഉപയോഗയോഗ്യമായ ശൗചാലയം, കൃത്യമായ പരിപാലനമുള്ള പൊതുശൗചാലയം, വൃത്തിയുള്ളതും മലിനജലം കെട്ടിക്കിടക്കാത്തതും പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം ഇല്ലാത്തതുമായ പൊതു ഇടങ്ങളുമാണ് പഞ്ചായത്തിന് ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായത്. ജൈവമാലിന്യ സംസ്‌കരണത്തിന് റിംഗ് കംപോസ്റ്റുകളും ബക്കറ്റ് കംപോസറ്റുകളും വിതരണം ചെയ്തു.

ആരോഗ്യം
പഞ്ചായത്തിനെ മലമ്പനിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. കോവിഡ് സമയത്ത് പരാതിരഹിതമായ സേവനം ലഭ്യമാക്കി. പഞ്ചായത്തില്‍ ആവശ്യക്കാരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതില്‍ പ്രത്യേക ക്രമീകരണം ഒരുക്കി വിജയകരമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

കൃഷി
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ പച്ചക്കറി, വാഴ, കിഴങ്ങുവര്‍ഗം, ഇടവിള കൃഷി ആരംഭിച്ചു. വികസന ഫണ്ടിന്റെ 25 ശതമാനവും കൃഷിക്കായി ഉപയോഗിക്കുന്നു. റബര്‍ കൃഷിയാണ് ഈ പ്രദേശങ്ങളില്‍ കൂടുതല്‍.

ശുദ്ധജലം
വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. 10 കിലോമീറ്റര്‍ ദൂരം പഞ്ചായത്ത് അതിരിലൂടെ പമ്പാ നദി ഒഴുകുന്നു. 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ആറ്റു തീരത്തെ കിണറുകളിലും ജല ലഭ്യത കുറഞ്ഞു. വേനല്‍ക്കാലത്ത് പഞ്ചായത്തില്‍ എല്ലായിടത്തും ടാങ്കറില്‍ വെള്ളം വിതരണം ചെയ്തു. ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ചെറുകോലിലും സമീപ പഞ്ചായത്തായ നാരങ്ങാനത്തും റാന്നി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുമായി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള 89.61 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു. ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പ് ഹൗസും ചെറുകോല്‍ പഞ്ചായത്തിലായിരിക്കും. ജലജീവന്‍ പദ്ധതി പൂര്‍ണമായും നടന്നാല്‍ പഞ്ചായത്തിലെ എല്ലാ മേഖലകളിലും ശുദ്ധജലം എത്തിക്കാനും ജലക്ഷമത്തിന് ശാശ്വത പരിഹാരം കാണാനുമാകും.

നദീസംരക്ഷണം
നദീസംരക്ഷണവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ ബോര്‍ഡിന്റെ എല്ലാ പദ്ധതികളും നടപ്പാക്കുന്നു. പഞ്ചായത്തിന്റെ സഹകരണത്തോടെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാമച്ചം നട്ടു. ഇറിഗേഷന്‍ വകുപ്പ് നദിയുടെ ഇടിഞ്ഞു പോയ തീരം കെട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *