തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം: വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.
മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകും.
വോട്ടെടുപ്പിനായി 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും അടക്കം ആകെ 25,358 ബൂത്തുകൾ ഉണ്ടാകും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും. സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകൾ, യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകൾ, ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകൾ, 2,776 മാതൃക ബൂത്തുകൾ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ കഴിയും.
പൊതുജനങ്ങൾക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് കോൾ സെന്ററുകൾ പ്രവർത്തനം തുടങ്ങി. ജില്ലകളിൽ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളിൽ ഇതിൽ നടപടി ഉണ്ടാകും. സുവിധ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, സക്ഷം, നോ യുവർ കാൻഡിഡേറ്റ് മൊബൈൽ ആപ്പ് എന്നിവയും കുറ്റമറ്റ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി സജ്ജം ആയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വിവിധ ഘട്ടങ്ങളായി പരിശീലനം നൽകി. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങൾ നിർമ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും പ്രശ്‌ന സാധ്യത ബൂത്തുകൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ഓർഡർ എന്ന പേരിൽ സോഫ്റ്റ്വെയർ സജ്ജമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗസ്ഥ നിയമനം നടത്തുക.
വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാർഡുകൾ പ്രിന്റിങ്ങിന് അയച്ചു. ഇതിൽ 17,25,176 കാർഡുകൾ പ്രിന്റിംഗ് പൂർത്തിയാക്കി തിരികെ ലഭിച്ചു. ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു . ഈ മാസം അവസാനത്തോടുകൂടി വിതരണം പൂർത്തിയാകും.
തിരഞ്ഞെടുപ്പ് ഐഡി കാർഡിന് പുറമേ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും വോട്ട് ചെയ്യാനാകും. വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടില്ലാത്തവർ പട്ടികയിൽ ചേരുകയും വോട്ടവകാശം വിനിയോഗിക്കുകയും ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാർച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്‌ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്‌സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്ത് വേണം അപേക്ഷ നൽകാൻ. ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉൾപ്പെടുത്തും. നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടർമാർക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.
വോട്ടര്‍ ഹെല്‍പ്പ്‍ലൈന്‍ ആപ്പ്
വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്‌ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.
ബി.എല്‍.ഒബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. മണ്ഡലത്തിലെ ബി.എല്‍.ഒയെ സമീപിച്ച് രേഖകള്‍ സഹിതം നേരിട്ട് അപേക്ഷ നല്‍കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ voters.eci.gov.in എന്ന വെബ് പോര്‍ട്ടലില്‍ പരിശോധിച്ചാല്‍ അതാത് മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും.
തെരഞ്ഞെടുപ്പ്: ഓൺലൈൻ സംവിധാനങ്ങൾ സജ്ജം
ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓൺലൈൻ സംവിധാനങ്ങൾ സജ്ജമായി. പെരുമാറ്റച്ചട്ട ലംഘനങ്ങൾ അധികാരികളെ അറിയിക്കാൻ ‘സി-വിജിൽ’, ഭിന്നശേഷിക്കാർക്ക് വോട്ടിംഗ് എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ‘സക്ഷം’ മൊബൈൽ ആപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ചട്ടലംഘനങ്ങൾ അറിയിക്കാൻ ‘സി-വിജിൽ’മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളും ചെലവ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതികളും വളരെ വേഗത്തിലും എളുപ്പത്തിലും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിന് കമ്മീഷൻ തയ്യാറാക്കിയ ആപ്പാണ് വിജിലൻസ് സിറ്റിസൺ (സി-വിജിൽ) ആപ്പ്. പൊതുജനങ്ങൾക്ക് ചട്ടലംഘനങ്ങൾ സംബന്ധിച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പകർത്തി സി-വിജിൽ ആപ്പ് വഴി പരാതി അറിയിക്കാം. പേര് വെളിപ്പെടുത്തിയും അല്ലാതെയും പരാതി നൽകാം. ഇത്തരത്തിൽ നൽകുന്ന പരാതികൾക്ക് 100 മിനുട്ടിനുള്ളിൽ നടപടിയാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
ഭിന്നശേഷിക്കാർക്കായി ‘സക്ഷം’ മൊബൈൽ ആപ്പ്തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്‌കരിച്ച സുപ്രധാന സംവിധാനമാണ് ‘സക്ഷം’ മൊബൈൽ ആപ്പ്. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യൽ, മറ്റ് തിരുത്തലുകൾ വരുത്തൽ, പോളിംഗ് സ്റ്റേഷൻ കണ്ടെത്തൽ, വോട്ട് രേഖപ്പെടുത്തൽ എന്നിവക്ക് ആവശ്യമായ സഹായങ്ങൾ ആപ്പിലൂടെ ലഭിക്കും. വോട്ടെടുപ്പ് ദിവസം വീൽചെയർ ഉൾപ്പെടെയുള്ള സേവനങ്ങൾ ആപ്പ് വഴി ആവശ്യപ്പെടാം. ആപ്പിന്റെ ആൻഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകൾ ലഭ്യമാണ്.
ഇ.എസ്.എം.എസ് ആപ്പ്തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട വിരുദ്ധമായ പ്രവർത്തനങ്ങൾ രേഖപ്പെടുത്താൻ ഫീൽഡ് സർവൈലൻസ് ടീമുകൾ ഉപയോഗിക്കുന്ന ആപ്പാണ് ഇലക്ഷൻ സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ഇ.എസ്.എം.എസ് ആപ്പ്). 10 ലക്ഷം രൂപക്ക് മുകളിലുള്ള അനധികൃത പണമോ മറ്റ് വസ്തുകളോ കണ്ടെത്തിയാൽ ആപ്പിൽ രേഖപ്പെടുത്തും. ബന്ധപ്പെട്ട നോഡൽ ഏജൻസിക്ക് ഇതിന്റെ വിവരങ്ങൾ ലഭ്യമാക്കും. നോഡൽ ഏജൻസിയാണ് ഇവ പിടിച്ചെടുക്കുക. ഇൻകംടാക്സ്, എക്സൈസ്, ജി.എസ്.ടി തുടങ്ങി 22 നോഡൽ ഏജൻസികളാണ് ഇ.എസ്.എം.എസിൽ ഉൾപ്പെട്ടിട്ടുള്ളത്.
എൻകോർ ആപ്പ്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത് എൻകോർ ആപ്പിലുള്ള വിവിധ മൊഡ്യൂളുകളിലാണ്. സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക, സൂക്ഷ്മ പരിശോധന, സത്യവാങ്മൂലം, പോളിംഗ് നില, ചെലവ് നിരീക്ഷണം തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള ആപ്പാണിത്. എൻകോറിന്റെ ഭാഗമായുള്ള പോർട്ടലാണ് സുവിധ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനാണ് സുവിധ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. സ്ഥാനാർഥി, സ്ഥാനാർഥിയുടെ പ്രതിനിധി, രാഷ്ട്രീയപാർട്ടി പ്രതിനിധി, ഇലക്ഷൻ ഏജന്റ് എന്നിവർക്ക് സ്ഥാനാർഥിക്ക് വേണ്ടി ഓൺലൈനായി സുവിധ വഴി നാമനിർദ്ദേശ പത്രിക നൽകാം. പ്രചാരണത്തിന്റെ ഭാഗമായുള്ള അനുമതികൾക്കുള്ള അപേക്ഷകൾ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി ഏജന്റുമാരും സുവിധ ആപ്ലിക്കേഷൻ വഴിയാണ് സമർപ്പിക്കേണ്ടത്. മറുപടിയും അപേക്ഷയുടെ സ്റ്റാറ്റസും ആപ്പിൽ തന്നെ ലഭ്യമാകും.
വോട്ടർ ടേൺഔട്ട് ആപ്പ്പോളിങ് ദിനത്തിൽ പോളിംഗ് ശതമാനം വേഗത്തിൽ അറിയാനാണ് വോട്ടർ ടേൺഔട്ട് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. നിയോജക മണ്ഡലത്തിൽ നിന്നുള്ള പോളിങ് ശതമാനം രണ്ടു മണിക്കൂർ ഇടവിട്ട് ഇതിൽ ലഭ്യമാകും. പോളിങ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും ലഭ്യമാകും. പൊതുജനങ്ങൾക്കും കാണാൻ സാധിക്കും.
ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം (ഇ.എം.എസ് 2.0)ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനമാണ് ഇ വി എം മാനേജ്മെന്റ് സിസ്റ്റം. ഇ.വി.എമ്മിന്റെ ഫസ്റ്റ് ലെവൽ ചെക്കിംഗ്, റാൻഡമൈസേഷൻ, വെയർഹൗസ്, സ്ട്രോങ് റൂം എന്നിവിടങ്ങളിലേക്ക് മാറ്റുന്നത്, നിയോജക മണ്ഡലത്തിലേക്കും ബൂത്തുകളിലേക്കും നൽകുന്നത് തുടങ്ങിയ നടപടികൾ ആപ്ലിക്കേഷനിൽ രേഖപ്പെടുത്തും. ഇ.എം.എസ് 2.0 ന്റെ ആപ്പും പോർട്ടലും ലഭ്യമാണ്.
ഇ.ആർ.ഒ നെറ്റ്വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനാണ് ഇ.ആർ.ഒ നെറ്റ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ), ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ) എന്നിവരാണ് ആപ്പ് ഉപയോഗിക്കുന്നത്. ഇതിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ബി.എൽ.ഒമാർ വിവരശേഖരണം നടത്തുന്നത്.
ഇ.ടി.പി.ബി.എം.എസ്സർവ്വീസ് വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് അയക്കാനുള്ള സംവിധാനമാണ് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം. സർവ്വീസ് വോട്ടർമാർക്ക് ഓൺലൈനായി ലഭിച്ച ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്ത് വോട്ട് ചെയ്തശേഷം തപാൽ വഴി തിരിച്ചയക്കും. ക്യൂ.ആർ കോഡ് സംവിധാനം ഉപയോഗിച്ചാണ് കൗണ്ടിംഗ് സമയത്ത് ഈ പോസ്റ്റൽ ബാലറ്റിന്റെ സാധുത പരിശോധിക്കുക. സാധുവായ പോസ്റ്റൽ ബാലറ്റ് മാത്രമേ കൗണ്ടിംഗിനായി പരിഗണിക്കൂ.
ഓർഡർപോളിംഗ് ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ കൈകാര്യം ചെയ്യാനായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ തയ്യാറാക്കിയ പോർട്ടലാണ് ഓർഡർ. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അതിന്റെ പരിധിയിലുള്ള സർക്കാർ സ്ഥാപനങ്ങളുടെ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തും. അവിടുത്തെ ജീവനക്കാരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ നേരിട്ട് പോർട്ടലിൽ രേഖപ്പെടുത്തും. ചുരുങ്ങിയ സമയം കൊണ്ട് വിവരശേഖരണം സാധ്യമാകും. പോസ്റ്റിംഗ് ഓർഡർ സംബന്ധിച്ച വിവരങ്ങളും ആപ്പിൽ ലഭ്യമാകും.
പോൾ മാനേജർപോളിംഗ് ദിവസം പോളിംഗ് സ്റ്റേഷനുകളിലെ എല്ലാ നടപടിക്രമങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ഓരോ മണിക്കൂറുകളിലുമുള്ള പോളിംഗ് നില പോളിംഗ് ഉദ്യോഗസ്ഥർക്ക് അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള ആപ്ലിക്കേഷനാണ് പോൾ മാനേജർ. ഇത്തരത്തിൽ പോളിംഗ് ഉദ്യോഗസ്ഥർ ആപ്പിലൂടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ ആർ.ഒ, ഡി.ഇ.ഒ, സി.ഇ.ഒ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാൻ സാധിക്കും. പോളിംഗ് ടീം വിതരണ കേന്ദ്രങ്ങളിൽ നിന്നും പുറപ്പെടുന്നത് മുതൽ തിരിച്ച് എത്തുന്നത് വരെയുള്ള സമയത്തിനിടയിൽ 20 ചോദ്യങ്ങളുടെ ഉത്തരങ്ങളായാണ് പ്രിസൈഡിംഗ് ഓഫീസറോ ഫസ്റ്റ് പോളിംഗ് ഓഫീസറോ ആപ്പിലൂടെ വിവരങ്ങൾ സമയബന്ധിതമായി രേഖപ്പെടുത്തേണ്ടത്.