ലോക സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ

ലോക സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ
:പിടിച്ചെടുത്തത് 7.13 കോടിയുടെ ലഹരിവസ്തുക്കൾ

ലോക സഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് വിവിധ ഏജൻസികൾ ഇതുവരെ നടത്തിയ പരിശോധനകളിൽ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 03 വരെയുള്ള കണക്കാണിത്.

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കൾ, സ്വർണമടക്കമുള്ള അമൂല്യലോഹങ്ങൾ, സൗജന്യവിതരണത്തിനുള്ള വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, മറ്റ് ഏജൻസികൾ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കൾ പിടിച്ചെടുത്തത്.

രേഖകളില്ലാതെ കൊണ്ടുപോയ 6.67(6,67,43,960) കോടി രൂപ, ഒരു കോടി രൂപ (1,0003677) മൂല്യമുള്ള 28,867 ലിറ്റർ മദ്യം, 6.13 കോടി(61,38,6395) രൂപ മൂല്യമുള്ള 2,33,723 ഗ്രാം മയക്കുമരുന്നുകൾ, 14.91 കോടി(14,9171959) രൂപ മൂല്യമുള്ള അമൂല്യ ലോഹങ്ങൾ, 4.58 കോടി(4,58,90,953) രൂപ മൂല്യമുളള സൗജന്യവസ്തുക്കൾ എന്നിവയാണ് വിവിധ ഏജൻസികൾ പരിശോധനകളിൽ പിടിച്ചെടുത്തത്. റവന്യു ഇന്റലിജൻസ് വിഭാഗം 9.14 കോടി(9,14,96,977) രൂപയുടെ വസ്തുക്കളും പൊലീസ് 8.89 കോടി (8,89,18,072)രൂപ മൂല്യമുള്ള വസ്തുക്കളും എക്സൈസ് വകുപ്പ് 7.11 കോടിയുടെ (7,11,23,064) വസ്തുക്കളുമാണ് ഇതുവരെ പിടിച്ചെടുത്തത്.

മാർച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡി ആർ ഐയും എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണിവിലയുള്ള 4.4 കി. ഗ്രാം സ്വർണം ദുബായിൽ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേവിമാനത്തിൽ തന്നെയെത്തിയ യാത്രക്കാരനിൽ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വർണം കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കർശന പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾക്കും ഫ്ളയിങ് സ്‌ക്വാഡുകൾക്കുമൊപ്പം ഓരോ ജില്ലക്കും ചെലവ് നിരീക്ഷകരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. കൂടാതെ എല്ലാ അന്തർ സംസ്ഥാന അതിർത്തി പാതകളിലും സിസിടിവി സ്ഥാപിക്കുകയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ സജ്ജമാക്കിയ കൺട്രോൾ റൂമിൽ നിന്ന് തത്സമയ നിരീക്ഷണം നടത്തുകയും ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *