പത്തനംതിട്ടയില്‍ പക്ഷിപ്പനി: ഫാമിലെ താറാവുകള്‍ക്ക് ദയാവധം

പത്തനംതിട്ട നിരണം ഡക്ക് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയുള്ള എല്ലാ താറാവുകള്‍ക്കും ദയാവധം നല്‍കി ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നാളെ (14) രാവിലെ എട്ടിന് ഈ നടപടികള്‍ സ്വീകരിക്കാനാണ് ധാരണ.

പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിക്കും. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഒരാഴ്ച മുൻപാണ് തിരുവല്ല നിരണത്തെ സർക്കാർ ഡക്ക് ഫാമിലെ താറാവുകൾ കൂട്ടത്തോടെ ചത്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബിൽ നിന്ന് റിപ്പോർട്ട് എത്തി. 5000 ഓളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത്.

 

പക്ഷിപ്പനി ; ആശങ്ക വേണ്ട, മുൻകരുതലുകൾ സ്വീകരിക്കണം 
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു.
പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച് 5 എൻ1 ‘ എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം.രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ  കാഷ്ടവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം മൂലം വൈറസ് മനുഷ്യരിലേക്ക് പടരാം.
ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്,  ശരീരവേദന, തലവേദന, ക്ഷീണം, ശ്വാസതടസ്സം എന്നിവ പക്ഷിപ്പനിയുടെ ലക്ഷണങ്ങളാണ്
രോഗബാധിത പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോഴി, താറാവ്, കാട തുടങ്ങിയ  വളർത്തു പക്ഷികളുമായി അകലം പാലിക്കുക.
വളർത്തു പക്ഷികളെ എടുക്കാനും താലോലിക്കാനും കുട്ടികളെ അനുവദിക്കരുത്.
പക്ഷികളെ വളർത്തുന്ന സ്ഥലം / കൂടിൻ്റെ പരിസരത്ത് പോകരുത്.
മുട്ട, മാംസം എന്നിവ നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക.
ചത്ത പക്ഷികൾ,  കാഷ്ഠം മുതലായ  വസ്തുക്കളുമായി സമ്പർക്കത്തിൽ ആയാൽ ഉടൻ തന്നെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
രോഗബാധിത പ്രദേശങ്ങളിൽ  ഉള്ളവർ മാസ്ക് ഉപയോഗിക്കുക
പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് സ്വയം ശ്രദ്ധിക്കുക.

ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *