നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

 

നാളെ (5) നിശബ്ദ പ്രചാരണം; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും
ഇന്ന് വൈകിട്ട് ഏഴിന് കൊട്ടിക്കലാശം ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചു. നാളെ (ഏപ്രില്‍ 5) നിശബ്ദ പ്രചാരണം. രാവിലെ ഏഴിനു തന്നെ പോളിംഗ് ഉദ്യോഗസ്ഥര്‍ അതത് വിതരണ കേന്ദ്രങ്ങളില്‍ എത്തിത്തുടങ്ങും. എട്ടിന് വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളും കൈമാറിത്തുടങ്ങും. എല്ലാ പോളിംഗ് സാമഗ്രികളും ലഭിച്ചുവെന്ന് ഉറപ്പാക്കിക്കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ബൂത്തുകളിലേക്ക് പോകും. അവിടെ പോളിംഗിന് ആവശ്യമായ ഒരുക്കങ്ങളെല്ലാം രാത്രിയോടെ പൂര്‍ത്തിയാകും.

പോളിംഗ് ദിവസമായ ഏപ്രില്‍ ആറിന് പുലര്‍ച്ചെ തന്നെ ബൂത്ത് സജീവമാകും. സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാര്‍ പുലര്‍ച്ചെ ബൂത്തില്‍ എത്തും. 5.30ന് മോക് പോള്‍ ആരംഭിക്കും. ഏഴു മുതല്‍ വോട്ടെടുപ്പ് പ്രക്രിയയിലേക്കു കടക്കും. വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്.

ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട്
ചെയ്ത് 2970 പോളിംഗ് ഉദ്യോഗസ്ഥര്‍
നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഒരുക്കിയ പ്രത്യേക വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്തത് 2970 ഉദ്യോഗസ്ഥര്‍.
ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് എല്ലാ മണ്ഡലത്തിലും പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചത്. ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യവും ഫെസിലിറ്റേഷന്‍ സെന്ററില്‍ ഉണ്ടായിരിന്നു.
തപാല്‍ വോട്ട് ചെയ്തവരുടെ കണക്ക് മണ്ഡലം, ആകെ അപേക്ഷിച്ചവര്‍, ബ്രാക്കറ്റില്‍ (ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്തവര്‍) എന്ന ക്രമത്തില്‍:
ആറന്മുള – 1729 (598), റാന്നി – 1138 (577), കോന്നി – 1632 (713), അടൂര്‍ – 1024 (550),
തിരുവല്ല – 1123 (532).

പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന
കാര്യാലയങ്ങള്‍ക്ക് ഏപ്രില്‍ അഞ്ചിന് അവധി
ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയങ്ങള്‍ക്കും തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങള്‍ക്കും ഏപ്രില്‍ അഞ്ചിന് അവധി പ്രഖ്യാപിച്ചു.
വോട്ടിംഗ് ദിവസം സ്വകാര്യ സ്ഥാപന മേധാവികള്‍, അവരുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടി അവധി നല്‍കേണ്ടതാണ്.

മദ്യ നിരോധനം ഏര്‍പ്പെടുത്തി
നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവ ഏപ്രില്‍ നാലിന് വൈകുന്നേരം ആറു മുതല്‍ ഏപ്രില്‍ ആറിന് വൈകുന്നേരം ആറു വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. മദ്യം വില്‍ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ ഉള്‍പ്പെടെ ഉള്ളവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള പെരുമാറ്റചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശം നല്‍കി. പരാതികള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഫോണ്‍: 0468-2222515, 0468-2222507.

പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല
പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സ്ഥാനാര്‍ഥികളുടെയോ, രാഷ്ട്രീയ പാര്‍ട്ടികളുടെയോ നേതൃത്വത്തില്‍ പ്രകടനങ്ങളോ, പൊതുയോഗങ്ങളോ നടത്താന്‍ പാടില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.
തെരഞ്ഞെടുപ്പ് സംബന്ധമായ ഒരുവിധത്തിലുമുള്ള പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങളും ടെലിവിഷന്‍, സിനിമ സമാനമായ മാധ്യങ്ങള്‍ ഉപയോഗിച്ചും നടത്താന്‍ പാടില്ല. സംഗീത പരിപാടികള്‍, നാടകം, വിനോദ പരിപാടികള്‍, സാഹസിക പരിപാടികള്‍ തുടങ്ങിയവ പോളിംഗ് സ്റ്റേഷന്റെ പരിധിയില്‍ നടത്തി പൊതുജനത്തെ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് ആകര്‍ഷിക്കാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴയോ, തടവോ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്. വോട്ടറെ സ്വാധീനിക്കുന്നതോ, തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്നതോ ആയ ഏതൊരു നടപടിയും ഇതിന്റെ പരിധിയില്‍ വരും.

