മൻ കി ബാത്ത് മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു
മൻ കി ബാത്തിലൂടെ രാജ്യ നിർമാണത്തിന് സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മന്‍ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസണ്‍ മത്സരങ്ങളും വായനാദിനാചരണവും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവ് നൽകുന്നു എന്ന രീതിയിൽ മൻ കി ബാത്തിന്റെ സ്വാധീനം പരിശോധിക്കുന്നതിനാണ് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിലെ വിജയികൾ സ്വാതന്ത്ര്യ ദിന, റിപ്പബ്ലിക് ദിന പരേഡുകളിൽ പങ്കെടുത്തത് ഓർമ്മിപ്പിച്ച കേന്ദ്ര മന്ത്രി ഇത്തരം വേദികളിൽ കേരളത്തിന് ശക്തിയോടെ പങ്കെടുക്കാൻ സാധിക്കുമെന്ന സന്ദേശം കൂടിയാണ് ഈ ക്വിസ് മത്സരമെന്നും പറഞ്ഞു.
വായനയുടെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കി നൽകിയ പി എൻ പണിക്കരെ അദേഹത്തിന്റെ ചരമ ദിനത്തിൽ ശ്രീ സുരേഷ് ഗോപി അനുസ്മരിച്ചു. വായനാ ദിനത്തിന്റെ ഭാഗമായി പട്ടം സെന്റ് മേരീസ് സ്കൂളിൽ ഒരുക്കിയിരുന്ന പുസ്തക മതിലും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിശ്വ സാഹിത്യന്മാരുടെ വേഷം ധരിച്ച വിദ്യാർത്ഥികൾ മന്ത്രിയെ സ്വാഗതം ചെയ്യാനായി അണിനിരന്നു. എൻസിസി കേഡെറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി കേന്ദ്ര സഹമന്ത്രിയെ സ്വീകരിച്ചു.
ഞാനിൽ നിന്ന് നമ്മളിലേക്കുള്ള ആത്മീയ യാത്രയാണ് മൻ കി ബാത് എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം അനില്‍കുമാര്‍, സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൺ, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.