എംപി കൃഷ്ണപിള്ള ഫൗണ്ടേഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായ എം പി കൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള എം. പി കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എം പി സ്‌മൃതി ‘കർമ്മധീര’ പുരസ്കാരം
മുൻ കെപിസിസി പ്രസിഡന്റും മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്കും കെ പി പരമേശ്വരക്കുറുപ്പ് സ്മൃതി ‘പ്രതിഭാപുരസ്കാരം’ അതിവേഗചിത്രകാരനും എക്കോ ഫിലാസഫറുമായ ഡോ : ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, മുൻ മന്ത്രി ജി സുധാകരൻ, കൃഷിമന്ത്രി പി പ്രസാദ് തുടങ്ങിയവരാണ് മുൻവർഷങ്ങളിലെ പുരസ്‌കാരജേതാക്കൾ.പുരസ്‌കാരങ്ങൾ എം പി കൃഷ്ണപിള്ളയുടെ 50 ആം ചരമവാർഷികദിനമായ 2024 മെയ് 4 ആം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കായംകുളം കോയിപ്പള്ളി കാരായ്മയിലെ എം പി കൃഷ്ണപിള്ള സ്‌മൃതിമണ്ഡപത്തിൽ നടക്കുന്ന സമ്മേളനത്തിൽ വെച്ച് മുൻ ലോക്സഭാoഗവും സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ ടി ജെ ആഞ്ചലോസ് സമ്മാനിക്കും.
എം പി കൃഷ്ണപിള്ള ഫൗണ്ടേഷൻ ചെയർമാനും കായംകുളം എം എസ് എം കോളേജ് മുൻ വൈസ് പ്രിൻസിപ്പലുമായ പ്രൊഫ: കെ പി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ -സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖർ പങ്കെടുക്കും