പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതിയോഗം

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം. അടൂര്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് അടിയന്തിര ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തണമെന്നും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു കച്ചവടങ്ങള്‍ സജീവമായത് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍പിളള അധ്യക്ഷത വഹിച്ച യോഗത്തില്‍ അടൂര്‍ എല്‍.ആര്‍ തഹസില്‍ദാര്‍ പി ഐ മുംതാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തണം :കോഴഞ്ചേരി താലൂക്ക് വികസന സമിതി

റോഡിലെ കുഴികള്‍ അടിയന്തരമായി നികത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം വിലയിരുത്തി. റോഡിലെ കുഴികള്‍ മനുഷ്യജീവന് ഭീഷണിയാകുന്നു. പ്രധാനമായും പത്തനംതിട്ട കുമ്പഴ മുതല്‍ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ വരെയാണ് റോഡില്‍ കൂടുതലായും കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ വരുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ അനിയന്ത്രിത വേഗത, ശബ്ദം, വെളിച്ചം, ഹോണ്‍ എന്നിവ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും.

അതോടൊപ്പം ജില്ലയില്‍ പ്രളയത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ദ്രുതകര്‍മ്മ സേനയുടെ ഒരു സ്ഥിരം ക്യാമ്പ് വേണമെന്നും മുന്‍സിപ്പാലിറ്റികളില്‍ രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ജോലി ചെയ്യുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കുന്നില്ലെന്നും യോഗം വിലയിരുത്തി. തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

 

സൗജന്യ പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും ആട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലും സജീവ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ വൈ.എം.സി.എ ഹാളില്‍ നിര്‍വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സേവ്യര്‍. എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളെ കൂടാതെ ബോര്‍ഡ് ജീവനക്കാരായ പ്രീതാ.എസ്.പിള്ള, എസ്.ആര്‍ ജയശ്രീ, കെ. ശ്രീജിത്ത്, വിഘ്നു രാജ് എന്നിവര്‍ പങ്കെടുത്തു.

ലാറ്ററല്‍ എന്‍ട്രി പ്രവേശനം

2022-23 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശനറാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 17 ന് നോഡല്‍ പോളിടെക്നിക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. രജിസ്ട്രേഷന്‍ സമയം: രാവിലെ ഒന്‍പത് മുതല്‍ 11 വരെ.

പ്ലസ്ടൂ /വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ / കെ.ജി.സി.ഇ വിഭാഗത്തില്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ ഒരേസമയം പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത മാത്യകയിലുള്ള പ്രോക്സിഫോം (അപേക്ഷകനും രക്ഷിതാവും ഒപ്പിട്ടത്) ഹാജരാക്കണം. അപേക്ഷകന്‍ ഹാജരാകുന്ന ജില്ലയില്‍ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ നിര്‍ബന്ധമായും കൊണ്ടു വരണം. മറ്റ് ജില്ലകളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കിയാല്‍ മതിയാകും. പട്ടികജാതി /പട്ടികവര്‍ഗം /ഒ.ഇ.സി വിഭാഗത്തില്‍പെടാത്ത എല്ലാവരും സാധാരണഫീസിനു പുറമേ സ്പെഷ്യല്‍ഫീസ്- 10,000 രൂപ കൂടി അടക്കണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ്ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 4000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് ക്യാഷായി നല്‍കണം.

നാഷണല്‍ ലോക് അദാലത്ത്

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് സെപ്റ്റംബര്‍ 13ന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത്. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും മറ്റ് ബാങ്കുകളുടെയോ സ്ഥാപനങ്ങളുടെയും പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും നിലവില്‍ കോടതിയില്‍ പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്ക പരിഹാര കേസുകളും അദാലത്തില്‍ പരിഗണിക്കും. ഫോണ്‍ : 0468 2 220 141.

നവജീവന്‍ സ്വയം തൊഴില്‍ പദ്ധതി

കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് മുഖാന്തിരം സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ‘നവജീവന്‍ ‘എന്ന പേരില്‍ പുതിയ സ്വയംതൊഴില്‍ സഹായ പദ്ധതി നടപ്പാക്കുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50-65 മദ്ധ്യേ പ്രായപരിധിയിലുള്ള വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി പ്രകാരം അപേക്ഷ നല്‍കാം. അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ക്ക് 50000 രൂപ വരെ ബാങ്ക് വായ്പ അനുവദിക്കുന്നതും ബാങ്ക് വായ്പയുടെ 25 ശതമാനം എംപ്ലോയ്മെന്റ് വകുപ്പ് മുഖാന്തിരം സബ്സിഡി അനുവദിക്കുന്നതുമാണ്. 55 വയസ് കഴിഞ്ഞ വിധവകള്‍, ഭിന്നശേഷിക്കാര്‍, ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും അപേക്ഷാ ഫാറം സൗജന്യമായി ലഭിക്കും. വകുപ്പിന്റെ www.eemployment.kerala.gov.in എന്ന സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് താലൂക്കുകളിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം. ഫോണ്‍ 0468 2 222 745.

ജില്ലാ ആസൂത്രണ സമിതി യോഗം 17 ന്

ജില്ലാ ആസൂത്രണ സമിതി യോഗം 17ന് ഓണ്‍ലൈനായി ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

 

കോഴികുഞ്ഞ് വിതരണം

പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 16 ന് രാവിലെ ഒന്‍പതിന് 45 മുതല്‍ 60 ദിവസം വരെ പ്രായമുളള മുന്തിയ ഇനം കോഴുക്കുഞ്ഞുങ്ങളെ 120 രുപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ അന്നേദിവസം എത്തി നേരിട്ടു വാങ്ങാണം. ഫോണ്‍ : 0468 2270908.

നിര്‍മല ഗ്രാമം നിര്‍മല നഗരം നിര്‍മല ജില്ലാ പദ്ധതിയും സംയോജിത പ്ലാസ്റ്റിക്ക് പാഴ്‌വസ്തു സംഭരണ കേന്ദ്ര ശിലാസ്ഥാപനം

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശുചിത്വ – മാലിന്യ സംസ്‌കരണത്തിന് രൂപം നല്‍കിയിരിക്കുന്ന നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലാ പരിപാടിയുടെ ഉദ്ഘാടനവും കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ ക്ലീന്‍ കേരളാ കമ്പനിയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്‌കരണ വ്യവസായ കേന്ദ്രത്തിന്റേ ശിലാസ്ഥാപവും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ടി. ഗോവിന്ദന്‍ മാസ്റ്റര്‍ (12) വൈകുന്നേരം നാലിന് നിര്‍വഹിക്കും. മാത്യു.ടി.തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ,ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

അഭിമുഖം 16ന്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 16ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ടെക്ക് ബിരുദമാണ് യോഗ്യത.

ഗ്രാമശ്രീ കോഴികള്‍

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ മൂന്ന് മാസം പ്രായമായ ഗ്രാമശ്രീ കോഴികള്‍ ഇപ്പോള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ 8078 572 094 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് കൃഷിവിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു.

കെവികെയിലെ വിപണന കേന്ദ്രങ്ങളുടെ സേവനം രണ്ടാം ശനിയാഴ്ചയും ലഭിക്കും

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിപണന കേന്ദ്രങ്ങളും, മുട്ടുമണ്ണില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സഹായ കേന്ദ്രവും ഓഗസ്റ്റ് പതിമൂന്നാം തീയതി മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും.

ഫലവൃക്ഷത്തൈകള്‍, പച്ചക്കറി തൈകള്‍, ജൈവീക രീതിയില്‍ കൃഷി ചെയ്യാന്‍ സഹായിക്കുന്ന കീട- കുമിള്‍നാശിനികള്‍, ജൈവവളങ്ങള്‍, സൂക്ഷ്മ മൂലക കൂട്ടുകള്‍, മൂന്നുമാസം പ്രായമായ ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങള്‍ എന്നിവയും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കെ വി കെ യില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സീനിയര്‍ സയന്റിസ്റ്റ് ആന്‍ഡ് ഹെഡ് ഐ.സി.എ.ആര്‍ കൃഷി വിജ്ഞാന കേന്ദ്രം, കാര്‍ഡ്,പത്തനംതിട്ട എന്ന മേല്‍വിലാസത്തിലോ 0469-2661821( എക്സ്റ്റന്‍ഷന്‍ 214), 8078572094 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *