പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു : ജാഗ്രതപാലിക്കണം

പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്.

ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കന്‍പോകസ്് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്ന ദിവസം വരെ അണുബാധ പകരാം.

ലക്ഷണങ്ങള്‍
ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകള്‍ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകള്‍ ആയി മാറും. മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും ആദ്യഘട്ടത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. പൊറ്റകള്‍ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇവ മറ്റൊരാളിലേക്ക് പകരുകയുള്ളു. പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ മറ്റു ലക്ഷണങ്ങള്‍. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും, പ്രായമായവരിലും,ഗര്‍ഭിണികളിലും, മറ്റു രോഗങ്ങള്‍ക്ക് ചികിത്സ എടുക്കുന്നവരിലും അപൂര്‍വമായി കുട്ടികളിലും ചിക്കന്‍പോക്‌സ് ഗുരുതരമാകാറുണ്ട്. ഗര്‍ഭിണികളില്‍ ആദ്യത്തെ മൂന്നു മാസ കാലയളവില്‍ രോഗം പിടിപെട്ടാല്‍ ഗര്‍ഭം അലസാനും ഗര്‍ഭസ്ഥ ശിശുവിന് വൈകല്യം ഉണ്ടാകാനും സാധ്യതയുണ്ട്.

പ്രതിരോധ മാര്‍ഗങ്ങള്‍
ചിക്കന്‍പോക്‌സ് ഉണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്നകന്ന് കഴിയുക. ഇത് അണുബാധ പകരാതിരിക്കാന്‍ സഹായിക്കും.
ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ബെഡ്ഷീറ്റ്, പാത്രങ്ങള്‍ മുതലായ നിത്യോപയോഗസാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക.
രോഗബാധിതര്‍ കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ രോഗതീവ്രത കുറക്കുന്നതിന് സഹായിക്കും.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ഗുരുതര രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ എന്നിവര്‍ക്കു രോഗബാധ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *