കോന്നി : ഒരു വർഷത്തെ ഐശ്വര്യം ദീപ നാളങ്ങളായി മുകളിലേക്ക് ജ്വാലിച്ചതോടെ പുണ്യ നദി അച്ചൻകോവിലിന്റെ കുഞ്ഞോളങ്ങൾ അവ ഏറ്റുവാങ്ങി പ്രകൃതിയിൽ സമർപ്പിച്ചു.999 മലകൾക്ക് അധിപനായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്തു ദിവസത്തെ മഹോത്സവത്തിന് പരിസമാപ്‌തി കുറിച്ച് പത്താമുദയ ഊട്ടുംഅച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്കും തെളിയിച്ചു.
ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മീയ ആചാര അനുഷ്ടാനങ്ങളിൽ കർമ്മ സ്ഥാനത്തു ഉള്ളതാണ് ദീപങ്ങൾ.അന്തകാരം അകറ്റി ജീവിത പ്രയാസങ്ങളിൽ നിന്നും മുക്തി നേടുവാൻ പ്രകൃതി ശക്തികൾക്ക് കാഴ്ച വെക്കുന്നതാണ് പന്തങ്ങൾ കത്തിച്ച ആൾപ്പിണ്ടി വിളക്ക്. ഇത് നദിയിൽ ഒഴുക്കിയാണ് ആദിമ ജനത പ്രകൃതിയോട് അലിഞ്ഞു നിന്ന് പ്രാർഥന നടത്തുന്നത്. ഈ ആചാരം അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. ഇക്കുറിയും കൊല്ലം പട്ടാഴി ദേശത്തു നിന്നുള്ള ആൾപിണ്ടി വിളക്ക് ഭക്തരാണ് ആൾപിണ്ടി കല്ലേലി കാവിൽ എത്തിച്ചത്.പൂജകൾക്ക് ഭാസ്‌ക്കരൻ ഊരാളി, വിനീത് ഊരാളി എന്നിവർ കാർമ്മികത്വം വഹിച്ചു.
പത്തു ദിവസത്തെ മഹോത്സവത്തിന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, അഡ്മിനിസ്ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര, പി ആർ ഒ ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.