കോവിഡ് 19 മായി ബന്ധപ്പെട്ട നിബന്ധനകളും മറ്റും നടപ്പില്‍ വരുത്തുന്നത് ലക്ഷ്യമാക്കി രൂപീകരിച്ച കോവിഡ് സെല്‍ വിപുലീകരിച്ചു. ഇതുപ്രകാരം പോലീസ് കോവിഡ് സെല്ലിന്റെ പ്രവര്‍ത്തന മേല്‍നോട്ട ചുമതല മൂഴിയാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി ഗോപകുമാറിനെ ഏല്പിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡ് എന്‍ഫോഴ്സ്മെന്റ് മോണിറ്ററിങ് ടീമിനെ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ് നയിക്കും. കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച ദൈനംദിന വിവരശേഖരണം, പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെടുക്കുന്ന കേസുകള്‍, പെറ്റി കേസുകള്‍, നല്‍കുന്ന നോട്ടീസുകള്‍, വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍, വാക്‌സിനേഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും വേണ്ട ക്ഷേമപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍, നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങള്‍, കോവിഡ് പോസിറ്റീവ് ആയവരുടെയും, പ്രാഥമിക സാമ്പര്‍ക്കത്തില്‍ വരുന്നവരുടെയും ലിസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ക്വാറന്റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നത് സംബന്ധിച്ച കാര്യങ്ങളുടെ ശേഖരണം ഒരു എസ്.ഐ യെ ഏല്പിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളെപ്പറ്റിയുള്ള വിവരങ്ങള്‍, ഇവരില്‍ പോസിറ്റീവ് ആയവരെത്ര, ക്വാറന്റീനിലുള്ളവര്‍ എത്ര തുടങ്ങിയ കണക്കുകള്‍ ഒരു എസ്‌ഐ ശേഖരിക്കും. തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ ക്ഷേമമുറപ്പാക്കല്‍, ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കല്‍, കണ്‍ട്രോള്‍ റൂം രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ക്കും പോലീസുദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കോവിഡ് രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും
ക്ഷേമം ഉറപ്പാക്കി പോലീസ്
കോവിഡ് രോഗികളുടെയും, ക്വാറന്റീനില്‍ കഴിയുന്നവരുടെയും ക്ഷേമം ഉറപ്പാക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ സേവനം തേടി പോലീസ്. കോവിഡ് പോസിറ്റീവ് ആയവരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരുടെ ക്ഷേമം ഉറപ്പാക്കാനും നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു.
കോവിഡ് പ്രതിരോധത്തില്‍ പൊതുജനപങ്കാളിത്തം കൂടി ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് നടപടി. കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കള്‍ എത്തിക്കുക, അടിയന്തര സന്ദര്‍ഭങ്ങളില്‍ ആശുപത്രിയിലേക്കും മറ്റുമുള്ള യാത്രയ്ക്കുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയ സേവനങ്ങള്‍ ഉറപ്പാക്കും. ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ചികിത്സയും പരിചരണവും കിട്ടുമ്പോള്‍, വീടുകളില്‍ കഴിയുന്നവര്‍ക്ക് പിന്തുണയും സഹായവും നല്‍കാന്‍ സമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണ് എന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നടപടി.
കണ്ടെയ്ന്‍മെന്റ് സോണുകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിനുവേണ്ട നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായും വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്‍ അതത് പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ മാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പോലീസ് സ്റ്റേഷന്‍ തലത്തില്‍ വോളണ്ടിയര്‍മാരുടെ ലിസ്റ്റ് ശേഖരിക്കാനും, രോഗികളുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും ക്ഷേമവും, അവര്‍ക്ക് വേണ്ട അവശ്യവസ്തുക്കളുടെ വിതരണവും ഉറപ്പാക്കാനും മറ്റുമായി ജില്ലാ സി ബ്രാഞ്ചിലെ ഒരു എസ്.ഐ യെയും രണ്ടു പോലീസുദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെ ലിസ്റ്റ് ശേഖരിച്ചുവരികയാണെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ
കര്‍ശന നടപടി തുടരും
കോവിഡിന്റെ അതിതീവ്ര വ്യാപനം തടയുന്നതിന് ഏര്‍പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശനനടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി. അനാവശ്യ യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ല.
കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവരുടെ യാത്രക്ക് തടസമില്ല. അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ നോക്കാന്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയുടെ നീക്കം സുഗമമാക്കാന്‍ വേണ്ടത് ചെയ്യും. ക്വാറന്റീന്‍ ലംഘനം കണ്ടെത്തുന്നതിനും, ബോധവല്‍ക്കരണം നടത്തുന്നതിനുമായി വനിതാ പോലീസുദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്. പൊതുസ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും, മാര്‍ക്കറ്റിലും മറ്റ് കച്ചവടസ്ഥാപനങ്ങളിലും രണ്ടു മീറ്റര്‍ അകലം പാലിക്കാതിരിക്കുന്നതും തടഞ്ഞു നിയമനടപടി കൈക്കൊള്ളുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 103 കേസുകളിലായി 103 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 798 ആളുകള്‍ക്കെതിരെ പെറ്റികേസ് എടുത്തു, സാമൂഹിക അകലം പാലിക്കാത്തതിന് 562 പേര്‍ക്കെതിരെ പെറ്റികേസ് ചാര്‍ജ് ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.