വനിതാ കമ്മിഷന്‍ സിറ്റിങ് :19 പരാതികള്‍ തീര്‍പ്പാക്കി
പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല സിറ്റിങ്ങില്‍ 19 പരാതികള്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.
ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിക്ക് അയച്ചു. 39 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ആകെ 64 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അയല്‍വാസി തര്‍ക്കങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, ഗാര്‍ഹിക ചുറ്റുപാടിലുള്ള പരാതികള്‍ എന്നിവയാണ് അദാലത്തില്‍ ഏറെയും ലഭിച്ചത്. പാനല്‍ അഭിഭാഷകരായ അഡ്വ. എസ് സബീന, അഡ്വ. ആര്‍ രേഖ, കൗണ്‍സിലര്‍ അമല എല്‍ ലാല്‍, വനിതാ സെല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപ മോഹന്‍, സ്മിത രാജി എന്നിവര്‍ പങ്കെടുത്തു.
ലഹരിക്കെതിരേ കായിക ലഹരിയുമായി ജില്ലാ എക്സൈസ് വിമുക്തി മിഷന്‍
ജില്ലാ എക്സൈസ് വിമുക്തി മിഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ദി ചലഞ്ച് അക്സെപ്റ്റഡ് ‘ ജില്ലാതല കായിക മത്സരം ജില്ലാ ഡപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.എ സലിം ഉദ്ഘാടനം ചെയ്തു.
ഫുട്ബോള്‍, വോളിബോള്‍, ഖോ-ഖോ എന്നീ ഇനങ്ങളില്‍ താലൂക്ക് തലത്തില്‍ വിജയികളായവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ സി.കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ മുഖ്യാതിഥിയായി.
ഫുട്ബോള്‍ മത്സരത്തില്‍ എം.എസ്.എച്ച്.എസ്.എസ് റാന്നി ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ് പുറമറ്റം മല്ലപ്പള്ളി രണ്ടാം സ്ഥാനവും, വോളിബോള്‍ മത്സരത്തില്‍ എസ്എന്‍ഡിപി എച്ച്എസ്എസ് മുട്ടത്തുക്കോണം ഒന്നാം സ്ഥാനവും, സെന്‍മേരിസ് ഗവ. ഹൈസ്‌കൂള്‍ കുന്നന്താനം രണ്ടാം സ്ഥാനവും നേടി. ഖോ – ഖോ മത്സരത്തില്‍ സെന്റ് ജോര്‍ജ് എച്ച്. എസ് ചുങ്കത്തറ വിജയികളായി. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രൂപീകരിച്ച ടീം വിമുക്തി ക്ലബ്ബുകളെ സംഘടിപ്പിച്ചാണ് മത്സരം നടത്തിയത്.
വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍ ,എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി, ജില്ലാ മാനേജര്‍ ടി ഗോപാലകൃഷ്ണന്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്. അജി, ജില്ലാ സെക്രട്ടറി അയൂബ്ഖാന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ശ്യാം, കായിക അധ്യാപകരായ സോണിയ, സുമേഷ്, രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ക്വൊട്ടേഷന്‍
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റില്‍ (സിഎഫ്ആര്‍ഡി) സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വൊട്ടേഷന്‍ ക്ഷണിച്ചു. ക്വൊട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 ഉച്ചകഴിഞ്ഞ് മൂന്നു വരെ. ക്വൊട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘ സെക്യൂരിറ്റി / ക്ലീനിംഗ് ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള ക്വൊട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം.
ഒഴിവുകളുടെ എണ്ണം – സെക്യൂരിറ്റി സ്റ്റാഫ് – രണ്ട് (അവധി ദിവസം ഉള്‍പ്പടെ 24 മണിക്കൂര്‍), ക്ലീനിംഗ് സ്റ്റാഫ് -മൂന്ന് ( എല്ലാ പ്രവര്‍ത്തി ദിവസവും എട്ട് മണിക്കൂര്‍)
ഫോണ്‍ – 0468 2961144.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന സെക്യൂരിറ്റി ഓഫീസറെ ( വിമുക്തഭടന്മാര്‍ മാത്രം) ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 65 വയസ്. ഉദ്യോഗാര്‍ഥികള്‍ സേവനം അനുഷ്ഠിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പോലിസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
എക്‌സറേ ടെക്‌നീഷ്യന്‍ നിയമനം
കോന്നി താലൂക്ക് ആശുപത്രിയില്‍ എച്ച്എംസി മുഖേന എക്‌സറേ ടെക്‌നീഷ്യന്‍ ( ഇസിജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) നെ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി ആറിന് രാവിലെ 11:30 ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. യോഗ്യത – പ്ലസ് ടു, റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ ( കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം).
മൈക്രോ പ്ലാന്‍ തയ്യാറാക്കി കുടുംബശ്രീ
റാന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന റാന്നി- പെരുനാട്, സീതത്തോട്, കോന്നി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന തണ്ണിത്തോട്, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ മലൈപണ്ടാരം കുടുംബങ്ങളുടെയും സമഗ്രമായ മൈക്രോപ്ലാന്‍ കുടുംബശ്രീ മിഷന്‍ രൂപീകരിക്കുന്നു. മൈക്രേപ്ലാനിന്റെ വിശദമായ വിവരശേഖരണം കുടുംബശ്രീ മിഷന്‍ പൂര്‍ത്തീകരിക്കും. നാലു പഞ്ചായത്തുകളിലായി വനത്തില്‍ കഴിയുന്നവരും അല്ലാത്തവരും എന്നിങ്ങനെ തരംതിരിച്ച് 220 കുടുംബങ്ങളെയാണ് സര്‍വേ ചെയ്തത്. പത്തനംതിട്ട കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള 20 അംഗ ടീമാണ് ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവര ക്രോഡീകരണ ശില്‍പശാല നടത്തും.
ഭൂമി ശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ വികസന പ്രക്രിയയില്‍ നിന്നും ഒഴിവായി പോയവരും വികസനത്തിന്റെ ഗുണഫലങ്ങള്‍ വേണ്ടത്ര എത്തിച്ചേരാത്ത പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുമായ പട്ടികവര്‍ഗ ജനവിഭാഗത്തിന്റെ സമഗ്രവികസനം സമയബന്ധിതമായി നടപ്പാക്കുന്നതിനായി പൊതുപദ്ധതികള്‍ക്കൊപ്പം പ്രാദേശികവും സാമൂഹികവും വ്യക്തിപരവുമായ വികസന വിടവുകള്‍ പ്രത്യേകമായി പരിഗണിച്ചുകൊണ്ടുള്ള പദ്ധതി രേഖയാണ് മൈക്രോപ്ലാന്‍.മൈക്രോപ്ലാനിലൂടെ ഓരോ കുടുംബത്തിന്റെയും അടിസ്ഥാനസൗകര്യ ഉപജീവന വിടവുകള്‍ കണ്ടെത്തുന്നതിനും വ്യക്തിഗതമായ ഇടപെടലുകള്‍ നടത്തുന്നതിനും സഹായകമാകുന്നു.
തൊഴില്‍മേള
കേരള സര്‍ക്കാര്‍ നോളേഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസ്സിക് എച്ച് ആര്‍ സൊല്യൂഷന്‍ എന്നിവ സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കും. ഫെബ്രുവരി മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ തിരുവല്ല മാക്ഫാസ്റ്റ് കോളജിലാണ് മേള. എസ്ബിഐ അഗ്രി ലോണ്‍ ഓഫീസര്‍, ജൂനിയര്‍ അസിസ്റ്റന്റ് ,ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിരുദം യോഗ്യതയുള്ള 18 നും 34 വയസിനും ഇടയിലുള്ള പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കേരള സര്‍ക്കാരിന്റെ സ്വകാര്യ മേഖലയില്‍ തൊഴില്‍ കൊടുക്കുന്നതിനുള്ള വെബ് ആയ ഡി ഡബ്ല്യൂ എം എസില്‍ (www.knowledgemission.kerala.gov.in) രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഫോണ്‍ : 9188951489, 9496530442, 9745591965.
ഗതാഗത നിയന്ത്രണം
ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ടു വരെയുളള ഗതാഗതം ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പൂര്‍ണമായും നിരോധിച്ചു. ഏഴംകുളം ഭാഗത്ത് നിന്ന് കൊടുമണ്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകണം. കൊടുമണ്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ സ്വീകരിക്കണമെന്ന് കെആര്‍എഫ്ബി പത്തനംതിട്ട ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഏകദിന വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) ബാര്‍കോഡിങ് ആന്റ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഏകദിന വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. സംരംഭകന്‍ /സംരംഭക ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം ഉളളവര്‍ക്കും ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ അങ്കമാലി കീഡ് ക്യാമ്പസിലാണ് പരിശീലനം. പരിശീലനം സൗജന്യം. താല്പര്യമുള്ളവര്‍ ഫെബ്രുവരി മൂന്നിനു മുന്‍പായി http://kied.info/training-calendar/ എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 9567538749
അടൂര്‍ – പെരിക്കല്ലൂര്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് (31) മുതല്‍ പുനരാരംഭിക്കും
അടൂര്‍ – പെരിക്കല്ലൂര്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് സര്‍വീസ് (31) മുതല്‍ പുനരാരംഭിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ റിസര്‍വേഷനും ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി വരെയാക്കിയ സര്‍വീസാണ് ഡെപ്യൂട്ടി സ്പീക്കറുടെ അഭ്യര്‍ഥന പ്രകാരം ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. മലയോര മേഖലയിലെ അടിസ്ഥാന ജനവിഭാഗം ഏറെ ആശ്രയിക്കുന്ന ഈ കെ.എസ്.ആര്‍.ടി.സി സര്‍വീസ് പുനരാംരംഭിക്കാന്‍ തീരുമാനിച്ച ഗതാഗത മന്ത്രിയുടെ നടപടി ഈ മേഖലയിലെ യാത്രികര്‍ക്ക് ആശ്വാസകരമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ഇ.ഡി. ഓപ്പറേഷന്‍ ജി .പി. പ്രദീപ്കുമാര്‍, ഇ.ഡി.വിജിലന്‍സ് ഓഫീസര്‍ ജി.അനില്‍കുമാര്‍, എ.റ്റി.ഒ സാമുവല്‍, അടൂര്‍ ഇന്‍സ്പെക്ടര്‍ രാജേഷ് തോമസ്, സി.റ്റി.ഒ. ഉദയകുമാര്‍, വിജിലന്‍സ് ഓഫീസര്‍ താജുദ്ദീന്‍ സാഹിബ് എന്നിവര്‍ പങ്കെടുത്തു.
നെല്‍കൃഷിക്ക് പെരുമ നല്‍കാന്‍ ഇനി പെരുനാടും
നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ കൂടുതല്‍ സജീവമാക്കി പരിപോഷിപ്പിക്കാനൊരുങ്ങി പെരുനാടിലെ കര്‍ഷകര്‍. ളാഹ എസ്റ്റേറ്റിന്റെ സമീപം ബഥനി മലയുടെ താഴ്‌വരയില്‍ ആരംഭിച്ച നെല്‍കൃഷിയുടെ ഉദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. കൃഷിഭവന്റെയും രാധമണി, മിതു ഭവന്‍ എന്ന വനിതാ കര്‍ഷകയുടെയും ശ്രമഫലമായി പാട്ടത്തിനെടുത്ത അഞ്ച് ഏക്കറില്‍ ഒന്നര ഏക്കറിലാണ് നെല്‍ക്കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബാക്കി ഭൂമിയില്‍ ചോളം, ചീര തുടങ്ങിയ വിളകള്‍ ആരംഭിക്കാനുള്ള പ്രവൃത്തികള്‍ നടന്നു വരുന്നു.
കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴയില്‍ നിന്നും എത്തിച്ച ഞാര്‍ ഉപയോഗിച്ചാണ് കൃഷി ആരംഭിച്ചത്. മലയോര പഞ്ചായത്തായ റാന്നി പെരുനാടില്‍ സമാനമായി ലഭ്യമായ മുഴുവന്‍ ഭൂമിയിലും വരും നാളുകളില്‍ നെല്‍കൃഷി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡി ശ്രീകല, കാര്‍ഷി കര്‍മസേന പ്രസിഡന്റ് എം കെ മോഹന്‍ദാസ്, കൃഷി ഓഫീസര്‍ റ്റി എസ് ശ്രീതി , കൃഷി അസ്സിസ്റ്റന്റുമാരായ എന്‍ ജിജി, സി രഞ്ജിത് , കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ജോബ് ഡ്രൈവ്
അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത പത്താംക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം. ഫോണ്‍: 8921636122, 8289810279, 7736645206. (പിഎന്‍പി 285/24)
കെട്ടിടനികുതി ക്യാമ്പ്
വള്ളിക്കോട് ഗ്രാപഞ്ചായത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 16 വരെ രാവിലെ 11 മുതല്‍ വൈകുന്നേരം 3.30 വരെ വാര്‍ഡുതലത്തില്‍ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും.
തീയതി- വാര്‍ഡ് – സ്ഥലം എന്ന ക്രമത്തില്‍
ഫെബ്രുവരി ഒന്ന്- ഒന്ന്- എം.എസ്.സി എല്‍ പി സ്‌കൂളിന് സമീപം.