നിയമസഭാ തെരഞ്ഞെടുപ്പ്: കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യ വിതരണം, സൗജന്യ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല.
സുതാര്യവും സുഗമവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിന് അതത് നിയോജകമണ്ഡലങ്ങളില്‍ വോട്ടര്‍മാരല്ലാത്ത വ്യക്തികളുടെ സാന്നിധ്യം പ്രചാരണ സമയത്തിന് ശേഷം മണ്ഡലത്തില്‍ അനുവദിക്കില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗണ്‍സ്‌മെന്റുകളോ പാടില്ല. ജില്ലയിലെ ഗസ്റ്റ് ഹൗസുകളില്‍ ഉള്‍പ്പടെ ആളുകള്‍ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കും. ഇവിടെ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നില്ലെന്നും ഉറപ്പാക്കും.
തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിന്റെ നൂറ് മീറ്റര്‍ പരിധിയിക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രചരണവും അനുവദിക്കില്ല. ചുമരെഴുത്തുകള്‍, കൊടി തോരണങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ ഈ മേഖലയില്‍ നിയന്ത്രിക്കും. നൂറുമീറ്ററിനുള്ളില്‍ വരുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഈ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യം ഏതെങ്കിലും സ്ഥാനാര്‍ഥിയോ ബൂത്ത് ഏജന്റോ ഏര്‍പ്പെടുത്താന്‍ പാടില്ല. സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ ബൂത്തുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പാടില്ല. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ്, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക്-വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവ നിരീക്ഷണം നടത്തും.

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍….
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വയ്ക്കുന്നത്. പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകന്‍ ആദ്യമെത്തുന്നത് ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷം മാര്‍ക്ക്ഡ് കോപ്പിയില്‍ രേഖപ്പെടുത്തും.
രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടാണി വിരലില്‍ ഇന്‍ഡെലിബിള്‍ മഷി തേക്കുന്നത്. നഖത്തിനു മുകളില്‍ നിന്നും താഴേക്കാണ് മഷിപുരട്ടേണ്ടത്. ഇദ്ദേഹം തന്നെയാണ് 17-എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. വോട്ടര്‍ക്ക് സ്ലിപ് നല്‍കുന്നതും ഇദ്ദേഹമാണ്. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദ്ദേഹവും ഇരിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയാണ്. കൂടാതെ ഇന്‍ഡെലിബിള്‍ മഷി കൈയില്‍ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കണം. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മേശയില്‍ സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാര്‍ട്ട്‌മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.

ടെണ്ടര്‍ വോട്ടുകള്‍
തെരഞ്ഞെടുപ്പിലെ 49 പി ചട്ടം പ്രകാരം ഒരാളുടെ വോട്ടവകാശം മറ്റൊരു വ്യക്തി രേഖപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് വ്യാജവോട്ടു നടന്നതായി തെളിയിച്ച ശേഷം വോട്ടുയന്ത്രം ഉപയോഗിക്കാതെ ടെണ്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി നല്‍കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിച്ചുള്ളതാവണം ടെണ്ടര്‍ ബാലറ്റ് പേപ്പര്‍. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പ്രദര്‍ശിപ്പിച്ച അതേ മാതൃകയില്‍ പേപ്പറിന്റെ മറു വശത്ത് ‘ടെണ്ടര്‍ ബാലറ്റ് പേപ്പര്‍’ എന്ന മുദ്രയുള്ളതാവണം ഇവ.

സഹായി
അന്ധനോ അവശനോ ആയ ആളിന് സ്വന്തമായി വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ബോധ്യമായാല്‍ വോട്ടര്‍ കൊണ്ടുവരുന്ന സഹായിയെ അനുവദിക്കും. ഇതിനായി സഹായി ഒരു ഡിക്ലറേഷന്‍ എഴുതി നല്‍കണം.

പോളിംഗ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത
പോളിംഗ് ഓഫീസര്‍മാരുടെ കാര്യക്ഷമതയിലാണ് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിംഗ് മെഷീന്‍ ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടര്‍മാര്‍ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിംഗിന്റെ ആദ്യ മണിക്കൂറില്‍ ഉണ്ടാവുന്ന തിരക്കിലും സമ്മര്‍ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

ബൂത്തിലെ സര്‍വാധികാരി പ്രിസൈഡിംഗ് ഓഫീസര്‍
പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലക്കാരന്‍. വോട്ടിംഗ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോള്‍ നടത്തുക, യന്ത്രം വോട്ടിംഗിനായി സ്വിച്ച് ഓണ്‍ ചെയ്യുക, പോളിംഗ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നല്‍കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിംഗ് യന്ത്രം തകരാറിലായാല്‍ ഉടന്‍ ഉചിത തീരുമാനം കൈക്കൊള്ളുക, ടെന്‍ഡര്‍ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബൂത്തില്‍ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിംഗ് യന്ത്രം പരിശോധിക്കുക , വോട്ടിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തയാറാക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പൊതുചുമതലകള്‍. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിലുള്ള സ്ഥലം ഇദ്ദേഹത്തിന്റെ അധികാരപരിധിയിലായിരിക്കും.

പോളിംഗ് അവസാനിപ്പിക്കല്‍
വോട്ടിംഗ് അവസാനിപ്പിക്കുന്നത് പ്രിസൈഡിംഗ് ഓഫീസറാണ്. വോട്ടിംഗ് സമയം അവസാനിപ്പിക്കുമ്പോള്‍ നിരയില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിംഗിനുള്ള സമയം അവസാനിക്കുന്നതോടെ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിംഗ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ യന്ത്രത്തില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പോളിംഗ് അവസാനിക്കും.

പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവര്‍ക്ക് മാത്രം
സമ്മതിദായകര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികള്‍ എന്നിവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം.

പോളിംഗ് ഏജന്റുമാര്‍ അറിഞ്ഞിരിക്കേണ്ടത്
ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിംഗ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്‌മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.

പോളിംഗ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല
നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിട്ടുണ്ട്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 134 ബി പ്രകാരമാണ് കമ്മീഷന്‍ ആയുധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം പോളിംഗ് ബൂത്തുകളുടെ നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ ആയുധവുമായി പ്രവേശിക്കുകയോ ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. വോട്ടര്‍മാര്‍ക്ക് ആരുടെയും പ്രേരണയോ ഭീഷണിയോ കൂടാതെ വോട്ട് രേഖപ്പെടുത്താനാണ് ഇത്. എന്നാല്‍, സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആയുധം കൈവശം വയ്ക്കാം. അനുവദിക്കപ്പെട്ടവര്‍ക്കു മാത്രം ആയുധം കൈവശംവച്ച് പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കാം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്.

മോക്‌പോള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധു
വോട്ടെടുപ്പിന് മുമ്പായി മോക്‌പോള്‍ ആരംഭിക്കും. മോക്‌പോള്‍ നടന്നിട്ടില്ലെങ്കില്‍ പോളിംഗ് നടന്നിട്ടില്ലെന്ന് കണക്കാക്കും. പോളിംഗ് ഏജന്റുമാര്‍ ആരുമില്ലെങ്കില്‍ 15 മിനിറ്റ് കൂടി കാത്തിരിക്കും. ആരും വന്നില്ലെങ്കില്‍ വിവരം സെക്ടര്‍ ഓഫീസറെ അറിയിച്ച് മോക്‌പോള്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ രേഖപ്പെടുത്തണം. രാവിലെ 5.30 ന് മോക് പോള്‍ ആരംഭിക്കും.

തിരിച്ചറിയല്‍ രേഖയായി ഇവ ഉപയോഗിക്കാം
നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന്‍ പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ ദിവസം വോട്ടിംഗിനായി ഉപയോഗിക്കാം. 12 തിരിച്ചറിയല്‍ രേഖകളാണ് അംഗീകരിച്ചിട്ടുള്ളത്. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ പതിച്ച സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് (കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖല സ്ഥാപനങ്ങളുടെയോ), ബാങ്ക്, പോസ്റ്റോഫീസ് പാസ്ബുക്ക്, പാന്‍കാര്‍ഡ്, എന്‍.പി.ആറിന്റെ കീഴില്‍ ആര്‍.ജി.ഐ. വിതരണം ചെയ്ത സ്മാര്‍ട് കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട് കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ രേഖകള്‍, എം.പി, എം.എല്‍.എ, എം.എല്‍.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ ഫോട്ടോ പതിച്ച അംഗീകൃത വോട്ടര്‍ സ്ലിപ്പ് ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിട്ടില്ല.

വിവിപാറ്റും ഹരിതചട്ടവും
ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വി.വി. പാറ്റ് അടക്കമുള്ള സംവിധാനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജ്ജമാക്കുന്നത്. പോളിംഗ് ബൂത്തുകളില്‍ കര്‍ശനമായി ഹരിത ചട്ടം പാലിക്കും. മഴ പെയ്താല്‍ വോട്ടര്‍മാര്‍ നനയാതിരിക്കാന്‍ ഷീറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ബൂത്തുകളില്‍ ഒരുക്കും. കുടിവെള്ള വിതരണം, മൂലയൂട്ടല്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സൗകര്യം, പ്രായമായവര്‍ക്ക് വിശ്രമ സൗകര്യം തുടങ്ങിയവയും പോളിംഗ് ബൂത്തുകളില്‍ ഒരുക്കും.

അനുമതിയില്ലാത്ത പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി ലഭിച്ചിട്ടില്ലാത്ത പരസ്യങ്ങള്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി ആരും തന്നെ മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം. ചട്ടലംഘനം ഗൗരവമായി കാണുകയും ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

വോട്ട് ചെയ്യുന്നത് മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുത്
ഒരു വോട്ടര്‍ തന്റെ വോട്ടവകാശം വിനിയോഗിക്കുന്നത് ക്യാമറയില്‍ പകര്‍ത്താതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. വോട്ടവകാശത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തരുത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കംപാര്‍ട്ട്മെന്റിന്റെ അടുത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ പോകാന്‍ പാടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളുള്ള മാധ്യമ പ്രവര്‍ത്തകരെ മാത്രമേ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. ഈ തിരിച്ചറിയല്‍ രേഖകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ പരിശോധിച്ച് ഉറപ്പാക്കും. ഒരേ സമയം കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പോളിംഗ് സ്റ്റേഷനിലെ സ്ഥലസൗകര്യം, വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നവരുടെ തിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും പ്രിസൈഡിംഗ് ഓഫീസര്‍ തീരുമാനം എടുക്കുക. ഇക്കാര്യത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കാണ് പൂര്‍ണ ചുമതല.

പുറത്തുനിന്നുള്ളവര്‍ പത്തനംതിട്ട മണ്ഡലം വിട്ട് പോകണം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ട ജില്ലയില്‍ എത്തിയ പുറത്തുനിന്നുള്ളവരും ഇവിടത്തെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരുമായ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും, മണ്ഡലംവിട്ട് പുറത്തുപോകണമെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം കഴിഞ്ഞാല്‍ ഇവര്‍ ഉടന്‍തന്നെ മണ്ഡലം വിട്ട് പുറത്തുപോകേണ്ടതാണ്. മണ്ഡലത്തില്‍ സമാധാനപരവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനായാണ് ഈ നിര്‍ദേശം. ഇക്കാര്യം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പോലീസ് അധികൃതര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെയും
മൈക്രോ ഒബ്സര്‍വര്‍മാരുടെയും റാന്‍ഡമൈസേഷന്‍ നടത്തി
ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റിലാണ് മൂന്നാം ഘട്ട റാന്‍ഡ മൈസേഷന്‍ നടന്നത്. മൂന്നാം റാന്‍ഡമൈസേഷനില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്ത് നിയമിച്ചു നല്‍കി. റിസര്‍വ് ഉള്‍പ്പടെ 7420 പേരുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി.
മൈക്രോ ഒബ്സര്‍വര്‍മാരുടെ റാന്‍ഡമൈസേഷനും നടത്തി. അഞ്ചു മണ്ഡലങ്ങളിലായി 147 പേരെയാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ 29 പേര്‍, റാന്നി-29, ആറന്മുള-35, കോന്നി -28, അടൂര്‍-28 എന്നിങ്ങനെയാണ് ആളുകളെ നിയോഗിച്ചിരിക്കുന്നത്. വോട്ടെടുപ്പ് സുതാര്യവും നിഷ്പക്ഷമായും കൃത്യമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്‌സര്‍വരുടെ പ്രധാന ചുമതല. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിച്ചിട്ടുളളത്.
പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ സുരേഷ് കുമാര്‍ വസിഷ്ട്,
റാന്നി, കോന്നി നിയമസഭാ മണ്ഡലങ്ങളുടെ പുതിയ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡി.ഡി. കപാഡിയ, ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *