അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും നിയമന ശുപാർശ ലഭ്യമായ 888 പേർക്കും ജോലിയിൽ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ് നിയമനം. ജൂലൈ 15 മുതൽ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം.
സർക്കാർ വിദ്യാലയങ്ങളിൽ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയർ സെക്കൻഡറി അധ്യാപക (ജൂനിയർ) വിഭാഗത്തിൽ 579 പേരും സീനിയർ വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്റ് വിഭാഗത്തിൽ 224 പേരുമുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ മൂന്നു പേരും ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 501 പേരും യു.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 513 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281 പേരും ഉൾപ്പെടുന്നു.
നിയമന ശുപാർശ ലഭിച്ച 888 തസ്തികളിൽ ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്‌കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും ജോലിയിൽ പ്രവേശിക്കും.
സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്‌സേഷൻ തന്നെ 2021-22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താം. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.