വാറ്റുചാരായം പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

അനധികൃതമായി ചാരായം വിൽപ്പന നടത്തുകയും സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്നതായുള്ള രഹസ്യ സന്ദേശത്തെതുടർന്ന് നടത്തിയ പരിശോധനയിൽ നാലര ലിറ്ററോളം വ്യാജ ചാരായവും, വാറ്റുപകരണങ്ങളും മറ്റും പന്തളം പോലീസ് പിടിച്ചെടുത്തു. അടൂർ ഡി വൈ എസ് പിയുടെ നിർദേശപ്രകാരം, പന്തളം പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ രണ്ട് പ്രതികളും പിടിയിലായി. ചാരായം വാങ്ങാനെത്തിയ ഒരാൾ ഓടിരക്ഷപ്പെട്ടു. മുടിയൂർക്കോണം ചെറുമലയിൽ സ്വകാര്യ വ്യക്തിയുടെ വീടിനു പരിസരത്തായിട്ടായിരുന്നു വ്യാജവാറ്റും കച്ചവടവും നടന്നുവന്നത്. ചുറ്റുമതിലില്ലാത്ത വീടിന്റെ കിഴക്കുഭാഗത്ത് താൽക്കാലികമായി ടാർപ്പോളിൻ വലിച്ചുകെട്ടിയ ഷെഡിന്റെ മുൻവശത്തു നിന്നാണ് പ്രതികളെയും വാറ്റുപകരണങ്ങളും മറ്റും പോലീസ് പിടിച്ചെടുത്തത്.10 ലിറ്റർ കൊള്ളുന്ന കന്നാസിൽ നാലര ലിറ്ററോളം വ്യാജചാരായം ഉണ്ടായിരുന്നു. ഒരുപ്രതിയുടെ പോക്കറ്റിൽ നിന്നും 100 രൂപയും പിടിച്ചെടുത്തു. കുളനട പനങ്ങാട് കിഴക്കേ ഇടവട്ടം കോളനിയിൽ ശെൽവകുമാറിന്റെ മകൻ ഗിരീഷ് (22), കടയ്ക്കാട് പടിഞ്ഞാറേ പീടികയിൽ കുഞ്ഞുമോന്റെ മകൻ ജോമോൻ (34)എന്നിവരാണ് പിടിയിലായത്. ചാരായത്തിന് പുറമെ, വാറ്റുപകരണങ്ങളും അലുമിനിയം പാത്രങ്ങൾ, ഗ്ലാസ്, പ്ലാസ്റ്റിക് കന്നാസ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ രാജേഷ് കുമാർ, എസ് സി പി ഓ രാജു, സി പി ഓമാരായ അമീഷ്, പ്രതീഷ്, രാജേഷ് എന്നിവരാണുള്ളത്. പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *