ഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും പ്രമേയങ്ങൾ പാസാക്കി

ഇന്ത്യൻ സമൂഹത്തെ ആദരിച്ച് ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയും സെനറ്റും പ്രമേയങ്ങൾ പാസാക്കി

ആൽബനി: ഓഗസ്‌റ്റ് മാസം ഇന്ത്യൻ പൈത്രുക മാസമായി (ഇന്ത്യ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിനോടനുബന്ധിച്ച് ഈ വർഷവും ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലിയിലും സെനറ്റിലും പ്രമേയങ്ങൾ പാസാക്കുകയും ഇന്ത്യൻ സമൂഹത്തെ അംഗീകരിക്കുകയും ചെയ്തു. എട്ടു വർഷം മുൻപ് റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോളിന്റെ ശ്രമഫലമായി ആരംഭിച്ച ഇന്ത്യ ഹെറിറ്റേജ് മന്ത് ആഘോഷം സമൂഹത്തിനു അഭിമാനമായി തുടരുന്നു. ഇതോടനുബന്ധിച്ചാണ് ഇന്ത്യൻ ഹെറിറ്റേജ് ക്ലബ് രൂപം കൊണ്ടത്. (ICHAA Club)

അസംബ്ലിയിൽ റോക്ക് ലാൻഡിൽ നിന്നുള്ള അസംബ്ലിമാൻ കെൻ സെബ്രോസ്‌കിയും സെനറ്റിൽ സെനറ്റർ ബിൽ വെബ്ബറും പ്രമേയങ്ങൾ അവതരിപ്പിക്കയും ഇന്ത്യൻ സമൂഹത്തിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ചടങ്ങിനെത്തിയവരുടെ പേരുകളും എടുത്തുപറഞ്ഞു.

ഓഗസ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി 2015 ൽ ആണ് ന്യു യോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ചാണ് ഇന്ത്യക്കാർ തലസ്ഥാനമായ ആൽബനിയിൽ സ്റ്റേറ്റ് ലെജിസ്ളേച്ചറിന്റെ ഇരു ചേമ്പറുകളിലും പ്രമേയങ്ങൾ പാസാക്കുന്നത് ആഘോഷിക്കുവാനായി എത്തുന്നത്.

ഡോ. ആനി പോളിന്റെ നേതൃത്വത്തിൽ മലയാളി സമൂഹത്തിൽ നിന്നടക്കം ഏതാനും ഇന്ത്യാക്കാർ ആൽബനിയിലെത്തി. ഷൈമി ജേക്കബ്, വർഗീസ് ഉലഹന്നാൻ , ജോർജ് ജോസഫ് തുടങ്ങിയവർ മലയാളി സമൂഹത്തിൽ നിന്ന് പങ്കെടുത്തവരിൽ ഉൾപ്പെടും.അസംബ്ലിമാൻ ജോണ് മക്ഗോവൻ, മലയാളിയായ സെനറ്റർ കെവിൻ തോമസ് എന്നിവരെയും സംഘം സന്ദർശിച്ചു.

ഇന്ത്യൻ സമൂഹവുമായി ഉറ്റബന്ധം പുലർത്തുന്ന അസംബ്ലിമാൻ കെൻ സെബ്രോസ്‌കി ഈ വര്ഷം വിരമിക്കുകയാണ്. അതിനാൽ ഇപ്രാവശ്യത്തെ ആഘോഷത്തിനും പ്രത്യേകതയുണ്ടായിരുന്നു. തനിക്കു ശേഷവും ആഘോഷം തുടരണമെന്നദ്ദേഹം പറഞ്ഞു. യുവാവായ സെബ്രോസ്‌കി പുതിയ കർമ്മമേഖലയിലേക്കു മാറുവാനാണ് അസംബ്ലിയിൽ നിന്ന് വിരമിക്കുന്നത്.

ഇന്ത്യൻ പൈതൃക മാസം സ്റ്റേറ്റ് തലത്തിൽ ആഘോഷിക്കുന്നതിലും അസംബ്ലിയും സെനറ്റും പ്രമേയങ്ങൾ പാസാക്കി ഇന്ത്യൻ സമൂഹത്തെ അംഗീകരിക്കുന്നതിലും അഭിമാനമുണ്ടെന്ന് ഡോ. ആനി പോൾ പറഞ്ഞു.

ഇതേ സമയം, ജൂൺ 3 തിങ്കളാഴ്ച ന്യുയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന്റെ നേതൃത്വത്തിൽ മലയാളി പൈതൃക മാസം സ്റ്റേറ്റ് സെനറ്റിലും അസംബ്ലിയിലും ആഘോഷിക്കുന്നു. മാർത്തോമ്മാ സഭയുടെ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ പങ്കെടുക്കും.
സെനറ്റർ കെവിൻ തോമസും ഈ വര്ഷം വിരമിക്കുകയാണ്. അതിനാൽ ഈ ആഘോഷവും ഏറെ പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *