ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം
ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.ഏപ്രില്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാം. 26 ന് തെരഞ്ഞെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.
മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതാ പോളിംഗ് സ്റ്റേഷനുകളുമുള്‍പ്പെടെ പത്തനംതിട്ട, കോട്ടയം അസംബ്ലി മണ്ഡലങ്ങളിലായി ആകെ 1437 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പത്തനംതിട്ട 1077, കാഞ്ഞിരപ്പള്ളി 181, പൂഞ്ഞാര്‍ 179 എന്നിങ്ങനെയാണ് കണക്കുകള്‍.
തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി ആകെ 14,08,771 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,73,068 പുരുഷന്മാരും 7,35,695 സ്ത്രീകളും എട്ട് ട്രാന്‍സ്‌ജെന്റര്‍മാരുമാണുള്ളത്.
വോട്ടര്‍മാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍ സൗഹൃദ പോളിംഗ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കും 85 വയസിനുമേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും വീട്ടിലിരുന്നു വോട്ടു ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇതിനായി ഫോറം-12 ഡി അപേക്ഷ ബി.എല്‍.ഒമാര്‍ മുഖേന വിതരണം ചെയ്യും. അപേക്ഷ നല്‍കുന്നവര്‍ക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് ഓഫീസര്‍മാരുടെ ടീം വീട്ടിലെത്തും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് സാക്ഷം മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് അതതു വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോറം-12 അപേക്ഷ റിട്ടേണിംഗ് ഓഫീസര്‍ക്കു നല്‍കണം.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവു നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ മുഖേന സി- വിജില്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാം.
മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയില്‍ ആകെ 15 ഫ്‌ളയിംഗ് സ്‌ക്വാഡ്, 15 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, അഞ്ച് വീഡിയോ സര്‍വൈലന്‍സ് ടീം, അഞ്ച് ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതു സ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബാനര്‍, പോസ്റ്റര്‍ എന്നിവ പതിയ്ക്കരുത്. ഇതിനകം പതിപ്പിച്ചവ ഉടന്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് അത് നീക്കം ചെയ്യും.
തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും പരാതികള്‍ നല്‍കുന്നതിനുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറായ 0468 2224256 ലും ടോള്‍ ഫ്രീ നമ്പറായ 1950 ലും ബന്ധപ്പെടാം.
മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സംയമനം പാലിക്കണമെന്നും വ്യക്തിപരമായ ആരോപണങ്ങള്‍ക്കു പകരം പ്രശ്‌നാധിഷ്ഠിതമായ ചര്‍ച്ചകളാണ് വേണ്ടതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം യാതൊരു കാരണവശാലും ലംഘിക്കാന്‍ ഇടവരരുത്. ജാതി/വംശ വികാരങ്ങളുടെ അടിസ്ഥാനത്തിലുള്ള വോട്ടഭ്യര്‍ത്ഥന പാടില്ല.
വ്യക്തികള്‍ക്കിടയിലോ സമുദായങ്ങള്‍ക്കിടയിലോ നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൂര്‍ച്ഛിക്കാനിടയാകുന്നതായ യാതൊരു പ്രചരണങ്ങളും പാടില്ല. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര വിദ്വേഷമോ ഭീതിയോ പരത്തുന്ന യാതൊരു പ്രവര്‍ത്തനങ്ങളും പാടില്ല. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും വ്യാജ പ്രസ്താവനകളോ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളോ പ്രചരിപ്പിക്കരുത്. എതിര്‍ പാര്‍ട്ടിക്കാരെയും അവരുടെ പ്രവര്‍ത്തകരെയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഒഴിവാക്കണം.
നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പാടില്ല. ആരാധനാലയങ്ങള്‍ യാതൊരു കാരണവശാലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. സ്ത്രീകളുടെ അന്തസിനെ ബാധിക്കുന്ന യാതൊരു പ്രസ്താവനകളും നേതാക്കളോ സ്ഥാനാര്‍ത്ഥികളോ നടത്താന്‍ പാടില്ല. പരിശോധിച്ച് ഉറപ്പുവരുത്താത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തരുത്. വാര്‍ത്തകള്‍ എന്ന തരത്തില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
എതിരാളികളെ അപമാനിക്കുന്നതോ ദുരുദ്ദേശത്തോടുകൂടിയോ വ്യക്തികളുടെ അന്തസ്സിനു നിരക്കാത്തതോ ആയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനോ ഷെയര്‍ ചെയ്യാനോ പാടില്ല. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള തുണി എന്നിവ ഉപയോഗിക്കരുത്. ഉപയോഗശേഷമുള്ള പോളിത്തിലിന്‍ ഷീറ്റ് പ്രിന്റിംഗ് യൂണിറ്റിലേക്കോ, അംഗീകൃത റീസൈക്ലിംഗ് യൂണിറ്റിലേക്കോ ഹരിതകര്‍മ്മ സേനയ്ക്ക്/ക്ലീന്‍ കേരള കമ്പനിയ്ക്ക് യൂസര്‍ ഫീ നല്‍കിക്കൊണ്ട് റീസൈക്ലിംഗിനായി തിരിച്ചേല്‍പ്പിക്കേണ്ടതാണ്. അങ്ങനെ പരസ്യ പ്രിന്റിംഗ് മേഖലയില്‍ സീറോമോസ്റ്റ് ഉറപ്പുവരുത്തേണ്ടതാണ്.