ഫെബ്രുവരി രണ്ട്- രണ്ട് – വളളത്തോള്‍ വായനശാല.
ഫെബ്രുവരി മൂന്ന്-മൂന്ന്- ( മലയില്‍സ്റ്റോഴ്സ്) തൃപ്പാറ കുരിശുംമൂട്
ഫെബ്രുവരി അഞ്ച്- നാല് – 90-ാം നമ്പര്‍ അംഗന്‍വാടി,മായാലില്‍.
ഫെബ്രുവരി അഞ്ച് -അഞ്ച്-പഞ്ചായത്ത് ഓഫീസ്.
ഫെബ്രുവരി ആറ്- 14,15 -എസ്.എന്‍.ഡി.പി മന്ദിരം, നരിയാപുരം.
ഫെബ്രുവരി ഏഴ് -ആറ്- ശ്രീ വിദ്യാധിരാജ എന്‍എസ്എസ് കരയോഗം നം. 3989 ന് സമീപം.
ഫെബ്രുവരി എട്ട്-ഏഴ് – പുളി നില്‍ക്കുന്നതില്‍ ജംഗ്ഷന്‍.
ഫെബ്രുവരി ഒന്‍പത്- എട്ട്- കിടങ്ങേത്ത് സൊസൈറ്റി കെട്ടിടം.
ഫെബ്രുവരി 12- ഒന്‍പത്- സാംസ്‌കാരിക നിലയം.
ഫെബ്രുവരി-13 – 10- വള്ളിക്കോട് വായനശാല.
ഫെബ്രുവരി-14 – 11- വിളയില്‍പ്പടി.
ഫെബ്രുവരി-15 – 12- റേഷന്‍കട, കുടമുക്ക്.
ഫെബ്രുവരി-16- 12- തെക്കേകുരിശുമൂട് റേഷന്‍കട.
ഫോണ്‍ – 0468 2350229. (പിഎന്‍പി 286/24)
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളള്‍ക്ക് 2022-23 (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് എന്നിവ വിതരണം ചെയ്യുന്നതിനുളള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ / ഐ.ടി.സി, പ്ലസു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാഡ്വേറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ ഫെബ്രുവരി 29 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം പിന്‍-695036 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 0471-2460667, 9188430667.
ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന ദിനാചരണം
ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ദേശീയകുഷ്ഠ രോഗനിര്‍മ്മാര്‍ജ്ജന പക്ഷാചരണം ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ കുഷ്ഠരോഗ വിരുദ്ധദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണറാലിയും തിരുവല്ലയില്‍ നടന്നു. തിരുവല്ലതാലൂക്ക് ആശുപത്രിയില്‍ നിന്നാരംഭിച്ച ബോധവല്‍ക്കരണറാലി തിരുവല്ല ഡിവൈഎസ്പി എസ.് അഷാദ് ഫ്ളാഗ് ഓഫ് ചെയ്തു.
തിരുവല്ല ഡയറ്റ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ചടങ്ങില്‍ തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ അനുജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷമോള്‍ അശോകന്‍,ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ചാത്തങ്കരി ഡോ.എസ്.ശാലിനി , ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍ ,ടെക്നിക്കല്‍അസിസ്റ്റ് കെ.പി ജയകുമാര്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ആബിദാബീവി, പുഷ്പഗിരി മെഡിക്കല്‍ കോളജിലെയും തിരുവല്ല മെഡിക്കല്‍മിഷന്‍ ആശുപത്രിയിലെയും അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവ ശ്രദ്ധിക്കാം
സ്പര്‍ശനശേഷി കുറഞ്ഞ നിറംമങ്ങിയതോ ചുവന്നതോ ആയ പാടുകള്‍,കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും, വേദനയും, ബലക്ഷയവും, വീര്‍ത്തു തടിച്ചതും വേദനയുള്ളതുമായ നാഡികള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. മൈക്കോ ബാക്ടീരിയം ലെപ്രെയാണ് കുഷ്ഠരോഗമുണ്ടാക്കുന്ന രോഗകാരി. രോഗി ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ വായുവിലൂടെയാണ് രോഗം പകരുന്നത്.
തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ അംഗവൈകല്യം ഒഴിവാക്കി രോഗം പൂര്‍ണമായും ഭേദമാക്കാം.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഷ്ഠരോഗത്തിനുള്ള ചികിത്സ സൗജന്യമായി ലഭ്യമാണെന്നും തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ നീളുന്ന ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാനാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതാകുമാരി അറിയിച്ചു.