ശക്തമായ മഴയില്‍ തൃശൂര്‍ നഗരത്തില്‍ വന്‍മരം ഒടിഞ്ഞു വീണു. ജനറല്‍ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം വീണത്. മരത്തിനടിയില്‍പ്പെട്ട് ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു.
നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. രാവിലെയാണ് അപകടം. ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നും മരം പൊട്ടി വീഴുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. അപകടകരമായി നില്‍ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചുമട്ടു തൊഴിലാളികള്‍ പാഴ്‌സല്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്.കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ തേക്കിന്‍കാട്ടില്‍ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വീണിരുന്നു. കളക്ട്രേറ്റിന് സമീപവും കൂറ്റന്‍ മരം കടപുഴകി വീണ് ടൗണില്‍ വെസ്റ്റ് സ്‌റ്റേഷന്റെ മതിലും ചുമരും തകര്‍ന്നിരുന്നു. ചേറ്റുപുഴ റോഡിലും മരം വീണ് അപകടമുണ്ടായതും ഈ ആഴ്ചയിലാണ്