ജനങ്ങളുടെ മനസും ഭൂപ്രദേശത്തിന്റെ ഭൗതിക സാഹചര്യങ്ങളും അറിഞ്ഞ് പദ്ധതി കൃത്യമായി വിഭാവനം ചെയ്യാനാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
ഭൂപ്രദേശം മനസിലാക്കി ആവശ്യം തിരിച്ചറിഞ്ഞ് വികസനം എത്തിക്കാന്‍ കഴിയണം. ജനങ്ങളുടെ ജീവിത സാഹചര്യമനുസരിച്ച് വികസനം സാധ്യമാക്കാനുള്ള സ്വാതന്ത്ര്യം അധികാര വികേന്ദ്രീകരണത്തിലൂടെ ലഭ്യമായതോടെ, വലിയ മാറ്റങ്ങളാണ് നാടിന് ഉണ്ടായത്. സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് വലിയൊരു പദ്ധതിയാണ് നടപ്പാക്കുന്നത്. ഇത്തരം പദ്ധതികളില്‍ തുടര്‍പ്രവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ വിജയിക്കുകയുള്ളുവെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ഓഗസറ്റ് മാസം പകുതിയോടെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നും വേഗത്തിലും കൃത്യമായും പദ്ധതി പൂര്‍ത്തീകരണം സാധ്യമാക്കുമെന്നും സെമിനാറില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കരിമ്പുകൃഷി, ജൈവവളം, നദികളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നൂതന പദ്ധതികള്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തുക ചെലവഴിക്കുന്നത് ക്രിയത്മകവും ഗുണപരവുമായിരിക്കണം. ജില്ലയുടെ വികസനം സാധ്യമാക്കുന്നതിന് ആസൂത്രണ രംഗത്ത് ഇടപെടുന്നതിനുള്ള കൂട്ടായ്മ ജില്ലയില്‍ വളര്‍ത്തിയെടുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ പദ്ധതിരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, രാജി. പി. രാജപ്പന്‍, ജെസി അലക്സ്, ജോര്‍ജ് എബ്രഹാം, ജിജോ മോഡി, വി.റ്റി. അജോമോന്‍, റോബിന്‍ പീറ്റര്‍, സി. കൃഷ്ണകുമാര്‍, ജി. ശ്രീനാദേവി കുഞ്ഞമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരന്‍പിള്ള, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, സെക്രട്ടറി കെ.കെ. ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.