കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 30/04/2024 ): കോന്നി അതിരാത്രം സമാപനം (01 – 05 -24): പൂർണാഹുതി ഉച്ചക്ക് 3 മണിക്ക്
കോന്നി: ഇളകൊള്ളൂർ അതിരാത്രം (01 – 05 -24) ന് അവസാനിക്കും . അതിരാവിലെതന്നെ നിത്യ കർമങ്ങൾക്കു തുടക്കമാകും. രാവിലെ 8.30 നു അനൂയാജഹോമം നടക്കും. യാഗത്തിന് ശേഷം വന്ന വിറകും, സോമവും ദ്രോണ കലശത്തിലാക്കി വറുത്ത ബാർലിയും ആഹുതി ചെയ്യുന്ന ചടങ്ങാണിത്. ഇത് പ്രത്യേക തരത്തിലുള്ള രസകരമായ ഒരു കർമമാണ്. അതിനു ശേഷം പയശ്ചിത്ത കർമ്മങ്ങൾ പൂർത്തിയാക്കും. തുടർന്നു 10 മണിക്ക് അവഭൃഥസ്നാന ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് യാഗ ശാല അന്ഗ്നിക്കു സമർപ്പിക്കുന്ന ചടങ്ങുൾ ഉച്ച തിരിഞ്ഞു 1 മണിക്ക് ആരംഭിക്കും. ശാല സമർപ്പണം കഴിഞ്ഞു പൂർണാഹുതിയോടെ അതിരാത്രത്തിനു സമാപനമാകും.
(30-04-2024) അതിരാവിലെ തൃദീയ സവനം ആരംഭിച്ചു. പ്രാത ദ്വിദീയ സവനങ്ങളിൽ 10 മന്ത്രങ്ങളാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സോമ പിഴിഞ്ഞ് ആദ്യം ആദിത്യന്മാർക്കു ആഹുതി കൊടുത്തു. തുടർന്ന് 11 ആം സ്തുതി ആരംഭിച്ചു. ഈ സ്തുതികൾ അതീവ ശ്രദ്ധയോടെയാണ് ഋത്വിക്കുകൾ ചൊല്ലിയത്. ഇതുനു ശേഷം പശുബലി നടന്നു. പുരോഡാശം എന്ന അരിമാവുകൊണ്ടുള്ള അടയാണ് പശുബലിക്കായി ഉപയോഗിച്ചത്. ശേഷം യജമാനനും പത്നിയും ഭക്ഷണം കഴിക്കുന്ന ചടങ്ങു നടന്നു. തുടർന്ന് സവിതാവിനു ആഹുതി ചെയ്യുകയും സോമപാനം ആരംഭിക്കുകയും ചെയ്തു. തുടർന്ന് അധിപ്രാധാന്യമേറിയ യജ്ഞായജ്ഞീയം (അഗ്നിഷ്ടോമം) എന്ന സ്തുതി തുടങ്ങി. 3 സ്തോത്രീയങ്ങളെ 21 ആക്കുകയാണ് അതിരാത്രത്തിൽ ചെയ്യുന്നത്. ഓരോന്നും 7 തവണ ചൊല്ലി വിസ്തുതി പൂർത്തിയാക്കി.
തുടർന്ന് ഉക്ത്യയാഗം ആരംഭിച്ചു. അഗ്നിഷ്ടോമത്തിലെ 12 വീതം ശ്രുതിയും ശാസ്ത്രവും കഴിഞ്ഞ് വരുന്ന 3 ഉക്ഥസ്ഥുതികളും ശാസ്ത്രങ്ങളുമാണ് ഇത്. ഇന്ദ്ര – വരുണ ഇന്ദ്ര – ബൃഹസ്പതി, ഇന്ദ്ര – വിഷ്ണു സ്ഥുതികളാണ് ഇവ. ശേഷം ഷോഡശ യാഗം ആരംഭിച്ചു. ഇത് സന്ധ്യ സമയത്താണ് നടന്നത്. അതിരാത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട യാഗ ക്രിയയാണ് ഷോഡശി. ഒരക്ഷരം 30 സെക്കൻ്റ് വരെ ശ്വാസം വിടാതെ നീട്ടിയാണ് ഷോഡശി ചൊല്ലുന്നത്.
തുടർന്നാണ് അതിരാത്ര ചടങ്ങുകൾ നടന്നത്. രാത്രി പര്യായം എന്ന ശാസ്ത്രങ്ങളുടെ മന്ത്രോച്ചാരണവും സോമ തർപ്പണവുമാണിത്. ഋക് യജൂർ സാമാഥർവ്വ യാഗമന്ത്രങ്ങൾ 3 വട്ടം ചൊല്ലുന്നു. ഓരോന്നിൻ്റെയും 15 വിസ്തുതിയാണ് പ്രയോഗിക്കുന്നത്. ആഹുതികളെല്ലാം ചെയ്യുന്നത് ഇന്ദ്രനാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവനും ഇത് നടന്നു. അവസാനം അശ്വിന സ്തുതിയോടെ അതിരാത്രം അവസാനിച്ചു. (01 – 04 -24) ന് സമാപന ഹോമങ്ങളും പൂർണാഹുതിയും നടക്കും. വിശ്വാസികളെ സംബന്ധിച്ച് സമാപന ഹോത്രവും അവദൃഥസ്നാനവും, ആഹുതിയുമാണ് യാഗ പുണ്യം നേടാനുള്ള അവസാന അവസരം.