അനധികൃത പോസ്റ്ററുകളും ചുമരെഴുത്തുകളും നീക്കം ചെയ്യണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പതിപ്പിച്ച അനധികൃത ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം നല്‍കിയത്.
പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം. ബന്ധപ്പെട്ട സംഘടനകള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണം. അല്ലാത്തപക്ഷം അത് നീക്കം ചെയ്യണമെന്ന് ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡിന് അദേഹം നിര്‍ദ്ദേശം നല്‍കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ ചെയ്തിട്ടുള്ള മുന്നൊരുക്കങ്ങള്‍ യോഗം വിലയിരുത്തി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ച നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള എംസിസി ആന്‍ഡ് സി-വിജില്‍ കണ്‍ട്രോള്‍ റൂം കളക്ടറേറ്റില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പ് വഴി പരാതികള്‍ രേഖപ്പെടുത്താം. വളരെ എളുപ്പം ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് സി വിജില്‍ ആപ്പ്. പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്പ് മുഖേന ഉടന്‍ തന്നെ അതിന്റെ ചിത്രമോ വീഡിയോയോ പകര്‍ത്തി ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്താന്‍സാധിക്കും. ഒപ്പം നൂറു മിനിറ്റിനുള്ളില്‍ പരിഹാരത്തിനും വിലയിരുത്തലിനുമുളള സംവിധാനവും ഉണ്ട്. ഉപയോക്താക്കള്‍ക്ക് പരാതികളുടെ പുരോഗതി ട്രാക്ക് ചെയ്യാനും സാധിക്കും.
ലഭിക്കുന്ന പരാതികളും ചൂണ്ടികാണിക്കപ്പെടുന്ന നിയമ ലംഘനങ്ങളും കണ്‍ട്രോള്‍ റൂം നിരീക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിവിധ എജന്‍സികള്‍/ സമിതികളുടെ പ്രവര്‍ത്തന ഏകോപനവും സ്‌ക്വാഡുകള്‍ക്കുള്ള സംശയങ്ങളുടെ ദൂരീകരണവും ഇവിടെ നടക്കും. ലഭിക്കുന്ന വിവരങ്ങളും പരാതികളും ബന്ധപ്പെട്ട സമിതിക്ക് ഉടന്‍ കൈമാറുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പത്മചന്ദ്രകുറുപ്പ്, എഡിഎം ജി സുരേഷ്ബാബു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. 18 വയസ് പൂര്‍ത്തിയായ എന്‍ സി സി, സ്‌കൗട്ട്, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്ത ഭടന്മാര്‍, അര്‍ധസൈനികവിഭാഗത്തില്‍ നിന്ന് വിരമിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത് അറിയിച്ചു. താല്‍പര്യമുള്ളവര്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഏത് വിഭാഗത്തിലാണ് സര്‍വീസ് ചെയ്തതെന്നതിന്റെ കൃത്യമായ രേഖകള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ബാങ്ക് അക്കൗണ്ടിന്റെ ഐഎഫ്എസ്സി നമ്പരോടുകൂടിയ പകര്‍പ്പും അപേക്ഷയോടൊപ്പം വയ്ക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
2024 പൊതുതെരഞ്ഞെടുപ്പ്; അച്ചടിശാല ഉടമസ്ഥരും മാനേജര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം
2024 പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റുമാരോ അഥവാ സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലുമോ പൊളിറ്റിക്കല്‍ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിംഗ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിംഗ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍ വിലാസവും കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം.
ഇവയുടെ രണ്ട് കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) മൂന്നു ദിവസത്തിനകം കൈമാറണം.നിര്‍ദേശങ്ങള്‍ പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കുവേണ്ടി എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.
രേഖകള്‍ കരുതണം
ലോക്സഭാ ഇലക്ഷന്‍ പ്രഖ്യാപിച്ചതിനാല്‍ പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടു പോകുന്ന പണം, മദ്യം, ആയുധങ്ങള്‍, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന ജില്ലയില്‍ ഉടനീളം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
50,000 രൂപയില്‍ കൂടുതലായ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ സംബന്ധിച്ച മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനങ്ങളോ വിതരണം ചെയ്യുന്നത് തടയാന്‍ ജില്ലയില്‍ ഫ്ളൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പരിശോധനാ വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍ പരാതി തെളിവു സഹിതം കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറെ (നോഡല്‍ ഓഫീസര്‍ ആന്റ് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം) അറിയിക്കാം. ഫോണ്‍ :0468-2270506, 8547610041.
ബുക്കിംഗ് വിവരങ്ങള്‍ അറിയിക്കണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിമാരോ അവരുടെ ഏജന്റമാരോ രാഷ്ട്രീയ കക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ അവരുടെ പരിപാടികള്‍ക്കായി ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുതലയുള്ള അസ്സിസ്റ്റന്റ് എക്സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) രേഖാമൂലം അറിയിക്കണം. ഇലക്ഷന്‍ കാലയളവില്‍ ഉള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു വേണ്ടി എക്സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.