പത്തനംതിട്ട ജില്ലയില്‍ ഒരുക്കം പൂര്‍ണം; വോട്ടെണ്ണല്‍ ( ജൂലൈ 04)

പത്തനംതിട്ട ജില്ലയില്‍ ഒരുക്കം പൂര്‍ണം; വോട്ടെണ്ണല്‍ ( ജൂലൈ 04)

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂര്‍ണം; വോട്ടെണ്ണല്‍ ( ജൂലൈ 04)പ്രക്രിയയ്ക്ക് പുലര്‍ച്ച മുതല്‍ തുടക്കമാവും. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പുലര്‍ച്ചെ ജീവനക്കാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരും.

രാവിലെ അഞ്ചിന് മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടക്കും. ശേഷമാവും ജീവനക്കാരെ അവര്‍ക്ക് നിയോഗിച്ചിട്ടുള്ള കൗണ്ടിംഗ് സെന്ററുകളിലേക്ക് നിയോഗിക്കുക. രാവിലെ ഏഴിനാണ് സ്‌ട്രോംഗ് റൂം തുറക്കുക. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവിഎമ്മുകള്‍ കൗണ്ടിംഗ് മേശകളിലേക്ക് മാറ്റും.

രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെയാണുള്ളത്.

രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന മേശകളില്‍ സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 മേശയുണ്ട്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് 35 മേശയും സര്‍വീസ് വോട്ട് എണ്ണുന്നതിനു മുന്‍പായി സ്‌കാനിംഗിനു വേണ്ടി 14 മേശയും വേറെ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകള്‍ തെരഞ്ഞെടുക്കുക. ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയശേഷമേ അന്തിമവിധി പ്രഖ്യാപനമുണ്ടാകൂ.

ഒരുക്കങ്ങള്‍ വിലയിരുത്തി കളക്ടര്‍

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സന്ദര്‍ശിച്ച് അവസാന ഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തി. വോട്ടെണ്ണലിനായി ഒരുക്കിയിട്ടുള്ള ഹാളുകള്‍, മേശകള്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്കായി ഒരുക്കിയിട്ടുള്ള ഇരിപ്പിടിങ്ങള്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവ കളക്ടര്‍ പരിശോധിച്ചു. ഏഴു നിയോജക മണ്ഡലങ്ങള്‍ക്കായി ഓരോ മണ്ഡലത്തിത്തിനും 14 വീതം മേശകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിഎം എണ്ണുന്നതിനായി ഏഴ് ഹാളുകളും പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനു വേണ്ടി രണ്ട് ഹാളുകളും സര്‍വീസ് വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിന് ഒരു ഹാളും എണ്ണുന്നതിനായി മറ്റൊരു ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചിന് ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ റാന്റമൈസേഷന്‍ തെരെഞ്ഞെടുപ്പ് നിരീക്ഷകന്റെ സാന്നിധ്യത്തില്‍ നടക്കും.

വോട്ടെണ്ണല്‍ കേന്ദ്രത്തിന് ത്രിതല സുരക്ഷ

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ഒരുക്കിയിട്ടുള്ളത് ത്രിതല സുരക്ഷ. ലോക്കല്‍ പോലീസ്, സംസ്ഥാന സായുധ സേന, കേന്ദ്ര സായുധ സേന എന്നിവരാണ് സുരക്ഷയൊരുക്കുന്നത്. കൗണ്ടിംഗ് ഹാളിന്റെ പ്രധാന ഗേറ്റില്‍ നിന്നും ഇരുവശത്തേക്ക് 100 മീറ്റര്‍ അകലത്തില്‍ വരുന്ന സ്ഥലം പെഡസ്ട്രിയന്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലത്തേക്ക് വാഹ്നങ്ങള്‍ ഒന്നും കടത്തി വിടില്ല. 100 മീറ്ററിന് അപ്പുറത്ത് വാഹനങ്ങള്‍ ഇടുവാന്‍ പ്രത്യേക സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, കൗണ്ടിങ് സ്റ്റാഫ്, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല.

മൊബൈല്‍ ഫോണ്‍ അനുവാദം ഒബ്‌സര്‍വര്‍ക്ക് മാത്രം

വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒബ്‌സര്‍വര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ജീവനക്കാരുടെയും കൗണ്ടിംഗ് ഏജന്റുമാരുടെയും മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുന്നതിന് പ്രത്യേക റൂം ക്രമീകരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാനാര്‍ഥിക്കും അവരുടെ ഏജന്റുമാര്‍ക്കും മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ വോട്ടെണ്ണല്‍ പൂര്‍ണ്ണമായി പകര്‍ത്താനായി ഔദ്യോഗിക ക്യാമറ മാത്രമേ അനുവദിക്കൂ. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ അനുവാദമില്ല.
അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിശ്ചിത ദൂരപരിധിയില്‍നിന്ന് പൊതുവായുള്ള ചിത്രം പകര്‍ത്താന്‍ അനുവാദമുണ്ടാവും. ഏതു സാഹചര്യത്തിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് ചിത്രീകരിക്കാന്‍ പാടില്ല.

ഫലമറിയാന്‍ ഏകീകൃത സംവിധാനം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (ജൂണ്‍ 04 ന്) രാവിലെ എട്ടിന് ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിട്ട് എ.ആര്‍.ഒമാര്‍ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റില്‍ ലഭിക്കുക. ഇത് ആദ്യമായാണ് രാജ്യത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള ഫലങ്ങള്‍ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷന്‍ റിസള്‍ട്ട്സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ട്രെന്‍ഡ്സ് ആന്‍ഡ് റിസള്‍ട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.

വോട്ടെണ്ണല്‍ ദിനം ഡ്രൈ ഡേ

വോട്ടെണ്ണല്‍ ദിനം ജില്ലയില്‍ ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ല.

13,789 പോസ്റ്റല്‍ വോട്ട്

ആകെ 13,789 പോസ്റ്റല്‍ വോട്ടാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ 85 വയസിനു മുകളില്‍ പ്രായമുള്ള വോട്ടര്‍മാരുടെ 9,657 വോട്ടും, ഭിന്നശേഷിക്കാരുടെ 2,035 വോട്ടുകളും, അവശ്യസേവനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ 446 വോട്ടുകളും പോളിംഗ് ഓഫീസര്‍മാരുടെ 1,651 വോട്ടുകളുമാണ് ഇതില്‍ ഉള്ളത്. 4,256 ബാലറ്റുകള്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) മുഖേന അയച്ചതില്‍ 1977 എണ്ണം ഇതുവരെ തിരികെ ലഭിച്ചു. നാലിന് രാവിലെ എട്ടുവരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ എണ്ണും.

Leave a Reply

Your email address will not be published. Required fields are marked *