മണ്ണിനും വിണ്ണിനും പുഷ്ടിയേകി കോന്നി ഇളകൊള്ളൂർ അതിരാത്രം ഇന്ന് സമാപിക്കും ( 01/05/2024 )

 

പ്രകൃതിക്ക് പാനം ചെയ്ത് പണ്ഡിതർ ഇന്ന് യാഗാഗ്നി അണക്കും. ഇന്ന് ഉച്ചക്ക് 3 മണി വരെ സുപ്രധാന ചടങ്ങുകൾ നടക്കും. ഇന്ദ്ര സാന്നിധ്യമറിയിച്ച് ഇന്ന് യാഗശാല യജ്ഞശിഷാശിനമാകും. യാഗകർമ്മങ്ങളെ അഗ്നി ഏറ്റുവാങ്ങി വിഭുതി ഭൂമി ആഹരിക്കും. ഇന്ദ്രൻ സ്വതന്ത്രനാകും. ജീവജാലങ്ങൾ സന്തുഷ്ടരാകും. സസ്യജാലങ്ങൾ പുഷ്പിച്ച കായ് ഫലം ഇരട്ടിപ്പിക്കും. പറവകൾക്കും, മൃഗങ്ങൾക്കും സമൃദ്ധാഹാരം ലഭിക്കും. മനുഷ്യർക്ക് സമ്പത്തും ആരോഗ്യവും ജ്ഞാനവും വർദ്ധിക്കും.

ഡോക്ടർ ഗണേഷ് ജോഗലേക്കറിൻ്റെ നേതൃത്വത്തിൽ പണ്ഡിത ശ്രേഷ്ടൻമാരും വനിതകളും കുട്ടികളുമുൾപ്പടെ 41 വൈദികരാണ് രാപകൽ ഭേദിച്ച് അതിരാത്രം സാധ്യമാക്കിയത്. യാഗ യജമാനനായ കാലടി സംസ്കൃത സർവ്വകലാശാല പയ്യന്നൂർ സെൻ്റർ ഡയറക്ടർ കൈതപ്രം സ്വദേശി കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയും, പത്നിയും സംസ്കൃത അദ്ധ്യാപികയുമായ ഉഷ പത്തനാടിയും 10 ദിനരാത്രങ്ങൾക്ക് ശേഷം ആദ്യ സ്നാനം നടത്തുന്നതോടെ യാഗ കർമങ്ങൾ പൂർണമായവസാനിക്കും. യാഗ കാരണവർ കൈതപ്രം ദാമോദരൻ നമ്പൂതിരുടെ അനുജൻ കൈതപ്രം വാസുദേവൻ നമ്പൂതിരി തിരിച്ചു തൻ്റെ ഇല്ലത്തേക്ക് യാത്രയാകും.

ഒരു സോമയാജിയുടെ ജീവനാണ് തൻ്റെ അരണി. സോമയാജി എന്നാൽ സോമയാഗം ചെയ്യാൻ അധികാരി എന്നാണർത്ഥം. ആ അധികാരം കഠിന തപസ്സിലൂടെ ത്രേദാഗ്നിയെ ഉപാസിച്ചു ലഭിക്കുന്ന വരമാണ്. തൻ്റെ ഇല്ലത്തു നിന്ന് അരണിയിലേക്കാവാഹിച്ച് യാഗഭൂമിയിലെത്തി അത് പ്രതിജ്വലിപ്പിച്ചാണ് യാഗാഗ്നിയായി യജ്ഞകുണ്ഡത്തിൽ പകർത്തി 11 രാപകലുകൾ പ്രകൃതിയെ ശുദ്ധമാക്കിയത്. അതിനി ഇന്ന് രാവിലെ തൻ്റെ ആത്മാവിൻ്റെ ദൃശ്യ രൂപമായ അരണിയിലേക്ക് തിരിച്ച് സന്നിവേശിപ്പിച്ച് വീണ്ടും കടഞ്ഞ് കൊളുത്തി മരണം വരെ ഇല്ലത്ത് സൂക്ഷിക്കണം.

ആ അഗ്നി ഇരിക്കുന്നിടത്ത് ഇനി ജീവിത കാലം മുഴുവൻ വിഷ്ണു സോമയാജിയും ഉഷ പത്തനാടിയും ജീവിക്കും. ആ അഗ്നി നമ്മെ മരണത്തിനുമപ്പുറം കാത്ത് രക്ഷിക്കും. അതിനായി യമാനനും പത്നിയും അഗ്നിഹോത്രം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *