ആകാശിനും നാട് വിട നല്‍കി.പന്തളം മുടിയൂര്‍ക്കോണം സ്വദേശി
ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം നടന്നു
കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്‍ നായരുടെ സംസ്‌കാരം സ്വവസതിയില്‍ നടന്നു. രാവിലെ 11 മുതല്‍ പൊതുദര്‍ശനം ആരംഭിച്ചതുമുതല്‍ ആയിരങ്ങളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം.പി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂര്‍ ആര്‍ഡിഒ വി. ജയമോഹന്‍ അന്തിമോപചാരമര്‍പ്പിച്ചു.
പക്ഷിപ്പനി; പക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല നഗരസഭ രണ്ടാം വാര്‍ഡ് എ. അമല്‍ കുമാര്‍, എള്ളിമണ്ണില്‍ ഹൗസ്, ചുമത്ര പി.ഒ, തിരുവല്ല എന്നവരുടെ ഉടമസ്ഥയിലുളള കോഴികളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബാധിത മേഖലയും ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് സര്‍വയലന്‍സ് മേഖലയുമാണ്.
പ്രഭവ കേന്ദ്രത്തിന്റെ 10 കി.മീ ചുറ്റളവിലുള്ള പ്രദേശങ്ങളായ തിരുവല്ല നഗരസഭ, കുന്നന്താനം, കവിയൂര്‍, പെരിങ്ങര, പുളിക്കീഴ്, കല്ലൂപ്പാറ, പുറമറ്റം, ഇരവിപേരൂര്‍, നെടുമ്പുറം, കടപ്ര, കുറ്റൂര്‍, എന്നീ പ്രദേശങ്ങള്‍ സര്‍വയലന്‍സ് മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ജൂലൈ അഞ്ചു വരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി.
ഈ പ്രദേശങ്ങളില്‍ താറാവ്, കോഴി, കാട മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ വില്‍പ്പനയും, കടത്തലും നടക്കുന്നില്ലായെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതും സ്‌ക്വാഡ് രൂപീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്തേണ്ടതുമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ ആക്ഷന്‍പ്ലാന്‍ പ്രകാരമുള്ള തയ്യാറെടുപ്പുകളും രോഗനിയന്ത്രണ നടപടികളും കര്‍ശനമായി നടപ്പാക്കുന്നുണ്ടന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉറപ്പുവരുത്തണം.
ദര്‍ഘാസ്
പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനായി 2024 ജൂലൈ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം വിട്ടുനല്‍കുന്നതിനായി ജിഎസ്ടി രജിസ്ട്രേഷനുളള വാഹന ഉടമകളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 28 ന് വൈകുന്നേരം മൂന്നുവരെ. ഫോണ്‍: 0473 221236.
പ്രീഡിഡിസി യോഗം 22 ന്
ജില്ലാ വികസന സമിതിയുടെ ജൂണ്‍ മാസത്തെ പ്രീഡിഡിസി യോഗം ജൂണ്‍ 22 ന് ഉച്ചയ്ക്ക് 2.30 ന് ഓണ്‍ലൈനായി ചേരും.
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂണ്‍ 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്‍ഡ് പിഎംഎവൈ ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949. (പിഎന്‍പി
സ്പോട്ട് ലേലം
കുറ്റൂര്‍ പഞ്ചായത്തില്‍ മണിമലയാറിനു കുറുകെ കുറ്റൂര്‍ -തോണ്ടറ പാലത്തിന് അടിവശം താഴോട്ട് അടിഞ്ഞുകൂടിയിട്ടുളള ഏകദേശം 15000 ക്യുബിക് മീറ്റര്‍ എക്കലും ചെളിയും കലര്‍ന്ന മണല്‍പുറ്റ് ജൂണ്‍ 26 ന് രാവിലെ 11 ന് കുറ്റൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സ്പോട്ട് ലേലം ചെയ്യും. താത്പര്യമുളളവര്‍ക്ക് പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരില്‍ നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.
കുടുംബശ്രീ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു
പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയിലെ 45 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ കേന്ദ്രീകരിച്ച് അരികെ കൈകോര്‍ക്കാം കൈത്താങ്ങാവാം എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു.
വയോജനങ്ങള്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ വഴിയില്‍ ഉപേക്ഷിച്ചു പോകല്‍, കടന്നാക്രമണം ,ലൈംഗികമായി ഉപദ്രവിക്കല്‍, സ്വത്തു തട്ടിയെടുക്കല്‍, സാമ്പത്തികമായി കബളിപ്പിക്കല്‍ എന്നിവയില്‍ വയോജനങ്ങളും പൊതുസമൂഹവും മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ജാഗരൂകരാകേണ്ടതാണ് എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ വയോജനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ ,സാമൂഹിക സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്നവരുടെ ക്ഷേമ പദ്ധതികള്‍, നിയമം, ജീവിത ശൈലി രോഗങ്ങള്‍ മാനസികാരോഗ്യം എന്നിവ സംബന്ധിച്ച അവബോധ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. വാര്‍ധക്യത്തില്‍ ഒറ്റപ്പെടാതെ ഓരോ മുതിര്‍ന്ന പൗരനെയും ചേര്‍ത്തു പിടിക്കുക എന്നതാണ് കുടുംബശ്രീ ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
വോട്ടര്‍ പട്ടിക പുതുക്കല്‍: ജൂണ്‍ 21 വരെ അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുളള വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ നടപടികള്‍ ആരംഭിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. 2024 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവര്‍ക്ക് അതത് തദ്ദേശ സ്ഥാപന സെക്രട്ടറി (ഇആര്‍ഒ) മുമ്പാകെ ജൂണ്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശ സ്ഥാപന സെക്രട്ടറി (ഇആര്‍ഒ) മാര്‍ അപേക്ഷകളിന്മേല്‍ /ആക്ഷേപങ്ങളിന്മേല്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് പത്തനംതിട്ട ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.
മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം നടത്തി
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള ചൂഷണവും അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള ദിനാചരണങ്ങള്‍ സംഘടിപ്പിക്കുന്നത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുന്നതിനും വയോജനങ്ങള്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം ഭാവിയില്‍ സമൂഹത്തില്‍ ഉണ്ടാകുന്നതിനും ഏറെ സഹായകമാണെന്ന് അവര്‍ പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി വയോജന സംരക്ഷണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍വഹിച്ചു. വയോജന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വയോജനക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദാംശം ഉള്‍പ്പെടുത്തിയ സാമൂഹ്യനീതി വകുപ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംല ബീഗം, ജില്ലയിലെ വയോജനകമ്മിറ്റി മെമ്പര്‍മാരായ ബി. ഹരികുമാര്‍, വി.ആര്‍ ബാലകൃഷ്ണന്‍, പത്തനംതിട്ട പ്രൊബേഷന്‍ ഓഫീസര്‍ ജി.സന്തോഷ്, വയോമിത്രം ജില്ലാ കോ-ഓഡിനേറ്റര്‍ എ.എല്‍ പ്രീത , മൗണ്ട് സിയോണ്‍ കോളേജ് അസി. പ്രൊഫസര്‍ ആതിര രാജ് എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ഗവ.ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് ഒ. എസ് മീന, അഡ്വ. ശ്രീജിത്ത് സോമശേഖരന്‍, ആര്യ ദേവി, എസ് ആശ എന്നിവര്‍ വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നയിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ മൗണ്ട് സിയോണ്‍ ലോ കോളജ് കുട്ടികള്‍ സംഘടിപ്പിച്ച ഫ്ളാഷ് മോബ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജില്ലാ ഓഫീസര്‍ പ്രതാപ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലുടനീളം വാഹനപ്രചരണവും സംഘടിപ്പിച്ചു.
തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു
പത്തനംതിട്ട സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ എലിയറയ്ക്കലുളള ഓഫീസില്‍ നിന്നും കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്സറിയില്‍ ശാസ്ത്രീയമായി തയാറാക്കിയ നല്ലയിനം തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 8547603654, 889115639, 9497648524.