മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച പങ്കാളിത്തം ഉണ്ടാകണം: ജില്ലാ കളക്ടര്‍

മണ്ഡലത്തിലെ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ മികച്ച ജനപങ്കാളിത്തം ഉണ്ടാകണമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ ബോധവത്കരണ പദ്ധതി സ്വീപിനോടനുബന്ധിച്ച് വി-കോട്ടയം കൈതക്കര പട്ടികവര്‍ഗ കോളനിയില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കളക്ടര്‍. സമ്മതിദാനവകാശം രേഖപ്പെടുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

ഏപ്രില്‍ 26 ന് നടക്കുന്ന തെരഞ്ഞടുപ്പില്‍ വൈകിട്ട് ആറു മണി വരെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. അത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദേഹം പറഞ്ഞു.
തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും കുടിവെള്ളം, വെയില്‍ ഏല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കും. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായുള്ള സംവിധാനം ഏര്‍പ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. അസന്നിഹിത വോട്ടര്‍മാരുടെ വോട്ടിംഗ് 15 മുതല്‍ ആരംഭിക്കും. യുവവോട്ടര്‍മാര്‍ തങ്ങളുടെ അവകാശത്തെപ്പറ്റി ബോധവാന്മാരായി തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടല്‍ നടത്തണം. ജില്ലയില്‍ ആകെ 1077 ബൂത്തുകളാണ് ഉള്ളത്. വോട്ട് രേഖപ്പെടുത്തുന്നത് വലിയൊരു ഉത്തരവാദിത്വമായി കണ്ട് വോട്ടവകാശം എല്ലാവരും കൃത്യമായി വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

പന്തളം എന്‍എസ്എസ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്, എന്‍എസ്എസ്, ഐക്യൂഎസി എന്നിവരുടെ നേതൃത്വത്തിലാണ് കോന്നി മണ്ഡലത്തിലെ സ്വീപ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോന്നി താഴം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സി കെ ബിജു ക്ലാസ് നയിച്ചു. കോന്നി എആര്‍ഒ ടി.വിനോദ് രാജ്, കോന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ റെജി ടി ഉമ്മന്‍, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഡോ. സി ആര്‍ ജ്യോതി, പന്തളം എന്‍എസ്എസ് അധ്യാപകന്‍ വി രഘുനാഥ്, എന്‍സിസി ഓഫീസര്‍ ഹരിത ആര്‍ ഉണ്ണിത്താന്‍, വാര്‍ഡ് അംഗം മിനി റെജി, ഊരു മൂപ്പന്‍ സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണം

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍, പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് എന്നിവ കണ്ടെത്തിയാല്‍ നിമയാനുസൃതമായ നടപടികള്‍ സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമങ്ങളും നിരീക്ഷിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ തലത്തിലും മീഡിയ മോണിറ്ററിംഗ് സെല്ലുകള്‍ സജ്ജമാണ്. സമാനമായ നിരീക്ഷണം പോലീസും നടത്തുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചരണത്തിന് ഉപയോഗിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങള്‍ക്കും മണ്ഡലങ്ങളില്‍ പ്രചരിപ്പിക്കുന്നതിനുള്ള പരസ്യങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ഇല്ലാതെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും.

സ്ഥാനാര്‍ഥികള്‍ക്ക് സംസ്ഥാന തലത്തില്‍ പ്രചരിപ്പിക്കുന്ന ദൃശ്യ-ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വേണം. പോളിംഗ് ദിവസവും തൊട്ടു മുന്‍പുള്ള ദിവസവും അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കുന്ന പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധന  ഏപ്രില്‍ ( 12 )

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പ് ചെലവുകളുടെ ആദ്യഘട്ട പരിശോധന ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ ഐആര്‍എസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ( 12 ) നടക്കും. രാവിലെ 10:30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആണ് ആദ്യഘട്ട പരിശോധനകള്‍ നടക്കും. രണ്ടും മൂന്നും ഘട്ട പരിശോധനകള്‍ യഥാക്രമം ഏപ്രില്‍ 18, 23 തീയതികളില്‍ നടത്തും. സ്ഥാനാര്‍ഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയില്‍ തയാറാക്കിയ വരവുചെലവു കണക്കുകള്‍, വൗച്ചറുകള്‍, ബില്ലുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവ യോഗത്തില്‍ ഹാജരാക്കണമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

സ്ഥാനാര്‍ഥിയെ അറിയാം കെവൈസി ആപ്പിലൂടെ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക്
കൂടുതല്‍ അറിയാം കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പിലൂടെ.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക, ജനപ്രതിനിധിയാവാന്‍ പോകുന്ന വ്യക്തിയെക്കുറിച്ച് ശരിയായ തീരുമാനം എടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍
കെവൈസി ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

തങ്ങളുടെ മണ്ഡലത്തില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലം, ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ ആപ്പ് വഴി അറിയാന്‍ സാധിക്കും. നാമനിര്‍ദേശ പത്രികക്കൊപ്പം സ്ഥാനാര്‍ഥി സമര്‍പ്പിച്ച സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്പ് ലഭ്യമാണ്.രാജ്യത്തെവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ചും കെവൈസി ആപ്പ് വഴി അറിയാനാകും.

സി-വിജില്‍:5052 പരാതികള്‍; 4939 പരിഹാരം

സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 5052 പരാതികള്‍. ഇതില്‍ 4939 പരാതികള്‍ പരിഹരിച്ചു. 10 പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നു. 103 പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു.
അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍ എന്നിവയ്‌ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. കൂടുതല്‍ പരാതികളും അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ലഭിച്ചത്. അടൂര്‍ 2417, ആറന്മുള 933, കോന്നി 644, റാന്നി 480, തിരുവല്ല 578 പരാതികളാണ് ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

തെരഞ്ഞെടുപ്പ് സംശയനിവാരണം ഇതുവരെ ലഭിച്ചത് 250 കോളുകള്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഇതുവരെ ലഭിച്ചത് 250 കോളുകള്‍. പൊതുജനങ്ങള്‍ക്ക് പോളിംഗ് ബൂത്ത് കണ്ടുപിടിക്കല്‍, പുതിയ ഐ.ഡി കാര്‍ഡിനും ഡൂപ്ലിക്കേറ്റിനും അപേക്ഷ നല്‍കല്‍, മണ്ഡലം മാറ്റം തുടങ്ങിയ സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വോട്ടേഴ്‌സ് ഹെല്‍പ് ലൈന്‍ കണ്ട്രോള്‍ റൂമിലൂടെ സേവനം ലഭ്യമാണ്. ടോള്‍ ഫ്രീ നമ്പര്‍ കൂടാതെ 0468 2224256 എന്ന നമ്പരിലും ബന്ധപ്പെടാം.

ആദ്യവോട്ടവകാശം വിനിയോഗിക്കാന്‍ 18,087 പേര്‍

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭ്യമായത് 18,087 പേര്‍ക്ക്. 18, 19 വയസുകാരാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ച ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്.
ഈ പ്രായവിഭാഗത്തിലുള്ള 9,254 ആണ്‍കുട്ടികളും 8,833 പെണ്‍കുട്ടികളും ഇത്തവണ ആദ്യമായി വോട്ട് ചെയ്യാന്‍ അര്‍ഹത നേടി. അടൂര്‍ മണ്ഡലത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പുതുതലമുറക്കാര്‍ വോട്ടവകാശം നേടിയെടുത്തത്. 1614 പുരുഷന്‍മാരും 1491 സ്ത്രീകളും ഉള്‍പ്പെടെ 3105 പേര്‍ ഇവിടെനിന്നും വോട്ടര്‍പട്ടികയില്‍ ആദ്യമായി പേരുചേര്‍ത്തു. കുറവ് റാന്നി മണ്ഡലത്തിലാണ്. 1121 പുരുഷന്‍മാരും 966 സ്ത്രീകളും അടക്കം 2087 പേരാണ് റാന്നിയില്‍നിന്നും വോട്ടവകാശത്തിന് അര്‍ഹരായത്. ആറന്മുളയില്‍ 1330 പുരുഷന്‍മാരും 1267 സ്ത്രീകളുമായി 2597 പേരും കോന്നിയില്‍ 1224 പുരുഷന്‍മാരും 1237 സ്ത്രീകളുമായി 2461 പേരും തിരുവല്ലയില്‍ 1220 പുരുഷന്‍മാരും 1207 സ്ത്രീകളുമായി 2427 പേരും ആദ്യമായി പ്രായപൂര്‍ത്തി വോട്ടവകാശം നേടിയെടുത്തിട്ടുണ്ട്.

1,250പുരുഷന്‍മാരും 1,305 സ്ത്രീകളും ഉള്‍പ്പെടെ 2,555 പേര്‍ കാഞ്ഞിരപ്പള്ളിയില്‍നിന്നും 1,495 പുരുഷന്‍മാരും 1,360 സ്ത്രീകളും ഉള്‍പ്പെടെ 2855 പേര്‍ പൂഞ്ഞാറില്‍നിന്നും വോട്ടര്‍പട്ടികയില്‍ ഇടംനേടി. കോട്ടയം ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങളില്‍നിന്നായി ആകെ 5,410 പേര്‍ ഇക്കുറി പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും.

പോസ്റ്റല്‍ വോട്ടിങ് ഇവര്‍ക്ക്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിംഗ് സൗകര്യം ഭിന്നശേഷിക്കാര്‍, 85 വയസിന് മുകളിലുള്ള മുതിര്‍ന്ന വോട്ടര്‍മാര്‍, സര്‍വീസ് വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ലഭിക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന ലഭിച്ച അപേക്ഷകളിലുള്‍പ്പെട്ട വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായി പോളിങ് ദിവസത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ മണ്ഡലത്തില്‍ ഒരുക്കുന്ന പോസ്റ്റല്‍ വോട്ടര്‍ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തി വോട്ട് രേഖപ്പെടുത്താം. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) വഴി സര്‍വീസ് വോട്ടര്‍മാര്‍ക്ക് (ജവാന്മാര്‍ക്ക്) വോട്ട് രേഖപെടുത്താം. സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് ചെയ്തശേഷം തപാല്‍ വഴി തിരിച്ചയക്കാം.

വോട്ടര്‍ സ്ലിപ് വിതരണം, എ.എസ്.ഡി ലിസ്റ്റ്

വോട്ടെടുപ്പ് ദിവസത്തിന് അഞ്ചുദിവസത്തിന് മുന്നോടിയായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം ചെയ്യുന്ന വോട്ടേഴ്സ് സ്ലിപ് എല്ലാ വീടുകളിലും എത്തുന്നുണ്ടെന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നീരിക്ഷിച്ച് ഉറപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഇത്തവണ ബാര്‍കോഡ്, പോളിങ് സ്റ്റേഷന്‍ ലൊക്കേഷന്‍ സഹിതമാണ് സ്ലിപ്പ് തയ്യാറാക്കുന്നത്. അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വോട്ടര്‍ സ്ലിപ്പുകളുടെ വിതരണത്തിന് ശേഷം വോട്ടര്‍മാരുടെ അസാന്നിധ്യം, സ്ഥലംമാറ്റം, മരണം (ആബ്‌സന്‍സ്, ഷിഫ്റ്റ്, ഡെത്ത് -എ.എസ്.ഡി) എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് പ്രിസൈഡിങ് ഓഫീസര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇത് കൃത്യമായി പരിശോധിച്ചതിന് ശേഷമേ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കൂ

യോഗങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങന്‍ സുവിധ പോര്‍ട്ടല്‍

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങള്‍ക്കു മുന്‍കൂര്‍ അനുമതി വേണം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ സുവിധ പോര്‍ട്ടല്‍ (https://suvidha.eci.gov.in/pc/public/login) വഴി യോഗങ്ങള്‍, റാലി, വാഹനങ്ങള്‍, താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ്, ലൗഡ്സ്പീക്കര്‍ എന്നിവയ്ക്ക് അനുമതി തേടാം. പരിപാടി സംഘടിപ്പിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് അപേക്ഷ നല്‍കണം. അനുമതി ഇല്ലാതെ യോഗങ്ങളും റാലികളും നടത്തിയാല്‍ മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി നിയമനടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *