മഴക്കാല രോഗങ്ങള്‍- പ്രതിരോധം ശക്തമാക്കണം: ഡിഎംഒ
മഴക്കാലം ആരംഭിക്കുന്നതോടുകൂടി പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.അനിതകുമാരി. എല്‍ അറിയിച്ചു. ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം.
വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഇല്ലാതാക്കണം. ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍, ടാര്‍പോളിന്‍ ഷീറ്റുകള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ട, കമുകിന്‍പാളകള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ പിറകിലെ ട്രേ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം.
വീടിനുള്ളില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികളില്‍ ഈഡിസ് കൊതുകുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയിലൊരിക്കല്‍ ഇത്തരം ചെടിച്ചട്ടികള്‍ക്കടിയിലെ ട്രേകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം മാറ്റി കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എല്ലാ ഞായറാഴ്ചയും ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.
ജില്ലയില്‍ പൊതുവെ എല്ലായിടത്തും വെക്ടര്‍ സൂചിക കൂടുതലാണ്. കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍ പ്രദേശം- വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍-
പത്തനംതിട്ട നഗരസഭ – 10
മല്ലപ്പള്ളി – 10
ആനിക്കാട് – 6, 9
ചന്ദനപ്പള്ളി – 13, 17
കോന്നി – 2, 5
കൂടല്‍ – 15
റാന്നി പെരുനാട് – 9
മൈലപ്ര – 1
തണ്ണിത്തോട് – 13
ഡെങ്കിപ്പനിക്കൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.