ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെങ്ങന്നൂര്‍ ഗവ. ഐടിഐ ലെ സര്‍വേയര്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് ഐടി ഐയില്‍ നടത്തും.
അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.യോഗ്യത: സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേ എഞ്ചിനീയര്‍ / സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സര്‍വേ ട്രേഡില്‍ എന്‍ടിസി /എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ഫോണ്‍: 0479 2953150.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി , പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.
ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 24 ന് ഉച്ചക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.
ബജറ്റ് അവതരിപ്പിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ചെറിയാന്‍ എം മണ്ണഞ്ചേരി അവതരിപ്പിച്ചു. 12,48,66,128 രൂപ വരവും 11,65,37,615 രൂപ ചെലവും പ്രതീക്ഷിക്കുന്നത്. കൃഷി ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലയ്ക്ക് 75,49,000 രൂപയും ഭവന നിര്‍മ്മാണം, ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, മാലിന്യ സംസ്‌കരണം എന്നിവ ഉള്‍പ്പെടുന്ന സേവന മേഖലയ്ക്ക് 2,26,03,315 രൂപയും റോഡ് വികസനം, കുടിവെള്ളം, തെരുവ് വിളക്ക് പരിപാലനം ഉള്‍പ്പെടുന്ന പശ്ചാത്തല മേഖലയ്ക്ക് 1,84,33,000 രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി. ജ്യോതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനുഭായി മോഹന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്‍സി അലക്‌സ്, അംഗങ്ങളായ ലൈസാമ്മ സോമര്‍, സൂസന്‍ തോംസണ്‍, രതീഷ് പീറ്റര്‍, ജോളി റെജി, മോളിക്കുട്ടി ഷാജി, റ്റി റ്റി മനു, റജി ചാക്കോ, നിര്‍വഹണ ഉദ്യോഗസ്ഥര്‍, സെക്രട്ടറി പി നന്ദകുമാര്‍, അക്കൗണ്ടന്റ് സൂസന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
വേനല്‍ചൂട് കനത്തേക്കും; പൊതുജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം
വേനല്‍ക്കാലത്തിനു മുന്നോടിയായി ജില്ലയിലെങ്ങും ചൂട് കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരാഴ്ചയില്‍ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. ഏനാദിമംഗലം, സീതത്തോട്, വെണ്‍കുറിഞ്ഞി, തിരുവല്ല സ്റ്റേഷനുകളില്‍ ചില ദിവസങ്ങളില്‍ ശരാശരി താപനിലയെക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യത.
വേനല്‍ക്കാലത്ത് ജലദൗര്‍ലഭ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ലഘുകരിക്കുന്നതിന് ജലവിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ഉയര്‍ന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയില്‍ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍ മാലിന്യങ്ങള്‍ക്കും മറ്റും തീപിടിച്ചുണ്ടാകുന്ന പ്രാദേശികമായ അഗ്നിബാധയ്ക്ക് സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതല്‍ മെയ് ആദ്യം വരെയുള്ള കാലയളവില്‍ കാട്ടുതീയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷയും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ചു.
ജലസംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
1. വീടുകളിലെ വാഷ് ബേസിനുകള്‍, ടോയ്ലറ്റുകള്‍, മറ്റ് പൈപ്പുകള്‍ എന്നിവയില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തുക
2. കുളിമുറിയില്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റും കപ്പും ഉപയോഗിക്കുക. കുളിക്കാന്‍ പരിമിതമായ അളവില്‍ മാത്രം വെള്ളം ഉപയോഗിക്കുക.
3. പല്ലു തേയ്ക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം പൈപ്പ് തുറന്നിടാതെ കപ്പില്‍ വെള്ളമെടുത്ത് ഉപയോഗിക്കുക.
4. ഫ്ളഷ് ടാങ്ക് ഉപയോഗിക്കുമ്പോള്‍ നിയന്ത്രിതമായ അളവില്‍ ആവശ്യത്തിന് മാത്രം വെള്ളം ഫ്ളഷ് ചെയ്യുക.
5. സോപ്പ്, ഷാംപു എന്നിവ ഉപയോഗിക്കുമ്പോള്‍ അനാവശ്യമായി വെള്ളം തുറന്നുവിടാതിരിക്കുക.
6. തുണി അലക്കുമ്പോഴും അടുക്കളയില്‍ പാത്രം കഴുകുമ്പോഴും പൈപ്പുകള്‍ തുറന്നുവിടാതിരിക്കുക.
7. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ അനുവദനീയമായ പരമാവധി അളവില്‍ വസ്ത്രങ്ങള്‍ നിറച്ച് മാത്രം ഉപയോഗിക്കുക.
8. പഴങ്ങളും പച്ചക്കറികളും കഴുകുമ്പോള്‍ പൈപ്പ് തുറന്നുവിട്ട് കഴുകുന്നതിന് പകരം ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കഴുകുക. ഈ വെള്ളം ചെടികളും അടുക്കളത്തോട്ടവും നനയ്ക്കുന്നതിന് ഉപയോഗിക്കുക.
9. ചെടികള്‍ നനക്കുന്നത് രാവിലെയോ സന്ധ്യാ സമയത്തോ മാത്രമാക്കുക. കടുത്ത വെയിലില്‍ ചെടികള്‍ നനക്കുന്നത് നനച്ച വെള്ളത്തിന്റെ ഭൂരിഭാഗവും ആവിയായി പോകാന്‍ കാരണമാവും.
10. വാഹനങ്ങള്‍ കഴുകുന്നത് അത്യാവശ്യത്തിന് മാത്രം ആക്കുക. കഴുകുമ്പോള്‍ ഹോസ് ഉപയോഗിക്കാതെ ബക്കറ്റില്‍ വെള്ളം നിറച്ച് കഴുകുക.
11. തുള്ളിനന, ചകിരി ട്രഞ്ച്, മള്‍ച്ചിങ് രീതി, സ്പ്രിംഗ്ളര്‍, തിരിനന തുടങ്ങി ജലോപയോഗം കുറയ്ക്കുന്ന ശാസ്ത്രീയമായ ജലസേചന രീതികളിലൂടെ കൃഷിയ്ക്ക് ആവശ്യമായ വെള്ളം കാര്യക്ഷമായി ഉപയോഗിക്കുക.
അഗ്നിബാധ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍
1. വീടുകളില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക.
2. ശക്തമായ കാറ്റുള്ള സമയത്ത് തീ ഇടുവാന്‍ പാടില്ല.
3. തീ പൂര്‍ണ്ണമായും അണഞ്ഞു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം സ്ഥലത്തു നിന്നും മാറാന്‍ പാടുള്ളൂ. ആവശ്യമെങ്കില്‍ വെള്ളം നനച്ച് കനല്‍ കെടുത്തുക.
4. തീ പടരാന്‍ സാധ്യതയുള്ളവയുടെ സമീപം വച്ച് ചപ്പുചവറുകള്‍ കത്തിക്കാതിരിക്കുക.
5. രാത്രിയില്‍ തീയിടാതിരിക്കുക.
6. വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
7. പറമ്പുകളിലെ ഉണങ്ങിയ പുല്ലുകള്‍, കുറ്റിച്ചെടികള്‍ എന്നിവ വേനല്‍ കടുക്കുന്നതിന് മുന്‍പ് വെട്ടി വൃത്തിയാക്കുക.
8. ഉണങ്ങിയ പുല്ലുകളോ കരിയില നിറഞ്ഞ ഭാഗമോ വീടിനോട് ചേര്‍ന്ന് വരുന്നില്ല എന്ന് ഉറപ്പുവരുത്തുക.
9. സിഗരറ്റുകുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
10. തീ പടരുന്നത് ശ്രദ്ധയില്‍പെട്ടാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുക.
11. ശാരീരികക്ഷമതയും പ്രാപ്തിയുമുള്ളവര്‍ സമീപത്തുണ്ടെങ്കില്‍ മരച്ചില്ലകള്‍ കൊണ്ട് അടിച്ചും, വെള്ളമൊഴിച്ചും തീ കെടുത്താന്‍ ശ്രമിക്കുക.
12. സഹായം ആവശ്യമെങ്കില്‍ എത്രയും പെട്ടെന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുക.
13. ഫയര്‍ സ്റ്റേഷനില്‍ വിളിക്കുമ്പോള്‍ തീപിടിച്ച സ്ഥലത്തേക്ക് എത്തിച്ചേരേണ്ട വഴിയും വിളിച്ചാല്‍ കിട്ടുന്ന മൊബൈല്‍ നമ്പരും കൃത്യമായി കൈമാറുക.
14. മുതിര്‍ന്ന കുട്ടികള്‍ ഉള്‍പ്പെടെ വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം എമര്‍ജന്‍സി നമ്പരുകളായ 101 (ഫയര്‍ ഫോഴ്സ്), 112 (പൊലീസ്) എന്നിവ പറഞ്ഞുകൊടുക്കുക.
15. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വനത്തിലേക്ക് പോകുന്ന വിനോദ സഞ്ചാരികളും പ്രത്യേക ശ്രദ്ധ ഈ കാര്യത്തില്‍ നല്‍കേണ്ടതുണ്ട്.
16. ക്യാമ്പ് ഫയര്‍ പോലുള്ള പരിപാടികള്‍ നടത്തുന്നവര്‍ തീ പടരാനുള്ള സാഹചര്യം കര്‍ശനമായും ഒഴിവാക്കണം.
17. ബോധപൂര്‍വം തീപിടുത്തത്തിന് ഇടവരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.
മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 17 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ്ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ് റ്റി ഉള്‍പ്പടെ മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ് 2950 രൂപ. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 13 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0484 2532890, 2550322.
ഖാദി റിബേറ്റ്
ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍വോദയ പക്ഷം പ്രമാണിച്ച് ഫെബ്രുവരി ഒന്‍പത് മുതല്‍ 14 വരെ 30 ശതമാനം റിബേറ്റ് നല്‍കുന്നു. സര്‍വോദയ പക്ഷം റിബേറ്റ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് രാവിലെ 11 ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂ നിര്‍വഹിക്കും. 2023 ഓണം മേളയോടനുബന്ധിച്ച് നടന്ന സംസ്ഥാന തല സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ പത്തനംതിട്ട ജില്ലയ്ക്ക് ലഭിച്ച ഒരു പവന്‍ സ്വര്‍ണ നാണയത്തിന്റെ സമ്മാന വിതരണം ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക നിര്‍വഹിക്കും. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മുകുന്ദന്‍ അധ്യക്ഷത വഹിക്കും. കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴില്‍ ഇലന്തൂര്‍, റാന്നി -ചേത്തോങ്കര, അടൂര്‍ റവന്യൂ ടവര്‍, പത്തനംതിട്ട അബാന്‍ ജ്ഗംഷന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിപണന ശാലകളില്‍ വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങള്‍ വില്‍പനയ്ക്കായി ഒരുക്കിയിട്ടുള്ളതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2362070
സ്പോട്ട് അഡ്മിഷന്‍
എറണാകുളം കെല്‍ട്രോണ്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി , തൊഴില്‍ അധിഷ്ഠിത കോഴ്സുകളായ ഡാറ്റസയന്‍സ് ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , യുഐ /യുഎക്സ് ഡിസൈനിംഗ് ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്കും ഒഴിവുളള ഏതാനും സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍ : 0484 2971400, 8590605259.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. നഗരപരിധിയില്‍ നടപ്പാതകള്‍ കൈയ്യേറിയും കച്ചവടസാധനങ്ങള്‍ നടപ്പാതയിലേക്ക് ഇറക്കി വച്ചും കച്ചവടം നടത്തുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന പരാതിയില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്തര്‍ യോഗത്തില്‍ അറിയിച്ചു. താലൂക്ക് പരിധിയിലെ പല വാര്‍ഡുകളിലും തെരുവുവിളക്കുകള്‍ പകല്‍ സമയത്തും കത്തികിടക്കുന്നത് ഒഴിവാക്കാനാവശ്യമായി നടപടികള്‍ സ്വീകരിക്കും. നാരങ്ങാനം പ്രദേശത്തേക്കുളള രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കണമെന്നും കടമ്മനിട്ട പ്രാദേശിക കുടിവെള്ള ജലവിതരണ പദ്ധതിയുമായി ബന്ധപ്പെട്ട പമ്പ് ഹൗസ് പുനരുദ്ധാരണം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ജനറല്‍ ആശുപത്രിയിലെ ലാബ് എക്‌സറേ, സ്‌കാനിംഗ് കൗണ്ടറുകളില്‍ രാത്രി കാലങ്ങളില്‍ രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിയ്ക്കുന്നതിനു വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും വകുപ്പിനു യോഗത്തില്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ട എറണാകുളം അമൃത ബസ് പുനരാരംഭിക്കാനും ജില്ലാ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് ഓഫീസിനു പിന്നില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാനും കുളനടയിലെ പോളച്ചിറ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളാരംഭിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി മാത്യു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി തഹസീല്‍ദാര്‍ കെ ജയ്ദീപ്, ഡപ്യൂട്ടി തഹസില്‍ദാര്‍ ബിനു ഗോപാലകൃഷ്ണന്‍, എം.പിയുടെ പ്രതിനിധി ജെറി മാത്യു സാം, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
വിദ്യാലയമികവ് കുട്ടികളുടെ മികവായി മാറണം: ഡപ്യൂട്ടി സ്പീക്കര്‍
സ്മാര്‍ട്ട് ആയി അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
വിദ്യാലയമികവ് കുട്ടികളുടെ മികവായി മാറണമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.അടൂര്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം.
വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് നല്‍കുന്നത്. മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിലൂടെ കുട്ടികളുടെ വിജ്ഞാനത്തെ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കുമെന്നും അദേഹം പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ചാണ് 14 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവിക്കുഞ്ഞമ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മക്കുറുപ്പ്, വൈസ് പ്രസിഡന്റ് മനു, പി റ്റി എ പ്രസിഡന്റ് അഡ്വ കെ ബി രാജശേഖരക്കുറുപ്പ്, പി റ്റി എ വൈസ് പ്രസിഡന്റ് സുനില്‍ മൂലയില്‍, എസ്എംസി ചെയര്‍മാന്‍ കെ ഹരിപ്രസാദ്, എച്ച് എം സന്തോഷ് റാണി, അധ്യാപകരായ പി ആര്‍ ഗിരീഷ്, അമ്പിളി ഭാസ്‌കര്‍, ജി രവീന്ദ്രക്കുറുപ്പ്, കണിമോള്‍, ആര്‍ ദിലികുമാര്‍, ഡി ഉദയന്‍ പിള്ള, സി ജെ ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു
സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ കൂട്ടായ ഇടപെടല്‍ വേണം: അഡ്വ. പി. സതീദേവി
സംസ്ഥാനത്ത് സ്ത്രീപക്ഷ കാഴ്ചപ്പാട് ശക്തിപ്പെടുത്താന്‍ കൂട്ടായ ഇടപെടല്‍ വേണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്റെ പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ചൂഷണത്തിന് അറുതി വരുത്താനും വിവേചനം ഇല്ലായ്മ ചെയ്യാനും സാമൂഹിക പദവി മെച്ചപ്പെടുത്താനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ തൊഴില്‍ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നു വന്നതുള്‍പ്പെടെ സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു.
മറ്റ് ജില്ലകളിലെ ഊരുകളില്‍ നിന്ന് വ്യത്യസ്തമായ ജീവിത രീതിയാണ് പത്തനംതിട്ട ജില്ലയിലെ ഊരുകളില്‍ കാണാന്‍ കഴിഞ്ഞത്. ഗോത്ര മേഖലയില്‍ താമസിക്കുന്ന ഇവര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കിയെടുക്കുന്നതിനുള്ള നടപടികളാണ് കമ്മിഷന്‍ സ്വീകരിക്കുന്നത്.
പട്ടിക വര്‍ഗ മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് നടപടി സ്വീകരിക്കുന്നതിനു സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതിനായാണ് ട്രൈബല്‍ മേഖലയില്‍ വനിതാ കമ്മിഷന്‍ ക്യാമ്പുകള്‍ സംഘടിക്കുന്നത്. സമൂഹത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഇനിയും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പുതിയ തലമുറ മാറ്റങ്ങള്‍ ത്വരിതപ്പെടുത്താന്‍ മുന്നോട്ടു വരേണ്ടതുണ്ട്. മേധാവിത്വ മനോഭാവത്തോടെയുള്ള ആണ്‍കുട്ടികളും വിധേയത്വ മനോഭാവമുള്ള പെണ്‍കുട്ടികളും എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ട്.
സ്വഭാവ രൂപീകരണം നടക്കുന്നത് വീടിനുള്ളിലായതിനാല്‍ ലിംഗനീതി പുലര്‍ത്തുന്ന അന്തരീക്ഷത്തില്‍ പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
വാര്‍ഡ് മെമ്പര്‍ പി.സി. അനിയന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാറും ലഹരിയുടെ വിപത്ത് എന്ന വിഷയം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്. അനില്‍കുമാറും അവതരിപ്പിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ജോര്‍ജ്, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എസ്. നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള മീഡിയ അക്കാദമി 2023ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ 2023-ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2024 ഫെബ്രുവരി 29 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.
റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.
ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ ഒറിജിനല്‍ ഫോട്ടോ തന്നെ അയയ്ക്കണം. ഫോട്ടോകള്‍ 10 ഃ 8 വലുപ്പത്തില്‍ പ്രിന്റുകള്‍ തന്നെ നല്‍കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏത് വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ എംപി 4 ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവില്‍ ലഭ്യമാക്കേണ്ടതാണ്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക.
2024 ഫെബ്രുവരി 29-ന് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682 030 എന്ന വിലാസത്തില്‍ എന്‍ട്രികള്‍ ലഭിക്കണം.